കോവിഡ് പ്രതിരോധം: പൊതുസമൂഹത്തിന്റെ ജീവിതശൈലി മാറണം - മുഖ്യമന്ത്രി

post

കോവിഡ് പ്രതിരോധം മുൻനിർത്തി പൊതുജനാരോഗ്യ സംവിധാനത്തിൽ ഇടപെടലുകലും പൊതുസമൂഹത്തിന്റെ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ ഉൾക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പൊതുസമൂഹത്തിന്റെയാകെ രോഗ പ്രതിരോധശക്തി വർധിപ്പിക്കുക എന്നതും കോവിഡ് 19നെ ചികിത്സിച്ചു സുഖപ്പെടുത്തുന്ന സ്പെഷ്യലൈസ്ഡ് ട്രീറ്റ്മെൻറ് പ്രോട്ടോകോളുകൾ യാഥാർത്ഥ്യമാക്കുക എന്നതും പരമ പ്രധാനമാണ്.

മാസ്‌ക് പൊതുജീവിതത്തിന്റെ ഭാഗമാകണം. തിക്കും തിരക്കും ഉണ്ടാകാത്തവിധം കച്ചവടസ്ഥാപനങ്ങളിലും പൊതുഗതാഗത സൗകര്യങ്ങളിലും ചന്തകളിലും ഒക്കെ ക്രമീകരണങ്ങൾ ഉണ്ടാവണം. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക, അവയിൽ ഉണ്ടാവുന്ന ആളുകളുടെ എണ്ണം ക്രമീകരിക്കുക തുടങ്ങിയ നടപടികൾ വ്യക്തികളും കുടുംബങ്ങളും തയാറാകേണ്ടി വരും. റെസ്റ്റോറൻറുകളിലും ഷോപ്പിങ് സെൻററുകളിലും മറ്റും മുൻകൂട്ടി സമയം നിശ്ചയിച്ച് ഉപഭോക്താക്കൾക്ക് ടൈം സ്ലോട്ട് അനുവദിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടിവരും. ലോക്ക്ഡൗൺ തുടർന്നാലും ഇല്ലെങ്കിലും നാം നമ്മുടെ ഇനിയുള്ള നാളുകൾ കൊറോണയെ കരുതിതൊണ്ടായിരിക്കണം ജീവിക്കുന്നത്.

ഒരുപക്ഷെ കൊറോണ വൈറസ് ഒരിക്കലും ഇല്ലാതാവുകയില്ല എന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്. വാക്സിന്റെ അഭാവത്തിൽ എച്ച്ഐവിയെ പോലെ തന്നെ ലോകത്താകെ നോവൽ കൊറോണ നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഡബ്ല്യുഎച്ച്ഒയിലെ വിദഗ്ധർ പറയുന്നത്.

കോവിഡ് 19, മനുഷ്യ ജീവൻ കവർന്നെടുത്ത് വിനാശകരമായി മാറിയ സാഹചര്യമാണ് നമുക്ക് ചുറ്റുമുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 124 മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ആരോഗ്യ-സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമായി നിൽക്കുന്നവരും രോഗത്തിന് കീഴടങ്ങിയിട്ടുണ്ട്. ഇവരുടെ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുന്നു.

പ്രതിരോധ പ്രവർത്തനങ്ങളിൽ അതാത് രാജ്യങ്ങൾ പുറപ്പെടുവിക്കുന്ന മുൻകരുതൽ നടപടികൾ എല്ലാ പ്രവാസി മലയാളികളും പിന്തുടരണം.  നാട് നിങ്ങൾക്കൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.