കോവിഡ് പ്രതിരോധത്തിലെ കേരളമാതൃക: ബിബിസിയുടെ അതിഥിയായി ശൈലജ ടീച്ചർ

post

കോവിഡിനെതിരായ പോരാട്ടത്തിൽ വികസിത രാജ്യങ്ങളെപോലും അദ്ഭുതപ്പെടുത്തുന്ന കേരളത്തിൻ്റെ മുന്നേറ്റം ബിബിസിയിലൂടെ പങ്കുവെച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ. ബിബിസി വേള്‍ഡ് ന്യൂസില്‍ അതിഥിയായെത്തിയാണ് ശൈലജ ടീച്ചർ കേരളത്തിന്റെ കൊറോണ പ്രതിരോധ രീതികളെക്കുറിച്ച് വിവരിച്ചത്.

സംസ്ഥാനത്ത് കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നത് വരെ കാത്തുനില്‍ക്കാതെ ആവശ്യമായ മുന്നൊരുക്കങ്ങളും പ്രതിരോധ നടപടികളും സ്വീകരിച്ചിരുന്നു. ഇങ്ങനെ ആണ് രോഗബാധിതകരുടെ എണ്ണവും മരണ നിരക്കും കുറച്ചുനിര്‍ത്താനായതെന്ന് ആരോഗ്യമന്ത്രി ബിബിസിയോട് പറഞ്ഞു. കൂടുതൽ പേര്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ വിമാനത്താവളം, ചെക്ക് പോസ്റ്റുകള്‍, സീ പോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ വച്ച് തന്നെ പരിശോധന നടത്തി. വൈറസ്‌ ബാധ ഉണ്ട് എന്ന് സംശയിക്കുന്നവരെ അവിടെ നിന്നും നേരിട്ട് ആശുപത്രിയിലേക്ക് മാറ്റുകയും ചികില്‍സ നല്‍കുകയും ചെയ്യുന്നു. മറ്റുള്ളവരെ എല്ലാം ഹോം ക്വാറന്റൈനിൽ അയക്കുകയും ചെയ്യുന്നത് വഴി രോഗവ്യാപനം കുറയ്ക്കാനാകുന്നു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നാല് വര്‍ഷമായി ആര്‍ദ്രം പദ്ധതിക്ക് കീഴില്‍ ആരോഗ്യ മേഖലയില്‍ കാര്യമായ മുന്നേറ്റങ്ങള്‍ നടത്താനായി. താഴെതട്ടില്‍ ഉള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ പോലും മികച്ച സേവനം ആണ് ലഭ്യമാക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ മികച്ച രീതിയില്‍ ഉള്ള കൊറോണ പ്രതിരോധം ലോകമാകെ ഇന്ന്‌ ചർച്ചാ വിഷയമാണ്. അടുത്തിടെ ദ ഗാര്‍ഡിയനിലും എക്കണോമിസ്റ്റിലും കേരള മോഡൽ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയെ വീഡിയോ കോള്‍ വഴി ബിബിസി അതിഥിയായി ക്ഷണിച്ചത്.