സംസ്ഥാനത്ത് 16 പേർക്കു കൂടി കോവിഡ്; രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നതായി മുഖ്യമന്ത്രി
കേരളത്തിൽ വെള്ളിയാഴ്ച 16 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വയനാട് ജില്ലയിൽ നിന്ന് അഞ്ചുപേർക്കും, മലപ്പുറം ജില്ലയിൽ നിന്ന് നാലുപേർക്കും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ നിന്ന് രണ്ടുപേർക്കും കൊല്ലം, പാലക്കാട്, കാസർകോട് ജില്ലകളിൽ നിന്ന് ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഏഴു പേർ വിദേശത്തുനിന്നും നാലു പേർ തമിഴ്നാട്ടിൽ നിന്നും രണ്ടു പേർ മുംബയിൽ നിന്നും വന്നതാണ്. ഇതുവരെ 576 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 80 പേർ ഇപ്പോൾ ചികിത്സയിലാണ്. സംസ്ഥാനത്ത് കോവിഡ് 19 കേസുകളുടെ എണ്ണം വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സമ്പർക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നിലുണ്ട്. കരുതൽ വർധിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 48,825 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 48,287 പേർ വീടുകളിലും 538 പേർ ആശുപത്രികളിലുമാണ്. 122 പേരെയാണ് വെള്ളിയാഴ്ച ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
മലപ്പുറത്ത് നിന്നാണ് കൂടുതൽ പേരെ ആശുപത്രിയിലാക്കിയത്, 36 പേർ. കോഴിക്കോട് 17ഉം കാസർകോട് 16 ഉം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗം ബാധിച്ച കൂടുതൽ പേർ ആശുപത്രിയിൽ ചികിത്സയിലുള്ളത് വയനാട് ജില്ലയിലാണ്, 19 പേർ. ഇതുവരെ 42,201 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 40,639 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 4630 സാമ്പിളുകൾ ശേഖരിച്ചതിൽ 4424 സാമ്പിളുകൾ നെഗറ്റീവ് ആയി. നിലവിൽ 16 ഹോട്ട്‌സ്‌പോട്ടുകളാണ് കേരളത്തിലുള്ളത്.
വിദേശത്തു നിന്നു വന്ന 311 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ എട്ടു പേർ വിദേശികളാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 70 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 187 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.