കോവിഡ് കാലത്ത് കുട്ടികളിലെ പോഷക കുറവിന് പരിഹാരവുമായി തേനമൃത് എത്തി
കോവിഡ് കാലത്ത് മൂന്ന് വയസ് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികളുടെ പോഷകക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെളളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ കമ്മ്യൂണിറ്റി സയന്‍സ് വിഭാഗവും സംയുക്തമായി തയ്യാറാക്കിയ 'തേനമൃത്' ന്യൂട്രിബാറുകളുടെ വിതരണത്തിന് തുടക്കംകുറിച്ചു. സെക്രട്ടറിയേറ്റ് ലയം ഹാളില്‍ നടന്ന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് തേനമൃത് പായ്ക്കറ്റുകള്‍ കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു. നമ്മുടെ നാട്ടിലെ വളരെയധികം പോഷണക്കുറവുള്ള കുട്ടികളെക്കൂടി ശ്രദ്ധിച്ചു കൊണ്ടു മാത്രമേ കുട്ടികളുടെ ആരോഗ്യം പൂര്‍ണമായി സംരക്ഷിക്കാനാകൂവെന്ന്് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യം എങ്ങനെ മരുന്നാക്കി മാറ്റാമെന്നതാണ് പ്രധാനമെന്നും ഇതിന്റെ ഭാഗമായാണ് വനിത ശിശുവികസന വകുപ്പുമായി ചേര്‍ന്ന് തേനാമൃതം ആവിഷ്‌ക്കരിച്ചതെന്നും മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. ഇത് വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍ ശ്രമിക്കുന്നതാണ്. ശുദ്ധമായ തേന്‍ കുട്ടികള്‍ക്ക് എത്തിക്കുന്ന പദ്ധതിയും നടപ്പിലാക്കുന്ന കാര്യം പരിഗണിച്ച് വരുന്നതായും അദ്ദേഹം പറഞ്ഞു.
സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് തേനമൃത് എന്ന ന്യുട്രി ബാറുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ പോഷക ന്യൂനതയുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ പോഷക ബാറുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളില്‍ 5532 കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിന് 100 ഗ്രാം വീതമുള്ള 1,15,000ല്‍ പരം ന്യൂട്രി ബാറുകളാണ് വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. 11.50 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി ചെലവഴിക്കുന്നത്.
കുട്ടികളിലെ അടിസ്ഥാന പോഷകാഹാര പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും പകര്‍ച്ച വ്യാധികളെ നേരിടുന്നതിനും പര്യാപ്തമായ രീതിയിലാണ് ഈ പോഷക ബാറുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. പോഷക സമ്പന്നമായ നിലക്കടല, എള്ള്, റാഗി, സോയ ബീന്‍സ്, മറ്റു ധാന്യങ്ങള്‍, ശര്‍ക്കര തുടങ്ങി 12 ഓളം ചേരുവകള്‍ ഉപയോഗിച്ചാണ് ന്യൂട്രിബാര്‍ ഉണ്ടാക്കിയിരിക്കുന്നത്. വനിതാ ശിശുവികസന വകുപ്പിന്റെ പ്രതേക നിര്‍ദേശ പ്രകാരം നിലവിലുള്ള പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഏറ്റവും കുറഞ്ഞ നിരക്കിലാണ് സര്‍വകലാശാല ന്യൂട്രിബാറുകള്‍ നല്‍കുന്നത്.
സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, സയന്റിസ്റ്റ് ഡോ. ജേക്കബ് ജോണ്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. വെള്ളാനിക്കര കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും ചീഫ് വിപ്പ് കെ. രാജന്‍, വൈസ് ചാന്‍സലര്‍ ആര്‍ ചന്ദ്രബാബു, ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ. പി. ഇന്ദിരാദേവി , ഡോ. സി. നാരായണന്‍ കുട്ടി, ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ചിത്രലേഖ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തു.
Inaguration Video: https://youtu.be/xCC6AIOrj_M