അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് : ഭക്ഷണപൊതികളുമായി യാത്രയാക്കി കേരളം

post

സംസ്ഥാനത്ത് ജോലി ചെയ്തിരുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള അതിഥി തൊഴിലാളികള്‍ സ്വദേശത്തേക്ക് മടങ്ങി തുടങ്ങി. പെരുമ്പാവൂര്‍, മൂവാറ്റുപുഴ മേഖലയില്‍ താമസിച്ച് ജോലിചെയ്തിരുന്ന അതിഥി തൊഴിലാളികളും കുടംുബങ്ങളുമാണ് ജന്മനാട്ടിലേക്ക് മടങ്ങിയത്. 1200 ഓളം ഒഡിഷ സ്വദേശികളാണ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക നോണ്‍-സ്‌റ്റോപ്പ് തീവണ്ടിയില്‍ മടങ്ങിയത്. കേരളത്തില്‍ നിന്നും അതിഥി തൊഴിലാളികളെയും കൊണ്ടുളള ആദ്യത്തെ തീവണ്ടിയാണ് മെയ് 1 ന് തിരിച്ചത്.

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ കേരളത്തില്‍ തുടര്‍ന്ന ഇവര്‍ക്ക് സര്‍ക്കാര്‍ ഭക്ഷണസാധനങ്ങളും താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിരുന്നു. എറണാകുളം ആലുവ സ്റ്റേഷനില്‍ നിന്നും ഭുവനേശ്വറിലേക്കാണ് ആദ്യ ട്രെയിന്‍ പുറപ്പെട്ടത്. താമസസ്ഥലത്തുനിന്നും കെഎസ്ആര്‍ടിസി ബസുകളിലാണ് യാത്രക്കാരെ സ്റ്റേഷനിലെത്തിച്ചത്. കോവിഡ് പരിശോധന പൂര്‍ത്തിയാക്കി തിരിച്ചറിയല്‍ രേഖ ഉറപ്പാക്കിയശേഷമാണ് ആലുവ സ്റ്റേഷനില്‍ എത്തിച്ചത്.

34 മണിക്കൂര്‍ നീളന്ന യാത്രയില്‍ വിശപ്പടക്കാന്‍ ഭക്ഷണപൊതികള്‍ നല്‍കിയാണ് തൊഴിലാളികളെ ജില്ലാഭരണകൂടം യാത്രയാക്കിയത്. വൈകുന്നേരം 7 മണിക്ക് ട്രെയിന്‍ പുറപ്പെടുമെന്നാണ് പറഞ്ഞിരുന്നെങ്കിലും പരിശോധനയും സുരക്ഷയും മറ്റും ഉറപ്പാക്കി രാത്രി 10 മണിയോടെയാണ് ട്രെയിന്‍ പുറപ്പെട്ടത്.

ട്രെയിനില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നറിയാന്‍ ഒരു കോച്ചില്‍ രണ്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ യാത്രയിലുടനീളം ഉണ്ടാകും. ട്രെയിന്‍ ഭുവനേശ്വറില്‍ എത്തിയാല്‍ സ്വന്തം വീട്ടിലേക്ക് എത്താന്‍ ഒഡീഷ സര്‍ക്കാര്‍ സഹായിക്കും.