മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
കോവിഡ് കേസുകളുടെ കാര്യത്തിൽ ആശ്വാസകരമായ സ്ഥിതിയാണ്. ഇന്ന് 17,681 പേര്‍ക്കണ് രോഗബാധ സ്ഥിരീകരിച്ചത്. 97,070 പരിശോധന നടന്നു. 208 മരണങ്ങളുണ്ടായി. ഇപ്പോള്‍ 1,90,750 പേരാണ് ചികിത്സയിലുള്ളത്
നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞതിനാലും കോഴിക്കോട്ട് കണ്ടെയിന്‍മെന്‍റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് കണ്ടൈയിന്‍മെന്‍റായി തുടരും. രോഗലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ തന്നെ കഴിയേണ്ടതാണ്.
കണ്ടെയിന്‍മെന്‍റ് സോണില്‍ നിര്‍ത്തിവച്ചിരുന്ന കോവിഡ് വാക്സിനേഷന്‍ പുനരാരംഭിച്ചിട്ടുണ്ട്.
കോവിഡില്‍ ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ഉള്ളത്. സംസ്ഥാനത്തെ കോവിഡ് വാക്സിനേഷനില്‍ നിര്‍ണായക ഘട്ടം കൂടി പിന്നിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 80.17 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിന്‍ (2,30,09,295) നല്‍കാന്‍ കഴിഞ്ഞു. 32.17 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (92,31,936) നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ മൂന്ന് കോടിയിലധികം (3,22,41,231) ഡോസ് വാക്സിന്‍ നല്‍കാനായി. കോവിഡിനെതിരായ പ്രതിരോധം ശക്തമാക്കുമ്പോള്‍ പരമാവധി ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കി സംരക്ഷിക്കുകയാണ് പ്രധാനം. ആ ലക്ഷ്യത്തില്‍ 80 ശതമാനം കവിഞ്ഞു എന്നത് നിര്‍ണായകമാണ്.
18 വയസിന് മുകളിലുള്ള ബാക്കിയുള്ളവര്‍ക്ക് കൂടി ഈ മാസത്തില്‍ തന്നെ വാക്സിന്‍ നല്‍കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. സെപ്റ്റംബര്‍ 8 മുതല്‍ 14 വരെയുള്ള കാലയളവില്‍, ശരാശരി കോവിഡ് ആക്ടീവ് കേസുകള്‍ 1,53,067 ആണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 42,998 കേസുകളും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ ടിപിആറിന്‍റെയും പുതുതായി ഉണ്ടായ കേസുകളുടെയും വളര്‍ച്ചാ നിരക്ക് യഥാക്രമം 6 ശതമാനവും 21 ശതമാനവും കുറഞ്ഞിട്ടുണ്ട്.
ഇന്നലെ വരെ 1,98,865 കോവിഡ് കേസുകളില്‍, 13.7 ശതമാനം രോഗികളാണ് ആശുപത്രി, ഡി.സി.സി., സി.എഫ്.എല്‍.ടി.സി., സി.എസ്.എല്‍.ടി.സി. എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളത്. ആകെ രോഗികളില്‍ 2 ശതമാനം പേര്‍ക്ക് മാത്രമേ ഈ കാലയളവില്‍ ഓക്സിജന്‍ കിടക്കകള്‍ വേണ്ടിവന്നിട്ടുള്ളൂ. ഒരു ശതമാനം മാത്രമേ ഐ.സി.യു.വിലുള്ളൂ.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യൂ.ഐ.പി.ആര്‍) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിനേഷന്‍ ഈ മാസത്തോടെ നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു മൂന്നു മാസങ്ങള്‍ക്കകം രണ്ടാം ഡോസ് വാക്സിനേഷനും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണിപ്പോള്‍ കരുതുന്നത്.
രോഗം ബാധിച്ച ശേഷം ആശുപത്രികളില്‍ വൈകി ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന ഉണ്ടാകുന്നുണ്ട്. ചികിത്സയ്ക്ക് താമസിച്ച് എത്തുന്നവരുടെ എണ്ണം 30 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു. ആഗസ്റ്റ് മാസത്തില്‍ അത് 22 ശതമാനമായിരുന്നു. ഇത്തരമൊരു പ്രവണത ആശാസ്യമല്ല. കോവിഡ് കാരണം മരണമടയുന്നവരില്‍ കൂടുതലും പ്രായാധിക്യമുള്ളവരും അനുബന്ധ രോഗങ്ങള്‍ ഉള്ളവരുമാണ്. തക്ക സമയത്ത് ചികിത്സ നേടിയാല്‍ വലിയൊരളവ് മരണങ്ങള്‍ കുറച്ചു നിര്‍ത്താന്‍ സാധിക്കും. എത്രയും പെട്ടെന്ന് ചികിത്സ നേടാന്‍ പ്രായാധിക്യമുള്ളവരും അനുബന്ധ രോഗമുള്ളവരും ശ്രദ്ധിക്കണം. അവരുടെ ബന്ധു മിത്രാദികളും ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. വാര്‍ഡ് തല കമ്മിറ്റികളും സക്രിയമായി ഇടപെടണം.
മരണമടഞ്ഞവരില്‍ വലിയൊരു ശതമാനം പേരും വാക്സിന്‍ എടുക്കാത്തവരായിരുന്നു. 60 വയസ്സിനു മുകളിലുള്ളവരില്‍ വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നവര്‍ ഇനിയുമുണ്ട്. ആവര്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിക്കണം.
വാക്സിന്‍ എടുക്കുന്നവര്‍ക്കും രോഗപ്പകര്‍ച്ച ഉണ്ടാകുന്നുണ്ട്. അതില്‍ ആശങ്കപ്പെടേണ്ടതില്ല. രോഗപ്പകര്‍ച്ചയും രോഗവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്. വാക്സിന്‍ എടുത്തവരില്‍ രോഗബാധ ഉണ്ടായാലും രോഗാവസ്ഥകള്‍ കടുത്തതാകില്ല. മരണ സാധ്യതയും വളരെ കുറവാണ്. വാക്സിന്‍ എടുത്തവരെ വൈറസ് ബാധിച്ചാല്‍ അവരില്‍ നിന്നും മറ്റുള്ളവരിലേയ്ക്ക് രോഗം പകരാന്‍ സാധ്യതയുണ്ട്. അതിനാല്‍ വാക്സിന്‍ എടുത്തവരും കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കാന്‍ ശ്രദ്ധിക്കണം.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സെറൊ പ്രിവലന്‍സ് പഠനം നടക്കുകയാണ്. എത്ര പേര്‍ക്ക് രോഗം വന്നു മാറി എന്നു മനസ്സിലാക്കാനാണ് ഈ പഠനം. കുട്ടികളിലും സെറോ പ്രിവലന്‍സ് പഠനം നടത്തുന്നുണ്ട്. രോഗവ്യാപനത്തിന്‍റെ തോതും സ്വഭാവവും മനസ്സിലാക്കാനും അതനുസരിച്ച് വാക്സിന്‍ വിതരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ കൃത്യതയോടെ നടപ്പിലാക്കാനും ഈ പഠനം സഹായകമാകും. ഈ മാസം അവസാനത്തോടെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
ക്വാറന്‍റയ്ന്‍ ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനായി പോലീസിന്‍റെ 16,575 സംഘങ്ങളെയാണ് കഴിഞ്ഞ ഒരാഴ്ച മാത്രം നിയോഗിച്ചത്. 1,45,308 വീടുകളില്‍ കഴിഞ്ഞയാഴ്ച പോലീസ് സന്ദര്‍ശനം നടത്തി. ക്വാറന്‍റയ്നില്‍ കഴിയുന്ന 3,40,781 പേരെയാണ് പോലീസിന്‍റെ മോട്ടോര്‍ സൈക്കിള്‍ സംഘം സന്ദര്‍ശിച്ച് വിവരങ്ങള്‍ അരാഞ്ഞത്. കഴിഞ്ഞയാഴ്ച
ക്വാറന്‍റയ്നില്‍ കഴിഞ്ഞ 3,47,990 പേരെ ഫോണില്‍ ബന്ധപ്പെട്ട് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. ക്വാറന്‍റയ്ന്‍ ലംഘിച്ച 1239 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
നൂറു ദിന പരിപാടി
സര്‍ക്കാരിന്‍റെ നൂറു ദിന പരിപാടി കോവിഡ് പ്രതിസന്ധിക്കിടയിലും മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെട്ട 1000 ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്.
140 നിയോജക മണ്ഡലങ്ങളിലായി 12,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡുകള്‍ നവീകരിക്കുന്നതിനായി 1000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതുവരെ ഭരണാനുമതി ലഭിച്ച 5093 പ്രവൃത്തികളില്‍ 4962 പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതിയും നല്‍കി. 4819 പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കാനും സാധിച്ചു. 4372 പ്രവൃത്തികള്‍ക്കാണ് കരാര്‍ ഉടമ്പടി വെച്ചിട്ടുള്ളത്.
നൂറു ദിന പദ്ധതികളുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 92 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെയും 48 സ്കൂള്‍ ലാബുകളുടെയും 3 ലൈബ്രറികളുടെയും ഉദ്ഘാടനം കഴിഞ്ഞദിവസം നിര്‍വ്വഹിച്ചു. അതോടൊപ്പം 107 പുതിയ കെട്ടിടങ്ങളുടെ പ്രവൃത്തി ഉദ്ഘാടനവും നടന്നു. പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയവയില്‍ കിഫ്ബിയുടെ 5 കോടി രൂപ ഉപയോഗിച്ച് പണികഴിപ്പിച്ച 11 സ്കൂള്‍ കെട്ടിടങ്ങളും 3 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച 23 സ്കൂള്‍ കെട്ടിടങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു. ബാക്കിയുള്ള 58 കെട്ടിടങ്ങള്‍ പ്ലാന്‍ ഫണ്ട്, എം.എല്‍.എ.ഫണ്ട്, സമഗ്രശിക്ഷാ ഫണ്ട്, മറ്റു ഫണ്ടുകള്‍ എന്നിവ വിനിയോഗിച്ചു പണിതവയാണ്. അങ്ങനെ 214 കോടിയോളം രൂപയാണ് മൊത്തം ചെലവഴിച്ചിരിക്കുന്നത്.
വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ മികച്ച സൗകര്യങ്ങള്‍ കുട്ടികള്‍ക്കായി ഒരുങ്ങുകയാണ്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നമ്മുടെ സമൂഹത്തിന്‍റെ പിന്തുണ എല്ലാവരും ഉറപ്പിക്കണം എന്നും അഭ്യര്‍ത്ഥിക്കുന്നു.
100ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 13,534 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. ആദ്യം 12000 പേര്‍ക്കാണ് പട്ടയം നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍, സാങ്കേതികത്വങ്ങള്‍ പരമാവധി ലഘൂകരിച്ചതുവഴി തീരുമാനിച്ചതിലും അധികം പേര്‍ക്ക് പട്ടയം നല്‍കാന്‍ സാധിച്ചു.
പാര്‍പ്പിടത്തോടൊപ്പം തന്നെ ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്കും ഭൂമി ലഭ്യമാക്കുക എന്നതാണ് എല്‍ഡിഎഫിന്‍റെ നയം. സാങ്കേതികതകളിലും നിയമക്കുരുക്കുകളിലും പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ടിരുന്ന ഒരു വലിയ വിഭാഗം ജനതയ്ക്ക് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പട്ടയം നല്‍കിയിരുന്നു. 1.75 ലക്ഷത്തോളം പട്ടയങ്ങളാണ് 2016 നും 2021 നുമിടയില്‍ വിതരണം ചെയ്തത്. അത് റെക്കോര്‍ഡായിരുന്നു.
ഈ സര്‍ക്കാരിന്‍റെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുക എന്നതാണ്.
നൂറുദിന പരിപാടിയുടെ റിവ്യൂ നടന്നിരുന്നു. 75,000 പേർക്ക് തൊഴിൽ നൽകാൻ തീരുമാനിച്ചതിൽ 68,195 പേർക്ക് നൽകി കഴിഞ്ഞു.