റേഷൻ കടകൾ വഴി പലവ്യഞ്ജന കിറ്റ് 21 വരെ വാങ്ങാം; വാങ്ങാത്തവർക്ക് 25ന് ശേഷം സപ്ലൈകോ വഴി ലഭിക്കും

post

റേഷൻ കടകൾ വഴി വിതരണം ചെയ്തുവരുന്ന പലവ്യഞ്ജന കിറ്റുകൾ മെയ് 21 വരെ റേഷൻ കടകളിൽ തന്നെ വിതരണം തുടരും.  20 ഓടെ കടകളിൽ വിതരണം പൂർത്തീകരിക്കുകയും ബാക്കി വരുന്നവ സപ്ലൈകോ വിപണനശാലകൾ വഴി വിതരണം ചെയ്യുന്നതിനുമായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.  എന്നാൽ റേഷൻ കടകളിൽ ഉണ്ടായിട്ടുള്ള തിരക്ക് പരിഗണിച്ചാണ് വിതരണക്രമത്തിന്റെ സമയപരിധി ദീർഘിപ്പിച്ചത്.

ഇതുവരെ 80 ലക്ഷം കാർഡുടമകൾ സൗജന്യ കിറ്റ് കൈപ്പറ്റി.  അപേക്ഷ നൽകി 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് ലഭിക്കുന്ന പദ്ധതി പ്രകാരം റേഷൻ കാർഡിന് അപേക്ഷിച്ച 17000 കുടുംബങ്ങൾക്ക് പുതിയ കാർഡ് നൽകി.  അവർക്കും റേഷനും പലവ്യഞ്ജന കിറ്റും മെയ് 21ന് ലഭ്യമായിതുടങ്ങും.  ലോക്ക് ഡൗൺ മൂലം സ്വന്തം റേഷൻ കാർഡ് രജിസ്റ്റർ ചെയ്തിട്ടുള്ള റേഷൻ കട സ്ഥിതിചെയ്യുന്ന പഞ്ചായത്തിന് പുറത്ത് നിലവിൽ താമസിക്കുന്നവർക്ക് സത്യവാങ്മൂലം ഹാജരാക്കി ഇപ്പോൾ താമസിക്കുന്ന റേഷൻ കടയിൽ നിന്ന് 21 വരെ കിറ്റുകൾ വാങ്ങാം.  ഇത് സംബന്ധിച്ച് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നവർ സ്വന്തം റേഷൻ കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള താലൂക്ക് സപ്ലൈ ഓഫീസറുടെയോ റേഷനിംഗ് ഇൻസ്‌പെക്ടറുടെയോ ഔദ്യോഗിക ഫോൺ നമ്പരിൽ ബന്ധപ്പെടണം.

റേഷൻ കടകളിൽ നിന്ന് കിറ്റു വാങ്ങാൻ സാധിക്കാത്തവർക്ക് സപ്ലൈകോ വിപണനശാലകൾ വഴി മെയ് 25ന് ശേഷം കിറ്റുകൾ ലഭിക്കും.  അനാഥാലയങ്ങൾ, അഗതിമന്ദിരങ്ങൾ, കോൺവെന്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അന്തേവാസികൾക്ക് അർഹതപ്പെട്ട കിറ്റുകൾ സാമൂഹ്യക്ഷേമ വകുപ്പിന്റെയും ജില്ലാ സപ്ലൈ ഓഫീസറുടേയും അംഗീകാരത്തോടുകൂടി സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ നിന്ന് കിറ്റ് നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ അറിയിച്ചു.