എൻജിനിയറിങ് ഡിപ്ലോമ പരീക്ഷ: രജിസ്‌ട്രേഷൻ പുനരാരംഭിച്ചു
സാങ്കേതിക വിദ്യാഭ്യാസ പരീക്ഷാ കൺട്രോളർ നടത്തുന്ന ത്രിവൽസര എൻജിനിയറിങ് ഡിപ്ലോമ പരീക്ഷയുടെ രജിസ്‌ട്രേഷൻ പുനരാരംഭിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ മേയ് 22ന് മുൻപ് പൂർത്തിയാക്കും. https://tekerala.org/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. റിവിഷൻ (2015), റിവിഷൻ (2010) സ്‌കീമുകളിലെ അർഹരായ എല്ലാ വിദ്യാർഥികളും (എല്ലാ സെമസ്റ്ററുകളും 1 മുതൽ 6 വരെ) ഈ കാലയളവിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കി പരീക്ഷാ കേന്ദ്രം ഉറപ്പാക്കണം.
കോവിഡ് 19 പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് അവരുടെ വാസസ്ഥലത്തിന് സമീപത്തെ പോളിടെക്‌നിക്ക് കോളേജിലേക്ക് പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് അവസരം ഉണ്ടായിരിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ നടപടികളോടൊപ്പം പരീക്ഷാകേന്ദ്രം തെരഞ്ഞെടുക്കണം. പരീക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള സമയം നീട്ടിയിട്ടുണ്ട്. പരീക്ഷാർഥികൾ കോഴ്‌സ് വിജയകരമായി പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് കൈപ്പറ്റുന്ന അവസരത്തിലോ അടുത്ത പരീക്ഷയുടെ രജിസ്‌ട്രേഷൻ സമയത്തോ (ഏതാണോ ആദ്യം എന്ന രീതിയിൽ) ഫീസ് അടയ്ക്കണം. രജിസ്‌ട്രേഷൻ ഫോം സ്ഥാപനത്തിൽ സമർപ്പിക്കേണ്ട. സപ്ലിമെന്ററി വിദ്യാർഥികൾക്കും നിലവിൽ റോളിലുള്ള എല്ലാ റെഗുലർ വിദ്യാർഥികൾക്കും രജിസ്‌ട്രേഷൻ അനുവദിക്കും. ഹാജർ നിബന്ധനകളിൽ ഇളവു വരുത്തിയിട്ടുണ്ട്.
റിവിഷൻ (2015) സ്‌കീമിൽ ഉൾപ്പെട്ട ആറാം സെമസ്റ്റർ (റെഗുലർ/ സപ്ലിമെന്ററി), ഒന്നു മുതൽ അഞ്ച് വരെ സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷകൾ ജൂണിൽ ഒന്നാം ഘട്ടമായി നടത്തും. റിവിഷൻ (2010) സ്‌കീമിലെ പരീക്ഷകളും റിവിഷൻ (2015) ലെ 2, 4 സെമസ്റ്റർ പരീക്ഷകളും അടുത്ത ഘട്ടത്തിൽ നടത്തും.
ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തീകരിക്കാൻ സാങ്കേതിക ബുദ്ധിമുട്ടുള്ള അപേക്ഷകർ 0471-2775443, 2775444 എന്നിവയിൽ വിളിക്കണം. april.2020exam@gmail.com എന്ന ഇ-മെയിൽ മുഖേനയും സഹായം തേടാം.