കലാലയങ്ങൾ സജ്ജം; കോവിഡിലും ലിംഗനീതിയിലും ജാഗ്രത വേണം: ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു

post


കലാലയങ്ങൾ സജ്ജം; കോവിഡിലും ലിംഗനീതിയിലും

ജാഗ്രത വേണം: ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു



തിരുവനന്തപുരം : വിദ്യാർത്ഥികളെ വരവേൽക്കാൻ എല്ലാ കലാലയങ്ങളും സജ്ജമാണെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. എല്ലായിടത്തും കോവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെടുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. കലാലയങ്ങളിൽ ലിംഗനീതി ഉറപ്പാക്കാൻ അധ്യാപകരുടെയും സ്ഥാപനമേധാവികളുടെയും ജാഗ്രതയുണ്ടാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു.  


വലിയൊരു കാലം ഉപയോഗിക്കപ്പെടാതെ കിടന്ന ലാബുകളും ലൈബ്രറികളും അടക്കം എല്ലാ ഇടങ്ങളും  ശുചീകരിച്ച് അണുവിമുക്തമാക്കി. സാനിറ്റൈസർ, ഹാൻഡ്‌വാഷ് തുടങ്ങിയവ ആവശ്യമുള്ള ഇടങ്ങളിലെല്ലാം ലഭ്യമാകും. ജനപ്രതിനിധികളുൾപ്പെട്ട കോവിഡ് ജാഗ്രതാ സമിതികളുടെ മേൽനോട്ടം ക്യാമ്പസുകളിലുണ്ടാവും. കോവിഡിനൊപ്പം ജീവിക്കേണ്ടി വരുന്നതിന്റെ ഗൗരവം വിദ്യാർത്ഥികളും ഉൾക്കൊള്ളണം.


ദീർഘനാൾ അടച്ചിട്ടനിലയിൽ ജീവിച്ചശേഷം വരുന്ന കുട്ടികളുടെ മാനസികാവസ്ഥ കോവിഡിനെക്കാൾ ആശങ്കാകരമാണ്. കോട്ടയത്തുണ്ടായ പോലുള്ള ദൗർഭാഗ്യകരമായ സംഭവങ്ങൾ ഒരു തരത്തിലും ആവർത്തിക്കാൻ പാടില്ല. നീതിനിഷേധം ഉണ്ടാവുന്നുവെന്ന തോന്നൽ പ്രത്യേകിച്ചും പെൺകുട്ടികളുടെ മാനസികനിലയെ കൂടുതൽ മോശമായി ബാധിക്കും. അതുണ്ടാവാതിരിക്കേണ്ട ഉത്തരവാദിത്തം സ്ഥാപനമേധാവികൾക്കുണ്ട്. പെൺകുട്ടികൾക്ക് പ്രത്യേക പരിരക്ഷ അവർ ഉറപ്പാക്കണം.


പുതിയൊരു ഘട്ടമാണ് ക്യാമ്പസുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുന്നതോടെ തുടങ്ങുന്നത്. ക്യാമ്പസുകൾ മതനിരപേക്ഷതയുടെയും ജനാധിപത്യപരമായ സംവാദങ്ങളുടെയും ഇടങ്ങളാക്കി നിലനിർത്തൽ പ്രധാനമാണ്. ഇതിൽ വിദ്യാർഥിസംഘടനകളുടെയും അക്കാദമിക് കമ്മ്യൂണിറ്റിയുടെയും ശ്രദ്ധവേണം - മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.