രോഗപ്രതിരോധത്തിനും ചികിത്സയിലും ആയുർവേദം ഉപയോഗപ്പെടുത്തും- മുഖ്യമന്ത്രി

post

രോഗപ്രതിരോധത്തിനും
ചികിത്സയിലും ആയുർവേദത്തെ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി
വിജയൻ അറിയിച്ചു. സാധ്യമായ എല്ലാ മാർഗങ്ങളും രോഗത്തെ പ്രതിരോധിക്കാൻ
സ്വീകരിക്കുന്നതിന്റെ ഭാഗമാണിത്. ജനങ്ങളെ രോഗവ്യാപന സാധ്യതയുടെ
അടിസ്ഥാനത്തിൽ ഏഴു വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിനും അനുയോജ്യമായ
സമീപനമാണ് സ്വീകരിക്കുക.60 വയസ്സിനു
മുകളിൽ പ്രായമുള്ളവരുടെ രോഗപ്രതിരോധത്തിന് 'സുഖായുഷ്യം' എന്ന പരിപാടി
നടപ്പാക്കും. എല്ലാവർക്കുമായുള്ള ലഘു വ്യായാമത്തിന് മാധ്യമങ്ങളുടെ
സഹായത്തോടെ 'സ്വാസ്ഥ്യം'പദ്ധതി നടപ്പാക്കും. കോവിഡ് പ്രതിരോധ പരിപാടികളുടെ
നടത്തിപ്പിനായി ആയുർവേദ ഡിസ്പെൻസറികളെയും ആശുപത്രികളെയും കേന്ദ്രീകരിച്ച്
'ആയുർരക്ഷാ ക്ലിനിക്കു'കൾ ആരംഭിക്കും. രോഗമുക്തരായവരെ പൂർണ
ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരാൻ ചികിത്സ നൽകും. സംസ്ഥാനത്തെ സർക്കാർ
ആയുർവേദ ചികിത്സാ സംവിധാനങ്ങളെ ബന്ധിപ്പിച്ച് 'നിരാമയ' എന്ന ഓൺലൈൻ പോർട്ടൽ
സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.