രാജ്യത്ത് ലോക്‌ഡൗൺ മെയ് 31 വരെ നീട്ടി
കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗൺ മെയ് 31വരെ നീട്ടി. ഇത് സംബന്ധിച്ച മാർഗനിർദേശം കേന്ദ്രം പുറപ്പെടുവിച്ചു. മൂന്നാംഘട്ട ലോക്ക്ഡൗൺ ഇന്ന് അർധരാത്രി അവസാനിക്കാനിരിക്കെയാണ് തീരുമാനം.
∙ ആരാധനാലയങ്ങൾ, റസ്‌റ്റോറന്റുകൾ , തീയറ്ററുകൾ, മാളുകള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, പാർക്കുകൾ, ബാറുകളും ഓഡിറ്റോറിയങ്ങളും മെയ് 31 വരെ അടഞ്ഞുകിടക്കും.
∙ സ്പോർട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാൻ അനുമതി നല്‍കും, ഇവിടെ നിരീക്ഷണം ഉറപ്പാക്കും. ഇവിടുങ്ങളിൽ കാണികൾ ഉണ്ടാകാൻ പാടില്ല.
∙ എല്ലാ തരത്തിലുമുള്ള സാമൂഹിക–രാഷ്ട്രീയ–വിനോദ–വിദ്യാഭ്യാസ–സാംസ്കാരിക–മതപരമായ ചടങ്ങുകളും മറ്റ് കൂടിച്ചേരലുകളും 31 വരെ പൂർണമായും വിലക്കി.
∙ ഓൺലൈൻ/ഡിസ്റ്റൻസ് ലേണിങ് പ്രോത്സാഹിപ്പിക്കും.
∙ ഹോം ഡെലിവറിക്കായി അടുക്കളകൾ പ്രവർത്തിപ്പിക്കാൻ റസ്‌റ്റോറന്റുകൾക്ക് അനുമതിയുണ്ട്.
∙ ആരോഗ്യ പ്രവർത്തകർ, പൊലീസ്, സർക്കാർ ഉദ്യോഗസ്ഥർ, ടൂറിസ്റ്റുകൾ ഉൾപ്പെടെ രാജ്യത്ത് കുടുങ്ങിപ്പോയവർ എന്നിവർക്കു വേണ്ടി പ്രവർത്തിക്കുന്നവയും ക്വാറന്റീനു വേണ്ടി ഉപയോഗപ്പെടുത്തുന്നതുമായ ഹോട്ടലുകളും റസ്‌റ്റോറന്റുകളും ഉൾപ്പെടെയുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങൾക്ക് പ്രവർത്തിക്കാം.
∙ ബസ് ഡിപ്പോകൾ, റെയിൽവേ സ്റ്റേഷൻ, എയർപോട്ട് എന്നിവിടങ്ങളിലെ ക്യാന്റീനുകൾക്ക് പ്രവർത്തിക്കാം.
∙ സോണുകൾ സംബന്ധിച്ച തീരുമാനം സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാം. ആരോഗ്യവകുപ്പ് അനുശാസിക്കുന്ന നിർദേശങ്ങൾ അനുസരിച്ചു മാത്രമായിരിക്കണം സോണുകൾ തീരുമാനിക്കേണ്ടത്.
∙ സോണുകൾക്കുള്ളിലെ കണ്ടെയ്ൻമെന്റ് സോണും ബഫർ സോണും തീരുമാനിക്കാനുള്ള അധികാരം ജില്ലാ ഭരണകൂടങ്ങൾക്കു ലഭിക്കും. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡ പ്രകാരം മാത്രമാണിത്.
∙ കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യസേവനം മാത്രമേ അനുവദിക്കുകയുള്ളൂ, ഈ മേഖലയിൽ അകത്തേക്കും പുറത്തേക്കും പോകുന്നതിന് അനുമതിയില്ല.
∙ എല്ലാ മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും അടഞ്ഞുകിടക്കും. മതപരമായ കൂടിച്ചേരലുകൾക്ക് കർശന വിലക്ക് തുടരും.
∙ കല്യാണത്തിന് 50 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേര്‍ക്കും ഒരു സമയം പങ്കെടുക്കാം.
∙ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പരസ്പര സമ്മതത്തോടെ ഇവിടങ്ങളിലേക്കുള്ള യാത്ര അനുവദിക്കും.
∙ ഓരോ സംസ്ഥാനത്തെയും കേന്ദ്ര ഭരണ പ്രദേശത്തെയും യാത്ര എപ്രകാരം വേണമെന്ന് ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ അധികൃതർക്കു തീരുമാനിക്കാം.
∙ കണ്ടെയ്ൻമെന്റ് സോണുകളിൽ ഒരുതരത്തിലുമുള്ള യാത്ര അനുവദിക്കില്ല.
∙ നൈറ്റ് കർഫ്യൂ നടപ്പാക്കുന്നയിടങ്ങളിൽ വൈകിട്ട് ഏഴിനും രാവിലെ ഏഴിനും ഇടയ്ക്ക് ജനത്തിനു പുറത്തിറങ്ങാൻ അനുവാദമില്ല. അവശ്യ സേവനത്തിലേർപ്പെടുന്നവർക്ക് പുറത്തിറങ്ങാം. ഇതു സംബന്ധിച്ച് പ്രാദേശിക ഭരണകൂടങ്ങൾക്കു തീരുമാനമെടുക്കാം.
∙ അവശ്യങ്ങൾക്കോ ആശുപത്രിയിലേക്കോ അല്ലാതെ 65 വയസ്സിനു മുകളിലുള്ളവർക്കും 10 വയസ്സിനു താഴെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും മറ്റുതരത്തിലുള്ള അവശതകളുള്ളവർക്കും പുറത്തിറങ്ങാൻ അനുവാദമില്ല.
∙ സാഹചര്യങ്ങൾ മനസ്സിലാക്കി ആവശ്യമെങ്കിൽ സംസ്ഥാനങ്ങള്‍ക്ക് നിരോധനങ്ങൾ ഏർപ്പെടുത്താം.
∙ മെഡിക്കൽ പ്രവർത്തകർ, നഴ്സുമാര്‍, പാരാമെഡിക്കൽ സ്റ്റാഫ്, ശുചീകരണ തൊഴിലാളികൾ, ആംബുലൻസ് എന്നിവയുടെ സഞ്ചാരം സംസ്ഥാനങ്ങള്‍ക്ക് അകത്തും അതിർത്തിയിലും തടയരുത്.
∙ കാലിയായ ട്രക്കുകൾ ഉൾപ്പെടെ എല്ലാ ചരക്ക്–കാർഗോ വാഹനങ്ങളുടെയും സംസ്ഥാനാന്തര സഞ്ചാരം തടസ്സപ്പെടുത്തരുത്.
∙ പുതുക്കിയ മാര്‍ഗനിർദേശങ്ങളിൽ ഒരുതരത്തിലും വെള്ളം ചേർക്കരുതെന്ന് കർശന നിർദേശമുണ്ട്. നിർദേശം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ മജിസ്ട്രേറ്റുമാർക്ക് അനുമതി നൽകി.
∙ പൊതു–തൊഴിലിടങ്ങളിൽ മാസ്ക് തുടർന്നും നിർബന്ധമാക്കി.
∙ പൊതു–തൊഴിലിടങ്ങളിൽ തുപ്പിയാൽ പിഴ ചുമത്തും.
∙ പൊതു ഇടങ്ങളിലും ഗതാഗതത്തിനിടയിലും സാമൂഹിക അകലം ഉറപ്പാക്കണം.
∙ പൊതുഇടങ്ങളിലെ മദ്യപാനം, പാൻ, ഗുഡ്ക, പുകയില എന്നിവ ചവയ്ക്കുന്നതും നിരോധിച്ചു.
∙ ഒരു സമയം 5 പേരിൽ കൂടുതൽ കടകളിലുണ്ടാകരുത്. ഓരോരുത്തർക്കുമിടയിൽ ആറടി അകലമുണ്ടായിരിക്കണം.
∙ പരമാവധി വർക്ക് ഫ്രം ഹോമിനുള്ള അവസരങ്ങൾ തൊഴിലുടമകൾ ഒരുക്കണം.
∙ തെർമല്‍ സ്ക്രീനിങ്ങും ഹാൻഡ് വാഷും സാനിറ്റൈസർ ഉപയോഗവും എല്ലാ തൊഴിലിടങ്ങളിലും ഉറപ്പാക്കണം.
∙ തൊഴിലിടങ്ങളിൽ കൃത്യമായ ഇടവേളകളിൽ വാതിൽപ്പിടികൾ ഉൾപ്പെടെ കൃത്യമായി വൃത്തിയാക്കണം.
∙ സാമൂഹിക അകലവും തൊഴിലിടത്തിൽ ഉറപ്പാക്കണം.
No. 40-3/2020-DM-I (A) - 17.05.2020