കോവിഡ് പശ്ചാത്തലത്തിൽ കെഎസ്എഫ്ഇ 'ജീവനം' സൗഹൃദ പാക്കേജ്

post

കോവിഡ് കാലത്ത് കേരളത്തിലേക്കു മടങ്ങുന്ന പ്രവാസി കേരളീയരെ സഹായിക്കാൻ ഒരു ലക്ഷം രൂപ വരെ സ്വർണ്ണപ്പണയ വായ്പാ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന് ആദ്യ നാലു മാസത്തേക്ക് പലിശനിരക്ക് മൂന്ന് ശതമാനവും തുടർന്ന് സാധാരണ നിരക്കിലുമായിരിക്കും. നോർക്ക ഐഡിയുള്ള ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് വന്ന പ്രവാസി കേരളീയർക്കും ഇതേ വായ്പ ലഭിക്കും.

പ്രവാസി ചിട്ടിയിലെ അംഗങ്ങൾക്ക് മൂന്ന് ശതമാനം പലിശനിരക്കിൽ 1.5 ലക്ഷം രൂപ വരെ വായ്പ നൽകും. 10,000 രൂപ വരെയുള്ള സ്വർണ്ണപ്പണയ വായ്പ, നിലവിലുള്ള പലിശ നിരക്കിൽ നിന്നും ഒരു ശതമാനം കുറച്ച് 8.5 ശതമാനം പലിശ നിരക്കിൽ ലഭ്യമാക്കും.

ചെറുകിട വ്യാപാരികൾക്ക് ഒരു ലക്ഷം രൂപ വരെ വായ്പ നൽകും. കാലാവധി 24 മാസമാണ്. ഡെയിലി ഡിമിനിഷിങ് രീതിയിൽ 11.50 ശതമാനമാണ് പലിശ നിരക്ക്. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് പലിശ 11 ശതമാനമായിരിക്കും. എഫ്ഡി, ബാങ്ക് ഗ്യാരന്റി, സ്വർണം എന്നിവ ജാമ്യം നൽകുന്നവർക്ക്  10.5 ശതമാനം പലിശ.

വ്യാപാരികൾക്ക് രണ്ടു വർഷം കാലാവധിയുള്ള ഗ്രൂപ്പ് വായ്പാ പദ്ധതി നടപ്പാക്കും. ഓരോ ഗ്രൂപ്പിലും 20 പേർ വീതമാണ് ഉണ്ടാകുക. എല്ലാ മാസവും നിശ്ചിത തുക വെച്ച് എല്ലാവരും അടക്കണം. നാലു മാസങ്ങൾക്കു ശേഷം ആവശ്യക്കാർക്ക് ചിട്ടി / വായ്പ പദ്ധതി തുക മുൻകൂറായി നൽകും. നാലു മാസങ്ങൾക്കുശേഷം തുക കൈപ്പറ്റുന്ന അംഗങ്ങൾക്ക് നേരത്തേ എടുക്കുന്ന അംഗങ്ങളേക്കാൾ കൂടുതൽ തുക ലഭിക്കും.

കുടിശ്ശികക്കാർക്ക് ആശ്വാസമായി എല്ലാ റവന്യു റിക്കവറി നടപടികളും ജൂൺ 30 വരെ നിർത്തിവെക്കും. 2019-20ൽ പ്രഖ്യാപിച്ച കുടിശിക നിവാരണ ഇളവ് പദ്ധതികൾ ജൂൺ 30 വരെ നീട്ടി. പിഴപ്പലിശ ബാധകമായ എല്ലാ വായ്പാ പദ്ധതികളുടെയും 2020 മാർച്ച് 21 മുതൽ 2020 ജൂൺ 30 വരെയുള്ള കാലയളവിലെ തവണകൾക്കു പിഴപ്പലിശ ഒഴിവാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.