ആരോഗ്യ മന്ത്രിയെ പ്രകീര്‍ത്തിച്ച് ദ ഗാർഡിയൻ

post

ജനസംഖ്യ 35 ദശലക്ഷം, കോവിഡ് 19 ബാധിച്ചവർ 524, മരണം നാല്, സമൂഹ വ്യാപനം ഇല്ല. കൊറോണ വൈറസ് സംബന്ധിച്ച് കേരളത്തിലെ കണക്ക് വിവരങ്ങളാണിത്. കേരളത്തിൽ കൊറോണയെ പിടിച്ചുകെട്ടി നിർത്തുന്നതിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ മിടുക്ക് അന്താരാഷ്ട്ര മാധ്യമമായ ദ ഗാർഡിയൻ വിവരിച്ചുതുടങ്ങുന്നത് ഇങ്ങനെയാണ്. കൊറോണയുടെ കൊലയാളി, റോക്ക് സ്റ്റാർ ആരോഗ്യമന്ത്രി എന്നീ പേരുകളിലാണ് 63 കാരിയായ കെ കെ ശൈലജ ടീച്ചർ ഇപ്പോൾ അറിയപ്പെടുന്നത്. കൊറോണയെ നേരിടാൻ ആരോഗ്യ വകുപ്പ് മന്ത്രി എന്ന നിലയിൽ ടീച്ചർ കൈക്കൊണ്ട നടപടികളെ ലേഖിക ലോറ സ്പിന്നി വിശദീകരിക്കുന്നു.

കൊറോണക്ക് മുമ്പ് തന്നെ ആരോഗ്യ മന്ത്രി എന്ന നിലയില്‍ ശൈലജ ടീച്ചറുടെ പ്രവര്‍ത്തന മികവ് രാജ്യം കണ്ടതാണ്. 2018 നിപ വൈറസ് ബാധയെ പിടിച്ചു കെട്ടുന്നതില്‍ മന്ത്രിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. നിപ പ്രഭവകേന്ദ്രത്തില്‍ നേരിട്ട് എത്തിയാണ് മന്ത്രി ആവശ്യമായ നടപടികള്‍ കൈക്കൊണ്ടത്. കൊറോണ രാജ്യത്ത് എത്തും മുമ്പേ ശൈലജ ടീച്ചര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലും ഇത്തരം ഒരു വൈറസിന്റെ സാന്നിധ്യം ഉണ്ടായേക്കാം എന്ന ദീർഘവീക്ഷണത്തോടെ റാപ്പിഡ് റെസ്പോൺസ് ടീം വിളിച്ചുകൂട്ടുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതോടനുബന്ധിച്ച് മൂന്ന് ദിവസത്തിനകം എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറക്കുകയും ചെയ്തു. ഇത്രയും മുന്നൊരുക്കം നടത്തിയ ശേഷമാണ് രാജ്യത്തെ ആദ്യ കോവിഡ് കേസ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചികില്‍സ, ക്വാറന്റൈൻ, ഐസോലേഷന്‍ എന്നീ നടപടികള്‍ സ്വീകരിച്ച് കൊറോണയെ തോല്പിച്ചു.

ഇപ്പോൾ കേരളം നേരിടുന്നത് രണ്ടാം ഘട്ടം ആണ്. ഇക്കാലയളവിലാണ് വൈറസ് വ്യാപനം വര്‍ദ്ധിച്ചത്. എന്നിരുന്നാലും സമയോചിതമായ ഇടപെടലിലൂടെ കേരളത്തില്‍ മരണ നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞതായി ദ ഗാർഡിയൻ ചൂണ്ടിക്കാട്ടുന്നു. യുകെ, അമേരിക്ക എന്നീ വികസിത രാജ്യങ്ങളിലെ ജനസംഖ്യയും ജിഡിപിയുമടക്കം താരതമ്യം ചെയ്താണ് ദ ഗാർഡിയൻ കേരളത്തിലെ നേട്ടം എടുത്തു പറയുന്നത്. 35 ദശലക്ഷം ജനസംഖ്യയും 2,200 പൗണ്ട് ജിഡിപിയും വരുന്ന കേരളത്തില്‍ നാല് മരണങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയതത്. ഇരട്ടി ജനസംഖ്യയും 33,100 ജിഡിപിയും ഉള്ള യുകെയില്‍ മരണം 40,000 കടന്നവുവെന്നും 10 മടങ്ങ് ജനസംഖ്യയും 51,000 പൗണ്ട് ജിഡിപിയും ഉള്ള അമേരിക്കയില്‍ മരണം 82,000 കടന്നുവെന്നും മാധ്യമം എടുത്തുപറയുന്നു. ഇരു രാജ്യങ്ങളും സമൂഹ വ്യാപനം അനിയന്ത്രിതമായി. 

കോറോണക്കെതിരേ പോരാടാന്‍ കേരളത്തിന് പ്രാപ്തി കൈവന്നത് താഴെ തട്ട് മുതൽ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളാണ്. ആരോഗ്യ മേഖലയിലുണ്ടാക്കിയെടുത്ത വികസനം ആണ് ഇതിന്‌ മുതൽകൂട്ട്. കേരളത്തിലെ ഏതൊരു ഗ്രാമത്തിലും പ്രാഥമിക ആരോഗ്യ കേന്ദ്രം കാണാനാകും. മികച്ച ചികിത്സ ഉറപ്പാക്കാന്‍ 10 മെഡിക്കൽ കോളേജുകളും. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ ശിശു മരണ നിരക്ക് കുറവും കേരളത്തിൽ ആണ്.

കൊറോണ രണ്ടാം വരവ് നടത്തിയപ്പോള്‍ തന്നെ ഓരോ ജില്ലയിലും രണ്ട് ആശുപത്രികള്‍ വീതം കൊറോണ ചികിത്സക്ക് വേണ്ടി  പ്രത്യേകം സജ്ജമാക്കി. ഇതോടൊപ്പം എല്ലാ മെഡിക്കല്‍ കോളേജുകളിലും 500 കിടക്കകള്‍ കൊറോണ ബാധിതര്‍ക്കായി മാറ്റി വച്ചു. ജനങ്ങള്‍ക്കിടയില്‍ സാമൂഹിക അകലം, ആണു നശീകരണം, സോപ്പ്, ഹാന്‍ഡ് വാഷ്, സാനിറ്റൈസർ, മാസ്ക് എന്നിവയുടെ ഉപയോഗം ഉറപ്പ് വരുത്തി. വൈറസ് ബാധ സംശയിക്കുന്നവരെ ക്വാറന്റൈനിലും രോഗം സ്ഥിരീകരിച്ചവരെ ഐസോലേഷനിലും നിർത്തി പരിചരണവും ചികില്‍സയും നല്‍കി. ഇതെല്ലാം ആണ് സംസ്ഥാനത്തെ പ്രതിരോധത്തിന്റെ മുന്‍ നിരയില്‍ നിര്‍ത്തുന്നതെന്ന് ശൈലജ ടീച്ചർ പറയുന്നു.

ദ ഗാർഡിയൻ ലേഖനം വായിക്കാം: https://www.theguardian.com/world/2020/may/14/the-coronavirus-slayer-how-keralas-rock-star-health-minister-helped-save-it-from-covid-19