ഡൽഹിയിൽ നിന്നുള്ള ആദ്യ സ്പെഷ്യൽ ട്രെയിൻ കേരളത്തിലെത്തി

post

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് കേരത്തിലേക്കുള്ള ആദ്യ രാജധാനി സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ (02432) ബുധനാഴ്ച രാവിലെ 11.25ന് യാത്ര തിരിച്ച ട്രെയിൻ ഇന്നലെ രാത്രിയോടെ കേരളത്തിൽ എത്തി. കോട്ട, വഡോദര, പന്‍വേല്‍, മഡ്ഗാവ്, മംഗളൂരു, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകള്‍ ഉണ്ടായിരുന്നത്.

രാത്രി 10 മണിക്കാണ് സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.40ന് എറണാകുളം സൗത്ത് ജംഗ്ഷനിലും രാവിലെ അഞ്ചരയോടെ തിരുവനന്തപുരത്തും എത്തി. 

സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ  വ്യാഴാഴ്ച രാത്രി 10 മണിക്കാണ് ട്രെയിൻ എത്തിയത്. 198 യാത്രക്കാർ കോഴിക്കോടിറങ്ങി. കോഴിക്കോടേക്ക് 216 പേർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും 18 പേർ പിന്നീട് റദ്ദാക്കി. കോഴിക്കോട് ഇറങ്ങിയ ആറു പേർക്ക് കോവിഡ് രോഗലക്ഷണം കണ്ടതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഒരു എസി ഫസ്റ്റ് ക്ലാസ്, 5 സെക്കൻഡ് എസി, 11 തേർഡ് എസി കോച്ചുകളിലായി ആയിരത്തിലധികം യാത്രക്കാരായിരുന്നു ട്രെയിനിൽ. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിലേക്കുള്ള യാത്രക്കാര്‍ കോഴിക്കോടാണ് ഇറങ്ങിയത്. ഇവരെ എല്ലാവരേയും റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തിയ ശേഷം ബസുകളിൽ വിവിധയിടങ്ങളിലേക്ക് കൊണ്ടുപോയി. 

പുലർച്ചെ 1.40നാണ് എറണാകുളം സൗത്ത് ജംങ്ഷനിൽ എത്തിയത്. ജില്ലയിൽ എത്തിയത് 411 പേരാണ്. ഇതിൽ 237 പേർ പുരുഷന്മാരും 174പേർ സ്ത്രീകളും ആണ്. എറണാകുളം ജില്ലക്കാരായ 106 പേരാണ് ട്രെയിനിൽ എത്തിയത്. യാത്രക്കാരിൽ ഒരാളെ നെഞ്ചു വേദനയെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ-45, ഇടുക്കി -20, കോട്ടയം-75, പത്തനംതിട്ട -46, തൃശൂർ -91, മലപ്പുറം -2, പാലക്കാട് -12, കണ്ണൂർ -1, വയനാട് -3, കൊല്ലം -19 എന്നിങ്ങനെയാണ് എറണാകുളത്ത് ഇറങ്ങിയ മറ്റ് ജില്ലക്കാരുടെ എണ്ണം.

രാവിലെ 5.30 യോടെ തിരുവനന്തപുരത്തെത്തിയ  യാത്രക്കാർ 348 പേർ ഉണ്ടായിരുന്നു. തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തിരുന്ന കുറേപ്പേർ എറണാകുളത്ത് ഇറങ്ങിയിരുന്നു. രോഗലക്ഷണം കണ്ട ഒരാളെ  ജനറലാശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുറത്തിറങ്ങിയ യാത്രക്കാർ   തിരുവനന്തപുരം - 131, കൊല്ലം- 74, ആലപ്പുഴ, കോട്ടയം - 21, പത്തനംതിട്ട - 64, തമിഴ്‌നാട് - 58 എന്നിങ്ങനെയാണ്.

എല്ലാ യാത്രക്കാരുടേയും ശരീരോഷ്മാവ് കയറുമ്പോഴും ഇറങ്ങുമ്പോഴും പരിശോധിച്ചു. യാത്രക്കാര്‍ മുഖാവരണം ധരിക്കണമെന്നും റെയില്‍വേ നിര്‍ദേശിച്ചിരുന്നു. വിദ്യാർത്ഥികള്‍, പ്രായമായവര്‍, രോഗികള്‍ തുടങ്ങിയവരാണ് ട്രെയിനിൽ എത്തിയത്. സ്ക്രീനിങ്ങിനുശേഷം രോഗലക്ഷണമുള്ളവരെ  സര്‍ക്കാര്‍ ക്വറന്റീന്‍ കേന്ദ്രങ്ങളിലേക്കും മറ്റുള്ളവരെ  ഹോം ക്വറന്റീനിലേക്കുമാണ് വിടുന്നത്. ജില്ലാ അടിസ്ഥാനത്തിൽ ഹെൽപ് ഡെസ്കുകളിൽ ആരോഗ്യ, പൊലീസ് വകുപ്പുകളിലെ ജീവനക്കാർ രേഖകൾ പരിശോധിച്ചു. വൈദ്യപരിശോധനയ്ക്കു ശേഷം രോഗലക്ഷണം ഇല്ലാത്തവർക്ക് 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റീന് അനുവദിച്ചു. ഹോം ക്വാറന്റീൻ പാലിക്കാനാകാത്തവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ സൗകര്യമാണ് ഒരുക്കിയത്. രോഗലക്ഷണമുള്ളവരെ തുടർപരിശോധനകൾക്കു വിധേയരാക്കി ആവശ്യമെങ്കിൽ ചികിത്സകേന്ദ്രത്തിലേക്കു കൊണ്ടുപോകാനും ആരോഗ്യവകുപ്പ് ജീവനക്കാർ സ്റ്റേഷനുകളിൽ സൗകര്യമൊരുക്കി. എല്ലാ യാത്രക്കാരുടെയും ലഗേജ് അണുമുക്തമാക്കാനും സൗകര്യമൊരുക്കി.

സ്റ്റേഷനിൽ നിന്നു വീടുകളിലേക്കു കൊണ്ടുപോകാൻ ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾ അനുവദിച്ചു. ഡ്രൈവർ ഹോം ക്വാറന്റീൻ സ്വീകരിക്കണം. റെയിൽവേ സ്റ്റേഷനിൽ നിന്നു വിവിധ സ്ഥലങ്ങളിലേക്കു കെഎസ്ആർടിസി സർവീസ് ഏർപ്പെടുത്തി. യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാൻ റെയിൽവേ സ്റ്റേഷനിൽ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യാനുസരണം കെഎസ്ആർടിസി സർവീസ് ഉറപ്പാക്കി.

കോവിഡ്-19 ജാഗ്രതാ പോർട്ടലിൽ പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാർ 14 ദിവസം നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ പോകേണ്ടിവരുമെന്നു സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്റ്റേഷനുകളിൽ അകത്തേക്കു പ്രവേശിക്കാനും പുറത്തേക്കു പോകാനും വെവ്വേറെ വഴികളാണ് ഒരുക്കിയത്. തിരുവനന്തപുരത്തു പ്ലാറ്റ്ഫോം നമ്പർ 2, 3 എന്നിവയാണ് സ്പെഷൽ ട്രെയിനുകൾക്കായി മാറ്റി വച്ചത്. ഒന്നാം പ്ലാറ്റ്ഫോമുകളിൽ യാത്രക്കാരുടെ പരിശോധനയ്ക്കും മറ്റുമായി 5 താൽക്കാലിക കൗണ്ടറുകൾ ക്രമീകരിച്ചു.