കോവിഡ് സമൂഹ വ്യാപന സാധ്യത പ്രത്യേകം പഠിക്കാന്‍ സംഘങ്ങള്‍ രൂപീകരിച്ച് ആരോഗ്യ വകുപ്പ്
കോവിഡ് വ്യാപന ഭീതിയൊഴിയാത്ത സംസ്ഥാനത്ത് സമൂഹ വ്യാപന സാധ്യത പ്രത്യേകം പഠിക്കാന്‍ സംഘങ്ങള്‍ രൂപീകരിച്ച് ആരോഗ്യ വകുപ്പ്. ഉറവിടം കണ്ടെത്താനാകാത്ത കേസുകളും സംഘം പ്രത്യേകം പഠിക്കും.
ജില്ലകളില്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് പഠനം തുടങ്ങി കഴിഞ്ഞു. ലോക്ക് ഡൗണ്‍ തുടരുമ്പോൾ ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ് കേരളം. മരണനിരക്കിലും രോഗമുക്തി കണക്കിലും ദേശീയ ശരാശരിയെക്കാള്‍ മികച്ച നേട്ടമാണ് കേരളത്തിന്. അതിനിടയില്‍ ഉറവിടമില്ലാത്ത രോഗവ്യാപനം വെല്ലുവിളിയാവുകയാണ്.
ജില്ലകളില്‍ പ്രത്യേക കമ്മിറ്റികള്‍ രൂപീകരിച്ചാണ് പഠനം. പ്രാഥമിക യോഗം ചേര്‍ന്നു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്ക് പരിശോധനയില്‍ മുന്‍ഗണന നല്‍കിയത് പോലെ പഠനത്തിലും മുന്‍ഗണന നല്‍കും. പോത്തന്‍ കോട് അബ്ദുള്‍ അസീസും മഞ്ചേരിയില്‍ മരിച്ച കുഞ്ഞും അടക്കം 26 കേസുകളുടെ ഉറവിടം അവ്യക്തമാണ്.
നിലവില്‍ ചികിത്സയില്‍ ഉള്ള 102 പേരില്‍ പതിനഞ്ചുപേര്‍ക്കും രോഗബാധ എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് പഠനം നടത്താന്‍ ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഒപ്പം സമൂഹ വ്യാപനസാധ്യതയും പഠിക്കും.
പ്രവാസികള്‍ വരാനിരിക്കെ ഇവയടക്കം ചേര്‍ത്തുള്ള പഠനറിപ്പോര്‍ട്ട് അടുത്ത ഘട്ട പ്രവര്‍ത്തനത്തില്‍ വലിയ സഹായകരമാകും. ഇനിയൊരു അടിയന്തിര സാഹചര്യം വന്നാല്‍പോലും നേരിടാനുള്ള തയ്യാറെടുപ്പ് കൂടിയാണ് ഈ പഠനത്തിന്റെ ലക്ഷ്യം. മുന്‍ഗണനാ വിഭാഗങ്ങളിലും റാന്‍ഡം പരിശോധനക്കെടുത്ത സാംപിളുകളിലും ബഹൂഭൂരിപക്ഷവും നെഗറ്റീവായത് ആശ്വാസമാണ്. പക്ഷെ ഈ രണ്ടുവിഭാഗങ്ങളിലുമായി 925 ഫലം ഇനിയും വരാനുണ്ട്. വൈറസ് ബാധ ഓരോ വിഭാഗത്തിലുണ്ടാക്കിയ ആഘാതവും സ്വഭാവവും പഠിക്കും.