കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സെക്രട്ടേറിയറ്റ് വാർ റൂം
അന്തർ സംസ്ഥാന ചരക്ക് നീക്കം പ്രധാന ചുമതല
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ 24 മണിക്കൂറും ഏകോപിപ്പിച്ച് സെക്രട്ടേറിയറ്റിലെ വാർ റൂം. അന്തർ സംസ്ഥാന ചരക്കുനീക്കം, അവശ്യവസ്തുക്കളുടെ ലഭ്യത, അതിഥി തൊഴിലാളികളുടെ ക്ഷേമം, ഇതര സംസ്ഥാനങ്ങളിലേയും വിദേശ മലയാളികളെയും ബന്ധപ്പെടൽ തുടങ്ങി നിരവധി പ്രവർത്തങ്ങളാണ് വാർ റൂം കേന്ദ്രീകരിച്ച് നടക്കുന്നത്. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് പരാതികൾക്ക് ഇടനൽകാതെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം നടത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകരാമാണ് വാർ റൂം സജ്ജീകരിച്ചത്. മൂന്ന് ഷിഫ്റ്റുകളായാണ് പ്രവർത്തനം. ഓരോ ഷിഫ്റ്റിലും രണ്ട് ഐ എ എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ 25 ജീവനക്കാരാണ് പ്രവർത്തിക്കുന്നത്. വീഡിയോ കോൺഫറൻസിംഗ്, ന്യൂസ് മോണിറ്ററിംഗ് സംവിധാനങ്ങളും സി ഡിറ്റിന്റെ സഹായത്തോടെ കാൾ സെന്ററും വാർ റൂമിൽ ക്രമീകരിച്ചിട്ടുണ്ട് അന്തർ സംസ്ഥാന ചരക്കു നീക്കം സുഗമാക്കിയത് വാർ റൂമിന്റെ ചിട്ടയായ പ്രവർത്തനമാണ്.