ഹോം ക്വാറന്റൈൻ: നിരീക്ഷണത്തിലുള്ളവരും വീട്ടുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

post

സംസ്ഥാനത്തിന് പുറത്തുള്ള മലയാളികൾ കൂടുതലായി എത്തുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും കേരളം ഏറ്റവും ഫലപ്രദമായി ഹോം ക്വാറന്റൈൻ നടപ്പാക്കിയിരുന്നു. അതിനാൽ തന്നെ വീട്ടിലെ നിരീക്ഷണത്തിലുള്ളവരും കുടുംബാംഗങ്ങളും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. സംശയങ്ങളുള്ളവർ ദിശ 1056, 0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

ഹോം ക്വാറന്റൈനിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. ക്വാറന്റൈനിലുള്ള വ്യക്തി വീട്ടിനുള്ളിൽ പ്രത്യേക ശുചിമുറിയോടു കൂടിയ മുറിയിൽ താമസിക്കണം. ആ മുറിയോ ശുചിമുറിയോ ക്വാറന്റൈൻ കാലാവധി കഴിയും വരെ മറ്റാരും ഉപയോഗിക്കരുത്.

2. ക്വാറന്റൈനിലുള്ള വ്യക്തിയുമായോ അദ്ദേഹം ഉപയോഗിക്കുന്ന വസ്തുക്കളുമായോ ഒരു സാഹചര്യത്തിലും വീട്ടിലെ മുതിർന്ന വ്യക്തികൾ, ഹൈപ്പർ ടെൻഷൻ, ദീർഘകാല പ്രമേഹം, ഹൃദ്രോഗം, കിഡ്നി, കരൾ രോഗം, ദീർഘകാല ശ്വാസകോശ രോഗങ്ങൾ ആസ്മ തുടങ്ങിയവ, രോഗപ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവർ എന്നിവർ സമ്പർക്കത്തിൽ ഏർപ്പെടരുത്.

3. ക്വാറന്റൈനിലുള്ള വ്യക്തിയെ സഹായിക്കുന്നവരുംപരിചരിക്കുക്കുന്നവരും 18നും 50നും വയസിനിടയ്ക്കുള്ള പൂർണ ആരോഗ്യവാനും മറ്റ് അസുഖങ്ങൾ ഒന്നും ഇല്ലാത്തയാളുമായിരിക്കണം.

വീടിനുള്ളിൽ നിരീക്ഷണത്തിലുള്ളവർ താമസിക്കുന്ന മുറി

1. ശുചിമുറികൾ അനുബന്ധമായ മുറികളാണ് രോഗികൾക്ക് വേണ്ടി തെരഞ്ഞെടുക്കേണ്ടത്.

2. നല്ലരീതിയിൽ വായു സഞ്ചാരമുള്ളതും എ.സി. ഇല്ലാത്തതുമായിരിക്കണം.

3. മുറിയിലെ ജനാലകൾ വായു സഞ്ചാരത്തിനായി തുറന്നിടണം.

വീടിനെ സംബന്ധിച്ച പൊതുനിബന്ധനകൾ

1. രോഗി താമസിക്കുന്ന വീട്ടിൽ സന്ദർശകർ പാടില്ല.

2. രോഗി താമസിക്കുന്ന വീട്ടിലെ അംഗങ്ങൾ എല്ലാവരും സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ അനുമതിയോടെ മാത്രമേ പുറത്ത് പോകാൻ പാടുള്ളു.

3. ഇവർ ഹാൻഡ് വാഷ്, മാസ്‌ക് എന്നിവ വീട്ടിനുള്ളിൽ ഉപയോഗിക്കേണ്ടതും സാമൂഹ്യ അകലം പാലിക്കേണ്ടതുമാണ്.

ക്വാറന്റൈനിലുള്ള വ്യക്തി സ്വീകരിക്കേണ്ട മുൻകരുതലുകൾ

1. ക്വാറന്റൈനിലുള്ള വ്യക്തി മുറിയിൽ തന്നെ തുടരണം.  ഭക്ഷണം കഴിക്കുന്നതിനുപോലും പുറത്ത് വരരുത്. ആഹാരശേഷം അവർ ഉപയോഗിച്ച പാത്രങ്ങൾ സ്വയം കഴുകി വൃത്തിയാക്കണം.  പാത്രങ്ങൾ മുറിയ്ക്ക് പുറത്ത് സൂക്ഷിക്കണം.

2. ക്വാറന്റൈനിലുള്ള വ്യക്തിയുടെ എല്ലാ വസ്തുക്കളും ആ വ്യക്തി തന്നെ കൈകാര്യം ചെയ്യണം. യാതൊരു കാരണവശാലും മറ്റൊരു വ്യക്തി അവ കൈകാര്യം ചെയ്യരുത്.

3. കുടുംബത്തിലെ മറ്റ് അംഗങ്ങൾ ആരും ഈവ്യക്തി ഉപയോഗിക്കുന്ന മുറിയിൽ പ്രവേശിക്കരുത്. രോഗിയെ പരിചരിക്കുന്ന ആൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം മുറിയിൽ പ്രവേശിക്കാം..

4. മൂക്കും വായും മാസ്‌ക് ഉപയോഗിച്ച് മറയ്ക്കണം.  (പ്രത്യേകിച്ച് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും)

5. ക്വാറന്റൈനിലുള്ള വ്യക്തി രണ്ട് മീറ്ററിനുള്ളിൽ മറ്റൊരു വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെടരുത്.

6. ആരോഗ്യ വകുപ്പ് അധികൃതരുടെ ഫോൺ കോളുകൾക്ക് കൃത്യമായ മറുപടി നൽകണം. ഇവരോടുതന്നെ സംശയനിവാരണം നടത്തണം.

7. ചെറിയ രീതിയിലുള്ള രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോൾ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുമായി ഫോണിൽ ബന്ധപ്പെടണം.

8. യാതൊരു കാരണവശാലും ആരോഗ്യ വകുപ്പധികൃതരുടെ അനുമതിയില്ലാതെ ചികിത്സയ്ക്ക് ആണെങ്കിൽ പോലും വീടിനു പുറത്ത് പോകരുത്.

ക്വാറന്റൈനിലുള്ള വ്യക്തിയെ പരിചരിക്കുന്നവർ ശ്രദ്ധിക്കേണ്ടത്

1. പരിചരിക്കുന്നവർ ഒരു കാരണവശാലും വീട് വിട്ട് പുറത്ത് പോകരുത്.

2. ഇവർ മറ്റ് കുടുംബാംഗങ്ങളെ പരിചരിക്കരുത്.

3. ക്വാറന്റൈനിലുള്ള വ്യക്തി താമസിക്കുന്ന മുറിയിൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ പരിചരിക്കുന്ന വ്യക്തി കയറാൻ പാടുള്ളു.

4. അങ്ങനെ കയറുന്ന സന്ദർഭങ്ങളിൽ സർജിക്കൽ മാസ്‌കും ഗ്ലൗസും ഉചിതമായ രീതിയിൽ ധരിച്ചിരിക്കണം.

5. ഒരു തവണ ഉപയോഗിച്ചശേഷം മാസ്‌കും ഗ്ലൗസും ഉപേക്ഷിക്കണം.

6. മുറിയിൽ നിന്ന് ഇറങ്ങിയ ശേഷവും രോഗിയുടെ പരിചരണശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഉടൻ കഴുകണം.

7. മുറിക്കുള്ളിലെ കതകിന്റെ പിടികൾ, ടേബിളുകൾ, സ്വിച്ചുകൾ മുതലായ ഒരു പ്രതലത്തിലും സ്പർശിക്കരുത്.

8. രോഗ ലക്ഷണങ്ങൾ ഉണ്ടാകുന്നോ എന്ന് സ്വയം നിരീക്ഷിക്കുകയും ചെറിയ തരത്തിലെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയോ മറ്റ് പ്രാദേശിക പൊതുആരോഗ്യ സ്ഥാപന അധികാരികളെയോ അറിയിക്കണം.

മറ്റ് കുടുംബാംഗങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ

1. കുടുംബാംഗങ്ങളിൽ പ്രായമായവരോ മറ്റ് രോഗങ്ങളോ ഉള്ളവർ ക്വാറന്റൈൻ കാലാവധി കഴിയുന്നതുവരെ മറ്റൊരു വീട്ടിലേക്ക് മാറുന്നതാണ് അഭികാമ്യം.

2. ക്വാറന്റൈനിലുള്ള വ്യക്തി താമസിക്കുന്ന അതേ വീട്ടിൽ തന്നെ കഴിയുന്നവർ കാലാവധി കഴിയുന്നതുവരെ വീടിന് പുറത്തേക്ക് പോകരുത്.

3. കുടുംബാംഗങ്ങളിൽ ഒരു വ്യക്തി തന്നെ സ്ഥിരമായി ക്വാറന്റൈനിലുള്ള വ്യക്തിയെ പരിചരിക്കണം. മറ്റാരും ഈ വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെടാൻ പാടില്ല.

4. പാത്രങ്ങളോ തുണികളോ മൊബൈൽ ഫോൺ പോലുള്ള മറ്റ് വസ്തുക്കളോ പങ്കിടരുത്.

5. എല്ലാ കുടുംബാംഗങ്ങളും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.

6. കുടുംബാംഗങ്ങൾ വാതിലിന്റെ പിടികൾ, സ്വിച്ചുകൾ എന്നിങ്ങനെ ക്വാറന്റൈനിലുള്ള വ്യക്തി സ്പർശിക്കാൻ സാധ്യതയുള്ള പ്രതലങ്ങളിൽ തൊടരുത്.

7. ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് സ്വയം നിരീക്ഷിക്കുകയും അതുണ്ടാകുമ്പോൾ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയോ മറ്റ് പ്രാദേശിക പൊതുആരോഗ്യ സ്ഥാപന അധികാരികളെയോ ബന്ധപ്പെടേണ്ടതാണ്.

മാലിന്യങ്ങളുടെ സമാഹരണം

1. മുറിക്കുള്ളിൽ തന്നെ ഇതിനായി മൂന്ന് ബക്കറ്റുകൾ സൂക്ഷിക്കണം.

2. മലിനമായ തുണികൾ, ടവലുകൾ മുതലായവ ബ്ലീച്ച് ലായിനി ഉപയോഗിച്ച് അണുനാശനം വരുത്തി കഴുകി ഉണക്കി ഉപയോഗിക്കണം.

3. മലിനമായ മാസ്‌കുകൾ, പാഡുകൾ, ടിഷ്യൂ എന്നിവ കത്തിക്കണം.

4. ആഹാര വസ്തുക്കൾ, മറ്റ് പൊതു മാലിന്യങ്ങൾ എന്നിവ ആഴത്തിൽ കുഴിച്ചിടണം.