കേരളത്തിൽ രണ്ടാം തരംഗം വൈകിയാണെത്തിയത്: ആരോഗ്യമന്ത്രി

post


കേരളത്തിൽ രണ്ടാം തരംഗം വൈകിയാണുണ്ടായതെന്നും ഇതിനെ ഫലപ്രദമായി നേരിടുന്നതിനുള്ള നടപടി കേരളം സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വീണാജോർജ് പറഞ്ഞു. കോവിഡ് അവലോകന യോഗത്തിൽ കേരളം സ്വീകരിച്ച നടപടികൾ വിശദീകരിക്കുകയായിരുന്നു.

ആശുപത്രികളിലെത്തുന്ന എല്ലാവർക്കും ചികിത്‌സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം പ്രവർത്തിച്ചത്. ആശുപത്രികൾക്ക് അമിത ഭാരം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിച്ചു. ഇതിനനുസരിച്ചുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോവിഡ് കേസുകൾ വർധിക്കുന്നതനുസരിച്ച് പരിശോധനകളും വർധിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതൽ ആർ. ടി. പി. സി. ആർ പരിശോധന കേരളം നടത്തുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളിലെ റാപ്പിഡ് റെസ്‌പോൺസ് ടീം കോണ്ടാക്ട് ട്രേസിംഗ് ഫലപ്രദമായി നടത്തുന്നു. ഇതുവരെ 2,32,397 പേർക്ക് ടെലിമെഡിസിൻ സഹായം ലഭ്യമാക്കി. പ്രായമായവർക്കും ഹൈറിസ്‌ക്ക് വിഭാഗത്തിലുള്ളവർക്കും തുടക്കത്തിൽ തന്നെ കൃത്യമായ മാനദണ്ഡം കേരളം നിശ്ചയിച്ചിരുന്നു. കോവിഡ് ജീനോം സീക്വൻസിങും സ്‌പൈക്ക് പ്രോട്ടീൻ സ്റ്റഡിയും കേരളം നടത്തുന്നുണ്ടെന്ന് മന്ത്രി കേന്ദ്ര സംഘത്തെ അറിയിച്ചു.

ഓണക്കാലത്ത് കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവരെ പ്രത്യേകം നിരീക്ഷിക്കണം. കേരളത്തിലെ ആരോഗ്യ പ്രവർത്തകരിൽ 90 ശതമാനം പേർക്കും ആദ്യ ഡോസ് വാക്‌സിൻ ലഭിച്ചു. ദേശീയതലത്തിൽ ഇത് 88 ശതമാനമാണ്. രണ്ടാം ഡോസ് വാക്‌സിൻ കേരളത്തിലെ 74 ശതമാനം ആരോഗ്യ പ്രവർത്തകർക്ക് ലഭിച്ചു. ദേശീയ ശരാശരി 68 ശതമാനമാണ്. 18 വയസിന് മുകളിലുള്ള 58 ശതമാനം പേർക്ക് കേരളം ആദ്യ ഡോസ് വാക്‌സിൻ നൽകി. ദേശീയ ശരാശരി 44 ശതമാനമാണ്. ഈ വിഭാഗത്തിൽ 23 ശതമാനം പേർക്ക് കേരളം രണ്ടാം ഡോസ് നൽകിയപ്പോൾ ദേശീയ ശരാശരി 12 ശതമാനമാണ്. അറുപത് വയസിന് മുകളിലുള്ള 92 ശതമാനം പേർക്ക് കേരളം ആദ്യ ഡോസ് വാക്‌സിൻ നൽകി. ദേശീയ ശരാശരി 58 ശതമാനം. രണ്ടാം ഡോഡ് 52 ശതമാനം പേർക്കും നൽകി. 52 ശതമാനം സ്ത്രീകൾക്ക് കേരളം ആദ്യ ഡോസ് വാക്‌സിൻ നൽകി. ദേശീയ ശരാശരി 48 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പറഞ്ഞു.

കേരള ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ടി. കെ. ജോസ്. ശാരദ മുരളീധരൻ, ഡോ. എ. ജയതിലക്, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ, ആയുഷ് സെക്രട്ടറി ഷർമിള മേരി ജോസഫ്, എൻ. എച്ച്. എം ഡയറക്ടർ രത്തൻ ഖേൽക്കർ, മുഖ്യമന്ത്രിയുടെ സെക്രട്ടറി മിർ മുഹമ്മദ്അലി,  എൻ. സി. ഡി. സി ഡയറക്ടർ ഡോ. സുജീത് സിംഗ്, ൻ. സി. ഡി. സി കോഴിക്കോട് അഡീഷണൽ ഡയറക്ടർ ഡോ. കെ. രഘു,  ആർ. സി. എച്ച് അഡൈ്വസർ ഡോ. പ്രദീപ് ഹൽദാർ, ആരോഗ്യ മന്ത്രാലയം ഡി. എം. സെൽ മുൻ ഡിഡിജി ഡോ. പി. രവീന്ദ്രൻ, പൊതുജനാരോഗ്യ വിദഗ്ധ ഡോ. രുചി ജെയിൻ, കേരളത്തിലെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.