ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ : ആവശ്യസേവനങ്ങൾക്ക് ഇളവ്
ഞായറാഴ്ച സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗൺ പൂർണമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവശ്യസേവന വിഭാഗങ്ങൾക്ക് ഇളവുകളുണ്ട്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ, പാൽവിതരണവും സംഭരണവും, പത്രങ്ങൾ, മാധ്യമങ്ങൾ, ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, മെഡിക്കൽ ലാബുകൾ, അനുബന്ധ സേവനങ്ങൾ, കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വകുപ്പുകളും ഏജൻസികളും, മാലിന്യ നിർമാർജന ഏജൻസികൾ, തുടർച്ചയായി പ്രവർത്തിക്കേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥാപനങ്ങൾ, ചരക്കു വാഹനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.
ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾക്ക് പ്രവർത്തിക്കാം. രാവിലെ 8 മുതൽ രാത്രി 9 വരെയാണ് പ്രവർത്തനം അനുവദിക്കുന്നത്. രാത്രി 10 മണി വരെ ഓൺലൈൻ ഡെലിവറി അനുവദിക്കും. വിവാഹങ്ങളും ശവസംസ്കാരങ്ങളും ഒഴികെ ഒരു സാമൂഹിക ഒത്തുചേരലും അനുവദനീയമല്ല. മെഡിക്കൽ ആവശ്യങ്ങൾക്കും കോവിഡ് 19 പ്രതിരോധ പ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, ആരാധനാലയങ്ങളിൽ അനുഷ്ഠാനങ്ങൾ നടത്താൻ ഉത്തരവാദിത്തമുള്ള വ്യക്തികൾ എന്നിവർക്കും മേൽ സൂചിപ്പിച്ച അനുവദനീയമായ കാര്യങ്ങൾക്കായി പ്രവർത്തിക്കുന്നവർക്കും സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കും. നടത്തവും സൈക്ലിംഗും ചെയ്യുന്നതിന് തടസ്സമില്ല. അടിയന്തര സാഹചര്യത്തിൽ യാത്ര ചെയ്യേണ്ടി വന്നാൽ ജില്ലാ അധികാരികളിൽ നിന്നോ പോലീസിൽ നിന്ന് പാസ് വാങ്ങണം.