ലോക്ക്ഡൗണില്‍ ഒറ്റപ്പെട്ടവര്‍ക്ക് പാസ് വാങ്ങി വീടുകളിലേക്ക് മടങ്ങാം

post

ലോക്ക്ഡൗണ്‍ മൂലം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടുപോയ വിദ്യാര്‍ത്ഥികള്‍, ബന്ധുക്കള്‍ എന്നിവരെ കൂട്ടിക്കൊണ്ടുവരുന്നതിനും അവരവരുടെ വീടുകളിലേക്ക് പോകുന്നതിനും ജോലിസ്ഥലങ്ങളിലായിപ്പോയ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും വീടുകളില്‍ പോകുന്നതിനും പുതിയ ഉത്തരവനുസരിച്ച് അനുമതിയായി. എന്നാല്‍ ഇതിന് കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലിലോ പോലീസ് വകുപ്പിന്റെ പോര്‍ട്ടിലിലോ രജിസ്റ്റര്‍ ചെയ്ത് പാസ് വാങ്ങണം.

സാമൂഹിക അകലം പാലിച്ച് ടെലിവിഷന്‍ പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ക്ക് ഇന്‍ഡോര്‍ ഷൂട്ടിംഗിന് അനുമതിയായി. എന്നാല്‍ ഒരു സമയം പത്ത് പേര്‍ എന്ന നിബന്ധനയോടെയാണ് അനുമതി.ജോലി ചെയ്യുന്ന ജില്ലയിലെത്താനാവാത്ത ജീവനക്കാര്‍ ഇപ്പോള്‍ കഴിയുന്ന സ്ഥലത്തെ ജില്ലാ കളക്ടര്‍ മുമ്പാകെ ഹാജരാകണം. കോവിഡ് 19 നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ ജില്ലാ കളക്ടറേറ്റിലോ ഇവരുടെ സേവനം കളക്ടര്‍മാര്‍ വിനിയോഗിക്കണം. ഇത്തരത്തില്‍ മറ്റു ജില്ലകളിലുള്ള ജീവനക്കാരുടെ വിവരം ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്ക് വകുപ്പ് മേധാവികള്‍ കൈമാറണം.അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങള്‍ ശുചിയാക്കിയ ശേഷം ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.