വിമാനത്താവളങ്ങളില്‍ പ്രവേശനം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രം

post

ലോക്ഡൗണ്‍ മൂലം വിദേശങ്ങളില്‍ കുടുങ്ങിപ്പോയവര്‍ വിവിധ വിമാനത്താവളങ്ങളില്‍ ഇന്നുമുതല്‍ എത്തുമ്പോള്‍ പൊതുജനങ്ങള്‍ ഉള്‍പ്പെടെ മറ്റ് ആര്‍ക്കും തന്നെ വിമാനത്താവളങ്ങളിലോ പരിസരത്തോ പ്രവേശനം അനുവദിക്കുന്നതല്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ വിമാനത്താവളങ്ങളിലും പരിസരത്തും പ്രവേശനം അനുവദിക്കൂ. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സുരക്ഷാനടപടികളും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാത്തരം സുരക്ഷാ പ്രോട്ടോക്കോളും പാലിച്ചുതന്നെയാണ് ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളില്‍ നിയോഗിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.വീടുകളില്‍ നിരീക്ഷണത്തിനായി അയയ്ക്കുന്ന ഗര്‍ഭിണികളെയും കുട്ടികളെയും കൂട്ടിക്കൊണ്ടുപോകാന്‍ ഒരു ബന്ധുവിന് മാത്രമേ വിമാനത്താവളത്തില്‍ പ്രവേശനാനുമതി ഉണ്ടാകൂ. അവര്‍ എല്ലാവിധ സുരക്ഷാ പ്രോട്ടോക്കോളും സാമൂഹിക അകലവും പാലിക്കേണ്ടതാണ്.അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്നുളള പ്രവാസികളാണ് ഇന്ന് രാത്രി നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ എത്തുന്നത്. ഡി.ഐ.ജി കാളിരാജ് മഹേഷ്‌കുമാറും രണ്ട് എസ്.പിമാരുമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷയ്ക്ക് നേതൃത്വം നല്‍കുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡി.ഐ.ജി എസ്.സുരേന്ദ്രനും രണ്ട് എസ്.പിമാരും നേതൃത്വം നല്‍കുന്ന പോലീസ് സംഘം ഉണ്ടാകും.