കോവിഡ് പ്രതിരോധത്തിന് ആരോഗ്യവകുപ്പിൽ 3770 താത്ക്കാലിക തസ്തികകൾ
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പിൽ എൻ.എച്ച്.എം. മുഖാന്തിരം 3770 താത്ക്കാലിക തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 704 ഡോക്ടർമാർ, 100 സ്‌പെഷ്യലിസ്റ്റുകൾ, 1196 സ്റ്റാഫ് നഴ്‌സുമാർ, 167 നഴ്‌സിംഗ് അസിസ്റ്റന്റുമാർ, 246 ഫാർമസിസ്റ്റുകൾ, 211 ലാബ് ടെക്‌നീഷ്യൻമാർ, 292 ജെ.എച്ച്.ഐ.മാർ, 317 ക്ലീനിംഗ് സ്റ്റാഫുകൾ തുടങ്ങി 34 ഓളം വിവിധ തസ്തികളാണ് സൃഷ്ടിച്ചത്. 1390 പേരെ ഇതിനോടകം തന്നെ നിയമിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ജില്ലകളിലെ ആവശ്യകതയനുസരിച്ച് നിയമിച്ചു വരുന്നു.
നേരത്തെ 276 ഡോക്ടർമാരെ പി.എസ്.സി വഴി അടിയന്തരമായി നിയമിച്ചിരുന്നു. കാസർഗോഡ് മെഡിക്കൽ കോളേജ് ആശുപത്രിക്കായി 273 തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തുന്നുണ്ട്. 980 ഡോക്ടർമാരെ മൂന്ന് മാസക്കാലയളവിലും നിയമിച്ചു. അഡ്‌ഹോക്ക് നിയമനവും നടത്തി. ഇതുകൂടാതെയാണ് താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നത്.