എറണാകുളം ജില്ലയിലെ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാരുടെ ലോക്ക് ഡൗൺ കാലത്തെ അനുഭവക്കുറിപ്പുകൾ വൈറലാകുന്നു

post

എറണാകുളം ജില്ല - വനിതാ ശിശു വികസന വകുപ്പ് സൈക്കോ സോഷ്യൽ സർവ്വീസിലെ 68വനിതാ കൗൺസിലേഴ്സ് അടങ്ങുന്ന ടീം ഈ ലോക്ഡൗണിലും സജീവമായി ടെലികൗൺസിലിംഗ് സേവനം നടത്തി വരികയാണ്. വിദേശത്തുനിന്നോ ഇതര സംസ്ഥാനങ്ങളിൽ നിന്നോ ഇതര ജില്ലകളിൽ നിന്നോ തിരിച്ചെത്തി ഹോം - ക്വാറൻ്റെയിനിലോ ഐസൊലേഷനിലോ കഴിയുന്നവർക്കാണ് ഈ സേവനമിപ്പോൾ ലഭ്യമായിവരുന്നത്.മാനസിക സമ്മർദ്ദം, അമിതോത്കണ്ഠ, വിഷാദാവസ്ഥ, ഉറക്കമില്ലായ്മ, തുടങ്ങിയ മോശം നിലകളിലേക്കുള്ള സ്വഭാവിക പതനങ്ങളിൽനിന്നും കൈപിടിച്ചുയർത്താൻ കൗൺസിലേഴ്സിൻ്റെ ഈ ഇടപെടലിലൂടെ സാധിക്കുന്നുണ്ട്. കൃത്യമായി ഫോളോ- അപ്പുകൾ നടത്തുന്നതിലും ഇവർ ശ്രദ്ധിക്കുന്നു .ഒറ്റക്കായി പോകുന്ന വയോജനങ്ങൾക്ക് ഏറെ ആശ്വാസം കൊടുക്കാനും ഇവരുടെ സേവനം വിനിയോഗിക്കുന്നുണ്ട്..ഏറ്റെടുക്കുന്ന മാനസിക സംഘർഷങ്ങൾക്കുള്ള പരിഹാര നിർദ്ദേശം മാത്രമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും ശിശുവികസന പദ്ധതി ഓഫീസർ,വാർഡ്മെമ്പർ,അങ്കണവാടി,ആശപ്രവർത്തകർ എന്നിവർ വഴിസഹായങ്ങൾ എത്തിക്കാനും ഈ ഫോൺ കോളുകൾ സഹായകമാകാറുണ്ട്.

ജില്ലാ മാനസികാരോഗ്യ പദ്ധതിയോടൊപ്പം സഹകരിച്ച് നോഡൽ ഓഫീസർ ഡോ.സൗമ്യ രാജ് ,ജില്ലയിലെ വനിതാ-ശിശുവികസന വകുപ്പ് ഓഫീസർ ജെബിൻ ലോലിതാ സെയ്നിൻ്റെയും പ്രോഗ്രാം ഓഫീസർ മായാ ലക്ഷ്മിയുടെയും പൂർണ പിന്തുണയോടെയാണ് എറണാകുളം കൗൺസിലേഴ്സ് പ്രവർത്തനത്തിനിറങ്ങിയത്.നാളിതുവരെ ക്വാറന്റൈനിൽ കഴിഞ്ഞ8500 ആളുകൾക്കും ഒറ്റപ്പെട്ടുകഴിയുന്ന 1000 -ത്തോളം വയോജനങ്ങൾക്കും ഈ സേവനം പ്രയോജനപ്രദമായി.

എറണാകുളം ജില്ലയിലെ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാരുടെ ലോക്ക് ഡൗൺ കാലത്തെ അനുഭവക്കുറിപ്പുകൾ

--------------------------------------------------

അഖില എം.എസ്  -സൈക്കോ സോഷ്യൽ സ്കൂൾ കൗൺസലർ

രണ്ട് ടെലികോളിങ്ങ് കൂടി പൂർത്തിയാക്കിയാൽ അന്നത്തെ ഡ്യൂട്ടി കഴിയുമെന്ന് ഓർത്താണ് ഞാൻ ആ കാൾ വിളിച്ചത്. കോഴിക്കോട് നിന്ന് ' എറണാകുളം വന്നത് കൊണ്ട് ക്വാറൻറയിനിൽ കുടുങ്ങി പോയത് ഏറെ വിഷമത്തോടെ പറഞ്ഞു ആ ചെറുപ്പക്കാരൻ. കൂട്ടുകാരനും കൂടെ ഉണ്ട്.. അവർ അന്ന് രാവിലെ ഒന്നും കഴിച്ചിട്ടില്ല എന്നും ഫൂഡ് സപ്ലൈ നിർത്തി എന്ന് അത്രയും ദിവസം തന്നവർ പറഞ്ഞു എന്നും കൈയ്യിൽ പൈസ ഇല്ലാത്തത് കൊണ്ട് ഫൂഡ് കഴിച്ചിട്ടില്ല എന്നും അവർ പറഞ്ഞ്.... ആ പ്രായത്തിലുള്ള എൻ്റെ അനിയനെയാണ് പെട്ടന്ന് ഓർമ്മ വന്നത്. എനിക്ക് കണ്ണ് നിറഞ്ഞു....

ഞാൻ അടുക്കളയിൽ ഫൂഡ് ഉണ്ടക്കുന്നതിനടിയിലുള്ള സമയത്തിനാണ് വിളിച്ചത്. രാവിലെ തൊട്ട് ഒന്നും കഴിചില്ലന്ന് അവർ പറഞ്ഞപ്പോൾ പാചകം മതിയാക്കി പെട്ടന്ന് തന്നെ ഞങ്ങളുടെ പ്രോഗ്രാം ഓഫീസർ മായാ മാഡത്തെ വിവരമറിയിച്ചു. അര മണിക്കൂർ പോലും എടുക്കാതെ അവർ നാട്ടിൽ പോകുന്നത് വരെയുള്ള കാലയളവ് വരെ ഭക്ഷണം അവർക്ക് എത്തിക്കാൻ നടപടി സ്വീകരിച്ചു.. പിന്നീടുള്ള ദിവസങ്ങളിലെല്ലാം അവർ ഭക്ഷണം കഴിച്ചോ എന്ന് കൃത്യമായി ഉറപ്പാക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.നാട്ടിൽ പോകുന്ന കാര്യം ഇടയ്ക്ക് ചോദിച്ചപ്പോൾ ഇൗ നാട് ഇപ്പൊ വിട്ടു പോകാൻ തോന്നുന്നില്ല...നിങ്ങളൊക്കെ അത്രയും നല്ല സ്നേഹം ഉള്ളവരല്ലെ എന്ന് ചോദിച്ചു ചിരിച്ചു. ദൈവമേ മനസ് നിറയുന്നു ഇങ്ങനെയൊരു ജോലി ഒരു നിയോഗമായി ഏറ്റെടുക്കുമ്പോൾ..

--------------------------------------------------

ഹണി വർഗീസ് - സ്കൂൾ കൗൺസിലർ ജി.വി.എച്ച് എസ് എസ് ഈസ്റ്റ് മാറാടി മൂവാറ്റുപുഴ അഡീഷണൽ ICDS

ഏപ്രിൽ 30 തീയതി ഉച്ചയോട് കൂടി തിരുവനന്തപുരത്ത് നിന്നും സുഹൃത്തായ സമീർ സിദ്ദീഖിന്റെ ഫോൺ കാൾ. സാധാരണയായി വിളിക്കുന്നത് പോലെ സുഖാന്വേഷണ കാളെന്നാണ് കരുതിയത്. പക്ഷെ കാര്യങ്ങൾ കേട്ടപ്പോഴാണ് അതിന്റെ ഗൗരവം മനസിലായത്.

തിരുവനന്തപുരം കിളിമാനൂരിനടുത്ത് നഗരൂർ എന്ന സ്ഥലത്ത് ഏകദേശം 67 വയസുള്ള ഒരു വൃദ്ധൻ നാല് ദിവസമായി ആഹാരം പോലും കഴിക്കാതെ റോഡിന് വശത്തായി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട അമ്പാടി എന്ന യുവാവ് തന്റെ അധ്യാപകനെ വിവരം അറിയിച്ചു. അധ്യാപകന്റെ നിർദേശപ്രകാരം പോലീസ് സ്റ്റേഷനിലും , ആരോഗ്യ കേന്ദ്രത്തിലും ആ വൃദ്ധനെ കൊണ്ട് പോയെങ്കിലും അവർ സ്വീകരിച്ചില്ല. ആ സാഹചര്യത്തിലാണ് എന്റെ സുഹൃത്തായ അധ്യാപകൻ എന്നെ വിളിയ്ക്കുന്നത്.ഉടൻ തന്നെ ഞാൻ തിരുവനന്തപുരത്തെ സ്കൂൾ കൗൺസിലറായ പ്രേമയുടെ നമ്പർ കൊടുക്കുകയും, പ്രേമയുടെ സമയോചിതമായ ഇടപെടലിലൂടെ ജില്ലാ സാമൂഹ്യനീതി ഓഫീസർ ശ്രീ.തമ്പി സാറിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ഇടപെടലിലൂടെ ആ വൃദ്ധനെ തൊട്ടടുത്ത കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രാഥമിക പരിശോധന നടത്തിയിട്ട് 14 ദിവസത്തെ സെൽഫ് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.

വഴിയിൽ കിടന്ന് വിശന്ന് മരിക്കേണ്ട ഒരു മനുഷ്യജീവന് രണ്ടാം ജന്മം നൽകാൻ സാഹചര്യമൊരുക്കിയ പ്രവർത്തനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒത്തിരി അഭിമാനം തോന്നിയ നിമിഷം. Proud to be a Councillor.

--------------------------------------------------

സിനി ജോസ് - സൈക്കോ സോഷ്യൽ സ്കൂൾ കൗൺസലർ. ഐ സി ഡി എസ് കൂവപ്പടി

വനിതാ ശിശു വികസന വകുപ്പ് സൈക്കോ സോഷ്യൽ സപ്പോർട്ടിൻ്റെ ഭാഗമായി വയോജനങ്ങൾക്കുള്ള ടെലി കൗൺസലിങ്ങ്‌ കൊടുക്കുന്നതിനാണ് ഞാൻ ആ അമ്മയെ വിളിച്ചത്. വിളിക്കുമ്പോൾ അമ്മ തനിച്ചാണ്.. ഏറെ അടുപ്പമുള്ളവരോട് സംസാരിക്കും പോലെ ഒരു പാട് വിശേഷങ്ങൾ പങ്കുവച്ചു.റിട്ടയേർഡ് ടീച്ചറാണ് ഭർത്താവ് മരിച്ച ശേഷം ഒരു ഒറ്റപ്പെടലിലാണ് എന്നൊക്കെയുള്ള വിഷമങ്ങളും കോവിഡിനെ കുറിച്ചുള്ള ആശങ്കകളും.. എന്നെ എന്നും വിളിക്കണമെന്ന് പറഞ്ഞാണ് അമ്മ ഫോൺ വച്ചത്.പിന്നീട് മിക്കവാറും ദിവസങ്ങളിൽ വിളിച്ച് സംസാരിച്ചു. മോളുടെ വിളി എനിക്ക് എത്ര ആശ്വാസമാണെന്നറിയാമോ... ലോക്ക് ഡൗണൊക്കെ കഴിയുമ്പോൾ എനിക്ക് മോളെ കണ്ട് സംസാരിക്കണം ഒരുപാട് കാര്യങ്ങൾ ഇനിയും പറയാനുണ്ടെന്ന് ആ അമ്മ പറഞ്ഞപ്പോൾ ഞാൻ ചെയ്യുന്നത് എത്രയോ പുണ്യമായ ഒരു ജോലിയാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതു പോലെ എത്ര അച്ഛന്മാരുടെയും അമ്മമാരുടെയും ആശ്വാസമാകാൻ ഒരു ശബ്ദ സാന്നിദ്ധ്യം കൊണ്ടെങ്കിൽ അത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞല്ലോ എന്ന തൃപ്തിയുമായാണ് എല്ലാം ദിവസവും ഞാനിപ്പോൾ ഉറങ്ങാറുള്ളത്.

--------------------------------------------------

മഹിത വിപിനചന്ദ്രൻ - സൈക്കോ സോഷ്യൽ കൗൺസലർ ഇടപ്പിള്ളി ഐസി ഡി എസ്

വനിത ശിശു വികസന വകുപ്പ് എറണാകുളം പ്രോഗ്രാം ഓഫീസർ മായാ മാഡത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ഞാൻ ആ ഏഴാം ക്ലാസുകാരനെ വിളിച്ചത്. വിളിക്കുമ്പോൾ വല്ലാത്ത സങ്കടത്തിലാണ് അവൻ സംസാരിച്ചത്.. അമ്മ യുകെയിൽ പോയി തിരിച്ചു വന്നത് കൊണ്ട് പെട്ടന്ന് ഒരു ദിവസം അടച്ചിട്ട ഫ്ലാറ്റിൽ ഇരിക്കേണ്ടി വന്നത് അവനെ ആകെ സംഘർഷത്തിലാക്കി. പുറത്തിറങ്ങാൻ വയ്യാതെയും കളിക്കാൻ പോകാൻ പറ്റാത്തതുമായ സാഹചര്യം അവൻ്റെ സന്തോഷം കെടുത്തി. പല തവണ അവനെ വിളിച്ച് വെറുതെ ഇരിക്കുന്ന സമയം കൂടുതൽ സർഗാത്മകമാക്കാനുള്ള ആശയങ്ങൾ പങ്കുവച്ചു. അവയെല്ലാം കൂട്ടി ചേർത്ത് ഒരു യൂട്യൂബ് വീഡിയോയും ആക്കി. അങ്ങനെ അവനിലൂടെ കോറെന്റയിൽ കഴിയുന്ന മറ്റു കുട്ടികൾക്ക് ഒരു പോസിറ്റീവ് എനർജി പകരുവാനും സാധിച്ചു.ആ കുഞ്ഞു മനസിൽ സന്തോഷം നിറഞ്ഞപ്പോൾ എനിക്കും എന്തെന്നില്ലാത്ത ആത്മസംതൃപ്തി.

--------------------------------------------------

അനുമോൾ പി.ആർ - സൈക്കോ സോഷ്യൽ കൗൺസലർ, ഐ.സി.ഡി.എസ് ,മൂവാറ്റുപുഴ

ടീച്ചറേ ,കുറച്ചൊക്കെ ടെൻഷനുണ്ട് ഇനീം വിളിച്ചോട്ടോ.....

ആരോഗ്യവകുപ്പിൽ നിന്നും നൽകുന്ന ക്വാറന്റയിനിൽ കഴിയുന്നവരുടെ ലിസ്റ്റ് അനുസരിച്ചാണ് വനിത ശിശുവികസന വകുപ്പ് - സൈക്കോ സോഷ്യൽ കൗൺസലർമാരിൽ ഒരാളായ ഞാൻ DMH P യുമായി സഹകരിച്ച് ക്വാറന്റയിൻ ൽ ക ഴിയുന്നവർക്ക് കൗൺസലിംഗ് നൽകിയത്, ഇതിൽ ദുബായിൽ നിന്നും വന്ന ഒരു അമ്മയും അവരുടെ 4 മക്കളും ഉണ്ടായിരുന്നു. ഇതിൽ മൂത്ത കുട്ടിയെ ക്വാറന്റയിൻ പിരീഡ് അവസാനിക്കാറായ സമയത്ത് രോഗലക്ഷണങ്ങളോടെ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. പിന്നീടുള്ള ദിനങ്ങൾ അമ്മയ്ക്കും മകനും മാറി മാറി കൗൺസലിംഗ് നൽകേണ്ടി വന്നു .രാത്രിയും പകലും എന്നില്ലാതെ വിളിച്ചു. " മേഡം, എന്റെ മകൻ പ്രത്യേക ഒരു മാനസികാവസ്ഥയിലാണ്, അവനെ ഇപ്പോൾ തന്നെ മേഡം ഒന്ന് വിളിക്കണം , അവൻ ,വീട്ടിലേക്ക് തിരിച്ച് വരാൻ പറ്റുമോ? എല്ലാ വരേയുo എനിക്കിനി കാണാൻ പറ്റുമോ എന്നൊക്കെയാണ് ചോദിക്കുന്നത് " _അമ്മയുടെ ഈ വാക്കുകളും ,മകനെ വിളിക്കുമ്പോൾ നിഷ്കളങ്കമായ കൗമാരത്തിന്റെ ഉത്കണ്Oയും, ഭയവും പിന്നെയുള്ള പറച്ചിലും " ടീച്ചർ വിളിക്കൂന്ന് ഉമ്മ പറഞ്ഞായിരുന്നു ഇനീം വിളിക്കണോ ട്ടോ കുറച്ചൊക്കെ ടെൻഷൻ എനിക്കുണ്ട് ,ഓരോന്ന് ഓർക്കുമ്പോൾ ഉള്ളിലെന്തോ ബുദ്ധിമുട്ടാ" .തുടർന്നുള്ള 8 ദിവസങ്ങൾ അവരോടൊപ്പം -ve റിസൽട്ടിനു വേണ്ടി ഞാനും കാത്തിരുന്ന ദിവസങ്ങളായിരുന്നു രാവും പകലും ഉമ്മയും മകനും ടെൻഷൻ തോന്നുമ്പോൾ വിളിക്കും .റിസൽട്ട് വന്നു നെഗറ്റീവ് ആണ് ടീച്ചറേ എന്നു പറഞ്ഞ് ആ കുട്ടി വിളിച്ചു.ഉടൻ തന്നെ അമ്മയും വിളിച്ച് ഒരു പാട് നന്ദിയുണ്ട് ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും ഓർമിക്കും എന്ന് അവർ പറഞ്ഞപ്പോൾ മനസു നിറഞ്ഞു. പറഞ്ഞറിയിക്കാനാവാത്ത ആത്മസംതൃപ്തിയുടെ നിമിഷങ്ങൾ ഞാനും അനുഭവിക്കുകയായിരുന്നു. ഇതു പോലെ എത്രയോ പേരിലേക്ക് ഒരാശ്വാസമായി കടന്നു ചെല്ലാൻ സാധിച്ചു എന്ന ഒരു നിറവ്...

--------------------------------------------------

കലാമണി എ.ആർ - സൈക്കോ സോഷ്യൽ കൗൺസലർ. ഐ.സി.ഡി.എസ് കൂവപ്പടി.

പതിവ് ടെലി കൗൺസലിങ്ങ്‌ ഡ്യൂട്ടി തുടങ്ങാൻ ലിസ്റ്റ് പരിശോധിക്കുന്നിടയിലാണ് ഒരു കാൾ ' മോളെ.. എൻ്റെ ശബ്ദം ഓർമ്മയുണ്ടോ? മോൾക്ക് സുഖമായോ?'ഞാൻ മറുപടി പറയും മുമ്പേ.. ആ അമ്മ പേര് പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ് വയോജനങ്ങൾക്കുള്ള സൈക്കോ സോഷ്യൽ സപ്പോർട്ട് കൊടുക്കുന്നതിൻ്റെ ഭാഗമായി ഞാൻ വിളിച്ചതാണ് ആ അച്ഛനെയും അമ്മയെയും.. മക്കൾ ഒപ്പമില്ല. സഹായിക്കാൻ ആരുമില്ല. മുടങ്ങാതെ കഴിക്കണമെന്ന് പറഞ്ഞ മരുന്ന് തീരാറായി എന്തു ചെയ്യണമെന്നറിയില്ല എന്ന് വിഷമത്തോടെ രണ്ടാളും പറഞ്ഞപ്പോൾ അവർക്ക് മരുന്ന് എത്തിക്കാനുള്ള നടപടികൾ ചെയ്യാൻ ഓഫീസിൽ അറിയിച്ചതു പ്രകാരം മരുന്ന് കിട്ടിയെന്ന് പറഞ്ഞ് ഒരു പാട് നന്ദി അറിയിച്ചതും ആരുമില്ലാത്ത ഞങ്ങളെ പോലുള്ളവരെ സഹായിക്കാൻ നിങ്ങളെ പോലുള്ളവരെ ദൈവം ചുമതലപ്പെടുത്തുന്നതാണെന്ന് ഒക്കെ പറഞ്ഞ ആ അച്ഛനെയും എനിക്ക് മറക്കാൻ സാധിക്കില്ല. അന്ന് വിളിക്കുന്നതിനിടയിൽ സംസാരം പലപ്പോഴും കട്ട് ആയപ്പോൾ എൻ്റെ വീടിനുള്ളിൽ റേഞ്ച് കുറവാണെന്നും സുഖമില്ലാതെ ബെഡ് റെസ്റ്റിൽ ആയതു കൊണ്ട് പുറത്തു ഇറങ്ങി നിന്ന് വിളിക്കാൻ പറ്റാത്തതു കൊണ്ടാണ് സംസാരം ഇടയ്ക്ക് മുറിഞ്ഞുപോകുന്നതെന്നും ഞാൻ ഇടയ്ക്കെപ്പോഴോ പറഞ്ഞത് ആ അമ്മ ഓർത്ത് വച്ചിരുന്നു.. വിളിച്ചതാണ്.. സുഖമായി അമ്മേ ന്ന് പറഞ്ഞപ്പോൾ മോൾക്ക് ഒന്നും വരൂല്ല ഞങ്ങള് പ്രാർത്ഥിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ആത്മാവ് നിറഞ്ഞതുകൊണ്ടാകണം.. എൻ്റെ കണ്ണുകളും പെട്ടന്ന് നിറഞ്ഞത്.. ദൈവമേ എത്രയോ ആളുകളുടെ ഹൃദയത്തെ ഇതു പോലെ തൊടാൻ സാധിച്ചു ഈ കോവിഡ് കാലത്ത്.. ആത്മസംതൃപ്തിയെന്നത് മറ്റുള്ളവർക്കു വേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ മാത്രമാണെന്നും അനുഭവിച്ചറിഞ്ഞു.

--------------------------------------------------

ശാന്തി രാജൻ - സൈക്കോ സോഷ്യൽ സ്കൂൾ കൗൺസലർ ഐ.സി.ഡി.എസ് കൂവപ്പടി.

രാത്രി ഒൻപതു മണിക്കു ശേഷം ആണ് ആ ഫോൺ കോൾ... ,'മാഡം എനിക്ക് ഇപ്പോ പുറത്തു പോകാൻ എന്തെങ്കിലും ചെയ്തു തരാൻ പറ്റുമോ? ഇല്ലങ്കിൽ ഞാൻ പോയി തൂങ്ങി ചത്തോളാം'.. ഞാൻ ഞെട്ടി പോയി. കുറച്ചു ദിവസങ്ങൾക്ക് മുൻപ് നിരീക്ഷണത്തിൽ കഴിയുന്നവരെ വിളിക്കുന്ന ഡ്യൂട്ടിയുടെ ഭാഗമായി ഞാൻ വിളിച്ചു സംസാരിച്ച ഒരു ചെറുപ്പക്കാരനാണ് ഫോണിൻ്റെ അങ്ങേ തലയ്ക്ക ൽ.ഞാനെന്തെങ്കിലും പറയും മുൻപ് അവൻ കോൾ കട്ട് ചെയ്യുകയും ചെയ്തു. ഞാൻ അപ്പോൾ തന്നെ തിരിച്ച് വിളിച്ചു കുറെ നേരം സംസാരിച്ചു.നിരീക്ഷണ കാലാവധി 14 ദിവസം തന്നത് വീണ്ടും 28 ദിവസമാക്കി നീട്ടിയതിനാൽ ഇനിയും പുറത്തിറങ്ങാൻ കഴിയില്ലന്നുള്ള ആശങ്കയും.. അസുഖം വരുമോ എന്ന പേടിയുമാണ് ചാകണമെന്ന ചിന്തയിലേക്ക് നയിച്ചതെന്ന് അവൻ പറഞ്ഞു. കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. പിന്നീട് നിരീക്ഷണ കാലാവധി കഴിയും വരെ പല തവണ വിളിച്ച് ധൈര്യം നൽകിയപ്പോൾ.. ആശങ്കകളകന്ന് അവൻ അങ്ങനെ ചിന്തിച്ചു പോയതിൽ ക്ഷമിക്കണമെന്നും പറഞ്ഞു... ഇതു പോലെ എത്രയോ ആളുകൾക്ക് ആശ്വാസമാകാൻ ഈ കോവിഡ് കാലത്ത് സാധിച്ചല്ലോ.. എന്ന ആത്മസംതൃപ്തി വളരെ വലുതാണ്.

--------------------------------------------------

ധന്യമോൾ. എസ് - ഇ.എം.ജി.എച്ച്.എസ്.എസ്, ഫോർട്ട് കൊച്ചി

'ഒരു നല്ല കൗൺസിലർ ഒരു നല്ല ശ്രോധാവായിരിക്കണം'....

ഈ കോവിഡ് കാലത്ത് ടെലി കൗൺസല്ലിങ് വഴി ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരുപാട് പേരുമായി സംസാരിക്കാൻ സാധിച്ചു... ക്വാറന്റൈനിലിരിക്കുന്നവർ, ആരോഗ്യപ്രവർത്തകർ, ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾ ഇവരുടെയൊക്കെ ക്ഷേമമന്വേഷിച്ച് വിളിക്കുമ്പോൾ, ' ഞങ്ങളെയും അന്വഷിക്കാൻ ആളുണ്ടല്ലോ, ഞങ്ങളുടെ വിഷമങ്ങൾ പറയാനും അതു കേൾക്കാനും വിളിച്ചു ചോദിക്കാനും തോന്നിയല്ലോ!! ' എന്നൊക്കെയുള്ള അവരുടെ സന്തോഷവാക്കുകൾ ഫോണിൽ കൂടിയാണെങ്കിലും, കാതങ്ങൾക്കിപ്പുറം ആണെങ്കിൽ കൂടിയും കേൾക്കുമ്പോൾ ഉണ്ടാകുന്ന ആ ഒരു പോസിറ്റീവ് വൈബ്രേഷൻ ഉണ്ടല്ലോ... അത്‌ ശരിക്കും നമ്മുടെ ഹൃദയത്തിൽ ഒരു ഷോക്കടിക്കുന്ന പ്രതീതിയാണ് ജനിപ്പിക്കുന്നുത്‌. വല്ലാത്തൊരു ആത്മസംതൃപ്തി നൽകും.

പലപ്പോഴും അമ്മമാരോട് സംസാരിക്കുമ്പോൾ നമ്മൾ സ്വയം പരിചയപ്പെടുത്തി വിശേഷങ്ങൾ ചോദിക്കുമ്പോഴേ അവരുടെ ആരൊക്കെയോ ആയി നമ്മളെ കണ്ട്‌, അവരുടെ കൊച്ച്‌ കൊച്ച് സന്തോഷങ്ങളും വിഷമങ്ങളും പരാതികളും എന്തിന്.. അടുത്ത വീട്ടിലെ അന്നാമ്മച്ചിയും ശകുന്തളയും അവരുടെ വിശേഷങ്ങളും വരെ പങ്കുവെയ്ക്കും. വെറുതെ മൂളികൊടുക്കാം എന്നല്ലാതെ ഒരു വാക്ക് പോലും അങ്ങോട്ട് സംസാരിക്കാൻ സമ്മതിക്കില്ല!!!! ആരോടും മിണ്ടാനില്ലാതെ ഒറ്റയ്ക്ക് കഴിയുന്ന ആ അമ്മമാരുടെ വിഷമം മാറ്റാൻ അത്രയ്‌ക്കെങ്കിലും സാധിച്ചല്ലോ... ഒരു നല്ല ശ്രോദ്ധാവാക്കാൻ പറ്റിയല്ലോ!!! അങ്ങനെ ഒരു വാക്ക് പോലും പറയാതെ, മറ്റൊരു കൗൺസലിങ് ടെക്‌നിക്കുകളും ഉപയോഗിക്കാതെ തന്നെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഇതിലും നല്ലൊരു മാർഗ്ഗം വേറെയില്ല...