വാത്സല്യ കൂട്ടിലേക്ക് കളക്ടർ എത്തി, കരുതൽ ഏറ്റുവാങ്ങാൻ.....
രാപ്പകലില്ലാത്ത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആണ് എറണാകുളം കളക്ടർ എസ് സുഹാസിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്നതെങ്കിലും വാത്സല്യ ഭവനത്തിൽ ഇന്ന് എത്താതിരിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. കോവിഡ് പ്രവർത്തനങ്ങൾക്കായി വടുതല വാത്സല്യ ഭവൻ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ കരുതലോടെ കാത്തുവെച്ച തുക സ്വീകരിക്കാനായിരുന്നു കളക്ടർ എത്തിയത്. ഒപ്പം മുൻപ് നൽകിയ വാക്ക് പാലിക്കൽ കൂടിയായി അത്.
കോവിഡ് വ്യാപനം ആരംഭിച്ച സമയം മുതൽ വാത്സല്യ ഭവനിലെ കുട്ടികൾ പ്രതിരോധത്തിനായി മാസ്കുകൾ നിർമിച്ചു തുടങ്ങിയിരുന്നു. ഏപ്രിൽ 21ന് അവർ നിർമിച്ച മാസ്കുകൾ കളക്ടർക്ക് കൈ മാറുകയും ചെയ്തു. കളക്ടർക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള മാസ്കും അതിൽ ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിലൂടെ വിവരങ്ങൾ മനസിലാക്കിയ നിരവധി പേർ അഭിനന്ദനവും സഹായവുമായി മുന്നോട്ട് വരികയും ചെയ്തു.
ലോകം തന്നെ കോവിഡ് ഭീഷണിയിൽ പൊരുതുമ്പോൾ തങ്ങളാൽ ആവുന്ന സഹായം ചെയ്യണമെന്ന കുട്ടികളുടെ ആഗ്രഹം കൂടിയാണ് ഡോൺ ബോസ്കോ സന്യാസ കൂട്ടായ്മക്ക് കീഴിൽ വരുന്ന എറണാകുളം വിമലാലയത്തിലെ പ്രവർത്തകർ ആണ് അവരുടെ ആഗ്രഹം പൂർത്തീകരിച്ചു നൽകിയത്. കുട്ടികളുടെ പ്രവർത്തനങ്ങളെ കുറിച്ച് കേട്ടറിഞ്ഞ നിരവധി പേർ അവർക്കായി നൽകിയ സഹായങ്ങൾ സ്വരൂപിച്ചു കിട്ടിയ 18000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ മാറിയത്.
പതിമൂന്നിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള 21 കുട്ടികൾ ആണ് വാത്സല്യ ഭവനിൽ ഉള്ളത്. അവരിൽ 15 പേരാണ് മാസ്ക് നിർമാണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ അവധി കാലത്തും ഏർപ്പെട്ടിരിക്കുന്നത്.
മാസ്കുകൾ കൈ മാറിയപ്പോൾ കുട്ടികളെ കാണാനായി എത്തുമെന്ന് കളക്ടർ നൽകിയ വാക്ക് കൂടി ഇന്ന് യാഥാർഥ്യമായി. കുട്ടികൾക്ക് എംബ്രോയിഡറി, തയ്യൽ, സംഗീതോപകരങ്ങൾ എന്നിവയിൽ വാത്സല്യ ഭവനിൽ പരിശീലനം നൽകുന്നുണ്ട്. തങ്ങളുടെ കഴിവുകൾ നാടിന് ഗുണകരമായ രീതിയിൽ ഉപയോഗിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് അവർ.