സുഭിക്ഷ കേരളം: കർഷക രജിസ്‌ട്രേഷൻ പോർട്ടൽ പ്രവർത്തനം തുടങ്ങി

post

കോവിഡ് 19 മഹാമാരി മൂലം സാമ്പത്തിക കാർഷിക മേഖലകളിൽ വെല്ലുവിളികൾ നേരിടുന്ന കേരളത്തിന് ഇതിനെ അതിജീവിക്കുന്നതിനും ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി കേരള സർക്കാർ നടപ്പിലാക്കുന്ന സംയോജിത കാർഷിക പുനരുജ്ജീവന പദ്ധതിയായ സുഭിക്ഷകേരളത്തിന്റെ കർഷക രജിസ്‌ട്രേഷൻ പോർട്ടൽ പ്രവർത്തനം തുടങ്ങി.

www.aims.kerala.gov.in/subhikshakeralam  പോർട്ടലിൽ വ്യക്തികൾ, ഗ്രൂപ്പുകൾ, സ്ഥാപനങ്ങൾ എന്നിവക്കായി പ്രത്യേക രജിസ്‌ട്രേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ പോർട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ സന്നിഹിതരായിരുന്നു.

വ്യക്തിഗത വിവരങ്ങൾക്ക് പുറമെ കൃഷി സ്ഥലത്തിന്റെ വിവരങ്ങൾ, കൃഷി ചെയ്യുവാൻ ഉദ്ദേശിക്കുന്ന കാർഷിക വിളകളുടെ നടീൽ, വിളവെടുപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കും. ഇത് ക്രോഡീകരിച്ച് പദ്ധതി ആസൂത്രണത്തിനും നടത്തിപ്പിനുമായി വാർഡ്/ പഞ്ചായത്ത്/ കൃഷി ഭവൻ തലത്തിലും, ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ലഭ്യമാക്കും. വിളവെടുപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ കർഷകർക്ക് നഷ്ടം ഉണ്ടാകാത്ത രീതിയിൽ സംഭരണ-വിതരണത്തിനായി വി.എഫ്.പി.സി.കെ, ഹോർട്ടികോർപ് എന്നീ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കും. കൃഷി ഉദ്യോഗസ്ഥരുടെ സ്ഥലപരിശോധനയുടെ അടിസ്ഥാനത്തിൽ സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായും സുതാര്യമായും ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് പോർട്ടിലിലെ വിവരങ്ങൾ ഉപയോഗിക്കും. പോർട്ടൽ സംബന്ധിച്ച സംശയ നിവാരണത്തിന് ഫോൺ: 0471-2303990, 0471-2309122, ഇ-മെയിൽ: subhikshakeralam@gmail.com.