റോഡ് വഴി കേരളത്തിൽ എത്തിയത് 33,116ൽ അധികം പേർ - മുഖ്യമന്ത്രി
ഇതര സംസ്ഥാനങ്ങളിൽ നിന്ന് റോഡ് വഴി ഇതുവരെ 33,116 പേർ നാട്ടിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ 19,000 പേരും റെഡ്സോൺ ജില്ലകളിൽ നിന്നാണ് വന്നത്. ആകെ പാസിനുവേണ്ടി അപേക്ഷിച്ച 1.33 ലക്ഷം പേരിൽ 72,800 പേർ റെഡ് സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. 89,950 പാസുകളാണ് ഇതുവരെ നൽകിയത്. അതിലും 45,157 പേർ റെഡ്സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. മെയ് ഏഴു മുതൽ വിദേശത്തുനിന്ന് വന്ന ഏഴു പേർക്ക് രോഗം സ്ഥിരീകരിച്ചതുകൊണ്ടുതന്നെ ആ വിമാനങ്ങളിൽ യാത്ര ചെയ്ത മുഴുവൻ പേരെയും പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കയാണ്. അവരുടെ കാര്യത്തിൽ വലിയ ജാഗ്രത ആരോഗ്യവിഭാഗം പുലർത്തുന്നുണ്ട്.
ഹോം ക്വാറൻറൈനായാലും സർക്കാർ ഒരുക്കുന്ന ക്വാറൻറൈനായാലും ചുമതല തദ്ദേശസ്ഥാപനങ്ങൾക്കാണ്. അതിനാൽ, ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും കൃത്യമായി തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി എന്ന് ഉറപ്പാക്കണം.
വാർഡുതല സമിതികൾ ഉണ്ടെങ്കിലും ക്വാറൻറൈനിൽ കഴിയുന്നവരുടെ കാര്യത്തിൽ പൊലീസിന്റെ പ്രത്യേക ശ്രദ്ധ ഉണ്ടാകും. വിമാനത്താവളത്തിലോ റെയിൽവെ സ്റ്റേഷനിലോ അതിർത്തി ചെക്ക് പോസ്റ്റിൽ റോഡ് വഴിയോ എത്തുന്നവർ വീടുകളിലോ സർക്കാർ ക്വാറൻറൈനിലോ എത്തിയെന്ന് ഉറപ്പാക്കുന്ന ചുമതല പൊലീസിനാണ്. ഒരാൾ കടന്നെത്തുന്ന പോയിൻറ് മുതൽ ക്വാറൻറൈനിൽ പ്രവേശിക്കുന്നതുവരെയുള്ള കാര്യങ്ങൾ ഉറപ്പാക്കാൻ പൊലീസ് ഉണ്ടാകും. വീട്ടിലേക്ക് പോകുന്നവർ ഒരു കാരണവശാലും വഴിക്ക് എവിടെയും ഇറങ്ങാൻ പാടില്ല.
സ്പെഷ്യൽ ട്രെയിനിലെത്തുന്നവരുടെ സുരക്ഷാപരിശോധന ഏകോപിപ്പിക്കുന്നതിന് ഡിഐജി എ അക്ബറിന് ചുമതല നൽകി. പ്രധാന റെയിൽവെ സ്റ്റേഷനുകളിൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ സ്പെഷ്യൽ ഓഫീസർമാരായി നിയമിച്ചു.
റെയിൽവെ ടിക്കറ്റ് എടുക്കുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽനിന്ന് പാസ് വാങ്ങണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. ഇതുവരെ പാസിന് അപേക്ഷിക്കാത്തവർക്ക് പുതുതായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാകും. ഒരു ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടെയും വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ ഒറ്റ ഗ്രൂപ്പായി രേഖപ്പെടുത്തണം. എത്തിയാൽ വൈദ്യപരിശോധനയ്ക്കുശേഷം രോഗലക്ഷണം ഇല്ലാത്തവർ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറൻറൈനിൽ പ്രവേശിക്കണം. ഹോം ക്വാറൻറൈൻ പാലിക്കാത്തവരെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻറൈനിൽ മാറ്റും. രോഗലക്ഷമുള്ളവരെ തുടർപരിശോധനകൾക്ക് വിധേയരാക്കും.
റെയിൽവെ സ്റ്റേഷനിൽനിന്നും വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാൻ ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾ അനുവദിക്കും. റെയിൽവെ സ്റ്റേഷനിൽനിന്നും വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തും. കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാർ 14 ദിവസം നിർബന്ധിത ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻറൈനിൽ പോകേണ്ടിവരും.
അതിർത്തിയിലൂടെ റോഡ് മാർഗം ആളുകൾ ധാരാളമായി വരുന്നതുകൊണ്ട് ചെക്ക്പോസ്റ്റുകളിൽ കൂടുതൽ സൗകര്യവും സജ്ജീകരണവും ഉണ്ടാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഒരു വഴിക്ക് ഒരു ദിവസം കടന്നുവരാവുന്ന ആളുകളുടെ എണ്ണം കൃത്യമായി കണക്കാക്കി പരമാവധി ആളുകളെ ആ വഴിക്ക് കടത്തികൊണ്ടുവരാനാണ് ശ്രമിക്കുക. വളരെ കൂടുതൽ ആളുകൾ വന്നാൽ സാധാരണ ഗതിയിൽ പിറ്റെ ദിവസത്തേക്ക് പാസ് അനുവദിക്കുന്ന നിലയാണുണ്ടാകുക. ഒരു ചെക്ക് പോസ്റ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ആളുകൾക്കാണ് ഒരു ദിവസം പാസ് അനുവദിക്കുക. ട്രെയിനിൽ റെയിൽവെ ഓപ്പൺ ബുക്കിങ്ങാണ് ആരംഭിച്ചിട്ടുള്ളത്. അതിനാൽ ഇവിടെ ഇറങ്ങുന്ന മുഴുവൻ പേരെയും പരിശോധിക്കുകയും ക്വാറൻറൈൻ ചെയ്യുകയും വേണം. വിമാനത്താവളങ്ങളിലെ പോലെ വിപുലമായ സംവിധാനം ട്രെയിൻ നിർത്തുന്ന സ്റ്റേഷനിലും ഏർപ്പെടുത്തും.
തിരുവനന്തപുരത്തേക്ക് വരുന്ന വണ്ടിക്ക് കോഴിക്കോട്ടും എറണാകുളത്തും മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. ഇത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. കാസർകോട് എത്തേണ്ടവർ സമീപ സ്റ്റേഷനായ മംഗലാപുരത്ത് ഇറങ്ങി കേരളത്തിലേക്ക് വരുന്ന സാഹചര്യമുണ്ടാകും. ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് രാജധാനി എക്സ്പ്രസ് നിർത്തുന്ന എല്ലാ സ്റ്റോപ്പുകളിലും ഈ ട്രെയിനുകളും നിർത്തണമെന്നാണ് കേരളം ആവശ്യപ്പെട്ടിട്ടുള്ളത്.
എസി ട്രെയിനുകളിലെ യാത്ര രോഗം പരത്താൻ കൂടുതൽ സാധ്യത നൽകുന്നതാണെന്ന് വിവിധ രാജ്യങ്ങളിലെ അനുഭവം തെളിയിച്ചിട്ടുണ്ട്. ട്രെയിനുകൾ മാത്രമല്ല, എയർകണ്ടീഷൻ വാഹനങ്ങളിലുള്ള സഞ്ചാരം അപകടം വരുത്തുമെന്ന് ഇന്ത്യയ്ക്കകത്തും അനുഭവമുണ്ട്. പഞ്ചാബിൽ ഹസൂർ സാഹിബിൽനിന്ന് എസി ബസുകളിൽ എത്തിയ 4198 പേരെ പരിശോധിച്ചപ്പോൾ 1217 പേർക്ക് വൈറസ് ബാധയുണ്ട് എന്നാണ് കണ്ടെത്തിയത്. യാത്രയ്ക്കിടയിലാണ് വൻതോതിൽ രോഗം പടർന്നത്. അതുകൊണ്ട് നോൺ എസി ട്രെയിനുകളും ഇതര വാഹനങ്ങളുമാണ് ഇപ്പോൾ അഭികാമ്യം. ഇക്കാര്യം കേന്ദ്രസർക്കാരിൻറെയും റെയിൽവെയുടെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടുവരാൻ പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ രോഗലക്ഷണമില്ലെങ്കിൽ ക്വാറൻറൈനിൽ പോകേണ്ടതില്ല.
ഗൾഫ് നാടുകളിൽ കൊറോണ ഭീതിയിൽ കഴിയുന്ന ഗർഭിണികളെയും കുട്ടികളെയും ഇതര രോഗബാധിതരായ വയോധികരെയും നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇപ്പോൾ വരുന്നവരിൽ 20 ശതമാനമാണ് ഗർഭിണികൾ. തിരിച്ചുവരാനാകാതെ നിരവധി ഗർഭിണികൾ ഗൾഫ് നാടുകളിൽ കഴിയുന്നുണ്ട്. അവർക്ക് സവിശേഷ പരിഗണന നൽകണം. നിലവിൽ ചാർട്ട് ചെയ്ത വിമാനങ്ങളിൽ കൂടുതൽ സീറ്റ് അവർക്കായി നീക്കിവെക്കണമെന്നും വിദേശമന്ത്രിയോട് അഭ്യർത്ഥിച്ചു. ഗർഭിണികളിൽ തന്നെ പ്രസവ തീയതി അടുത്തവരെ ഏറ്റവും മുൻഗണന നൽകി എത്തിക്കാൻ ശ്രദ്ധിക്കണം.
അതിഥി തൊഴിലാളികളുമായി 26 ട്രെയിനുകൾ കേരളത്തിൽനിന്ന് പോയിട്ടുണ്ട്. ആകെ 29,366 പേർ തിരിച്ചുപോയിട്ടുണ്ട്. ബീഹാറിലേക്കാണ് കൂടുതൽ ട്രെയിനുകൾ പോയത് -9 എണ്ണം.
പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസ്ഥാനത്തിന്റെ അഭിപ്രായങ്ങളും നിർദേശങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ സംബന്ധിച്ചും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ചും സംസ്ഥാനങ്ങൾക്കുള്ള നിർദേശങ്ങൾ 15 നു മുമ്പ് സമർപ്പിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്. കേരളത്തിൻറെ നിർദേശങ്ങൾ ചൊവ്വാഴ്ച തന്നെ കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിർമാണ പ്രവർത്തനം നല്ല വേഗത്തിൽ നടക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. ഇതിനാവശ്യമായ വസ്തുക്കൾ ലഭ്യമാക്കാൻ നടപടിയെടുക്കും. മഴയ്ക്കു മുമ്പ് കഴിയുന്നത്ര നിർമാണ പ്രവർത്തനം നടക്കേണ്ടതുണ്ട്. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി, കാർഷികവൃത്തിക്കു കൂടി ബാധകമാക്കണം.
ക്വാറൻറൈൻ കേന്ദ്രങ്ങളിലേക്ക് ആരോഗ്യവിഭാഗം അയക്കുന്നവരെ അവിടെ പ്രവേശിപ്പിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണ്. പഞ്ചായത്ത് മാറി എന്ന പേരിൽ ആരേയും പ്രവേശിപ്പിക്കില്ല എന്നു പറയാൻ പറ്റില്ല. കാരണം സർക്കാരാണ് ക്വാറൻറൈൻ കേന്ദ്രങ്ങൾ തീരുമാനിക്കുന്നതും നടത്തുന്നതും.
പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന നിർദേശം ജനങ്ങൾ നല്ല നിലയിൽ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, ചുരുക്കം ചിലർ മാസ്‌കില്ലാതെ പുറത്തിറങ്ങുന്നുണ്ട്. അത്തരക്കാർക്കെതിരെ കർശന നടപടി പോലീസ് സ്വീകരിക്കും. ചിലയിടത്ത് റോഡരികിൽ മാസ്‌ക് വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സുരക്ഷിതമല്ലാത്ത വിൽപ്പന അനുവദിക്കില്ല. മാസ്‌കിന്റെ ഉൽപാദനം വലിയതോതിൽ വർധിച്ചത് സ്വാഗതാർഹമാണ്. കേരളത്തിനകത്ത് ജില്ല വിട്ട് യാത്ര ചെയ്യുന്നവർക്ക് ക്വാറൻറൈൻ നിർബന്ധിക്കേണ്ടതില്ല.
ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയതിനെ തുടർന്ന് തുറന്ന മാർക്കറ്റുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നില്ല എന്നു വരരുത്. ശാരീരിക അകലവും മറ്റു നിബന്ധനകളും കർശനമായി പാലിച്ചുകൊണ്ടുമാത്രമേ മാർക്കറ്റുകൾ പ്രവർത്തിക്കാൻ അനുവദിക്കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.