പാസ്സില്ലാതെ ആരും അതിര്‍ത്തികളിലേക്ക് വരരുത് - മുഖ്യമന്ത്രി
അതിര്‍ത്തികളില്‍ പണം വാങ്ങി ആളുകളെ കടത്താന്‍ ചിലര്‍ ശ്രമിക്കുന്നു എന്നു പരാതിയുണ്ട്. കര്‍ണാടകത്തില്‍ നിന്ന് കാസര്‍കോട്ടേക്ക് ആളെ കടത്തുന്ന സംഘം സജീവമാണ് എന്ന് വാര്‍ത്ത വന്നു. പാസില്ലാതെ ആളുകളെ കടത്തിവിട്ടു എന്ന് ചിലര്‍ ചാനലുകളിലൂടെ പറയുന്നതും കണ്ടു. ഇത്തരം പ്രവണതകള്‍ ഉണ്ടാക്കുന്ന അപകടമാണ് കഴിഞ്ഞദിവസം വാളയാറില്‍ കണ്ടത്. കൃത്യമായ പരിശോധനകളും രേഖകളുമില്ലാതെ ഇങ്ങനെ ആളുകള്‍ എത്തുന്നത് നമ്മുടെ സംവിധാനത്തെ തകര്‍ക്കുമെന്ന് പലവട്ടം ഓര്‍മിപ്പിച്ചതാണ്. ഒരാള്‍ അങ്ങനെ കടന്നുവന്നാല്‍ ഒരു സമൂഹം മുഴുവന്‍ പ്രതിസന്ധിയിലാകും. ഇക്കാര്യം പറയുമ്പൊഴും നിബന്ധനകളെക്കുറിച്ച് ഓര്‍മിപ്പിക്കുമ്പോഴും മറ്റു തരത്തില്‍ ചിത്രീകരിക്കേണ്ടതില്ല. കര്‍ക്കശമായി തന്നെ നിബന്ധനകള്‍ നടപ്പാക്കാന്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും അതിന് സഹായം നല്‍കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. വികാരമല്ല വിചാരമാണ് എല്ലാവരെയും നയിക്കേണ്ടത്.