രണ്ട് വിമാനങ്ങൾ, ഒരു കപ്പൽ; ഇന്നും നാളെയും കൊച്ചിയിൽ എത്തുക ആയിരത്തിലധികം പ്രവാസികൾ

post

കൊച്ചിയിൽ ഇന്നും നാളെയുമായി എത്തുക ആയിരത്തിലധികം പ്രവാസികൾ. രണ്ട് വിമാനങ്ങളിലും ഒരു കപ്പലിലുമായാണ് പ്രവാസികൾ സ്വന്തം രാജ്യത്തേക്ക് മടങ്ങി എത്തുന്നത്. ഇവരെ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം വിപുലമായ തയ്യാറെടുപ്പാണ് സ്വീകരിച്ചിരിക്കുന്നത്. പ്രവാസികളെ നാട്ടിലെത്തിക്കാൻ കേരളത്തിൽ നിന്നു ഇന്ന് രണ്ട് എയർഇന്ത്യ വിമാനങ്ങൾ യാത്രതിരിക്കും. കുവൈറ്റ്, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ പറക്കുന്നത്. കുവൈറ്റിലേക്കുള്ള വിമാനം കൊച്ചിയിൽ നിന്ന് രാവിലെ പത്തിന് പുറപ്പെടും. ഈ വിമാനം രാത്രി 9.15ന് കൊച്ചിയിൽ മടങ്ങിയെത്തും. മസ്‌കറ്റ് വിമാനം ഉച്ചയ്ക്ക് 01.00 ന് കൊച്ചിയിൽ നിന്നു യാത്രതിരിക്കും. രാത്രി 8.50ന് തിരിച്ചെത്തും. 

മാലിദ്വീപിലെ പ്രവാസികളുമായുള്ള ആദ്യ കപ്പൽ ഐ.എൻ.എസ് ജലാശ്വ നാളെ തീരം തൊടും. രാവിലെ 10.30ഓടെ കൊച്ചി തുറമുഖത്ത് കപ്പൽ എത്തിച്ചേരും. ഇന്നലെ രാത്രിയാണ് കപ്പൽ മാലിദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് തിരിച്ചത്. ലോക്ക് ഡൗണിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ നാവികസേന അയച്ച രണ്ടുകപ്പലുകളിൽ ആദ്യത്തേതാണിത്. 18 ഗർഭിണികളും 14 കുട്ടികളും ഉൾപ്പടെ 698 യാത്രക്കാരാണ് കപ്പലിലുള്ളത്. വ്യാഴാഴ്ചയാണ് കപ്പൽ മാലി തുറമുഖത്തെത്തിയത്. മാലി എയർപോർട്ടിൽ സുരക്ഷാ പരിശോധനകൾക്കു ശേഷമാണ് യാത്രക്കാരെ തുറമുഖത്തെത്തിച്ചത്. മലയാളികൾക്കൊപ്പം ഇതരസംസ്ഥാനങ്ങളിലുളളവരും കപ്പലിലുണ്ട്. മാലി വിമാനത്താവളത്തിൽ ഒരു ദിവസം നീണ്ടു നിന്ന നടപടികൾക്ക് ശേഷമാണ് യാതക്കാരെ ബസിൽ തുറമുഖത്തേക്ക് എത്തിച്ചത്. നാവികസേനയുടെ തന്നെ ഐ.എൻ.എസ് മഗർ എന്ന കപ്പൽ കൂടി മാലിദ്വീപിൽ എത്തുന്നുണ്ട്. വിശദപരിശോധനയ്ക്ക് ശേഷം ഇവരെ ജില്ലാ ഭരണകൂടം തയ്യാറാക്കിയ ക്വാറൈന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റും.