941 ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തിക്കുന്നത് 1037 കമ്മ്യൂണിറ്റി കിച്ചണുകൾ
സംസ്ഥാനത്ത് കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി 941 ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തിക്കുന്നത് 1037 കമ്മ്യൂണിറ്റി കിച്ചണുകൾ. ഇവയിലൂടെ ആകെ 19,24,827 പേർക്ക് ഭക്ഷണം നൽകി. ഇതിൽ 17,38,192 പേർക്ക് സൗജന്യമായാണ് നൽകിയത്. ഗ്രാമപ്രദേശങ്ങളിൽ ജനങ്ങൾക്ക് ന്യായവിലയ്ക്ക് ഭക്ഷണം നൽകുന്നതിന് 134 ജനകീയ ഹോട്ടലുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് ഭക്ഷണം വീടുകളിൽ എത്തിക്കുന്നതിന് എല്ലാ പഞ്ചായത്തുകളിലും സന്നദ്ധപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ കോവിഡ്-19 ജാഗ്രതയോടെ പ്രതിരോധിക്കുന്നതിനും ഐസൊലേഷനിൽ വീടുകളിൽ കഴിയുന്നവർക്കും ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഭക്ഷണം, മരുന്ന് ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ എത്തിക്കുന്നതിലും സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 15962 വാർഡ്തല ഹെൽത്ത് കമ്മിറ്റികളും, 15962 ആരോഗ്യ ജാഗ്രത സമിതികളും, 48817 ദുരന്തനിവാരണ എമർജൻസി റെസ്പോൺസ് ടീമുകളും യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണ്. വീടുകളിൽ ഐസലേഷനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതിന് 15825 വാർഡ് തല നിരീക്ഷണ കമ്മിറ്റികൾ പ്രവർത്തിച്ച് വരുന്നു.പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ നിലവിലുള്ള മെഡിക്കൽ ഓഫീസർക്ക് പുറമേ 183 പേരെ അധികമായി പഞ്ചായത്തുകൾ നിയോഗിച്ചിട്ടുണ്ട്. ഇവ കൂടാതെ അവശ്യഘട്ടങ്ങളിൽ പ്രയോജനപ്പെടുത്തുന്നതിനു പഞ്ചായത്ത് പരിധിയിലുള്ള 3396 ഡോക്ടർമാർ, 5851 നഴ്സ്മാർ, 4086 പാരാ മെഡിക്കൽ ജീവനക്കാർ, 1280 ലാബ് ടെക്നീഷ്യൻമാർ, 3410 മെഡിക്കൽ വിദ്യാർഥികൾ, 7730 പാലിയേറ്റിവ് കെയർ പ്രവർത്തകർ എന്നിവരുടെ റിസർവ് പട്ടികയും തയാറാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ കോവിഡ് 19 ഹോട്ട്സ്പോട്ട് ആകാൻ സാധ്യതയുള്ള 67 പഞ്ചായത്തുകളിൽ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്.നിലവിലുള്ള ലേബർ ക്യാമ്പുകൾ കൂടാതെ അതിഥി തൊഴിലാളികളെ പാർപ്പിക്കുന്നതിന് 20 താൽക്കാലിക ലേബർ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി നിലവിലുള്ള കോവിഡ് കെയർ സെന്ററുകൾക്കും ഐസൊലേഷൻ സെന്ററുകൾക്കും പുറമേ കോവിഡ് കെയർ സെന്ററുകളായി പ്രവർത്തിപ്പിക്കാൻ അനുയോജ്യമായ 2378 കെട്ടിടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്നതിന് അനുയോജ്യമായ 1383 കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്.പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സ്ഥിതിവിവരങ്ങൾ ക്രോഡീകരിച്ച് സർക്കാരിന് ലഭ്യമാക്കുന്നതിനും പഞ്ചായത്ത് ഡയറക്ടറേറ്റിലും ജില്ലാ ഓഫീസുകളിലും വാർ റൂം സജ്ജീകരിച്ചിട്ടുണ്ട്.