കേരളം എങ്ങനെ കോവിഡിനെ തടഞ്ഞു നിര്‍ത്തി ? ' ദ എക്കണോമിസ്റ്റ്' പറയുന്നു

post

കോവിഡ് 19 മഹാമാരിയെ കേരളം നേരിടുന്ന രീതി രാജ്യാന്തരതലത്തില്‍ മാധ്യമങ്ങളുടെയും അക്കാദമിക്കുകളുടെയും ശ്രദ്ധയും ആദരവും തുടക്കം മുതല്‍ നേടുന്നുണ്ട്. ഏറ്റവും ഒടുവില്‍ പ്രശസ്തമായ എക്കണോമിസ്റ്റ് വാരികയാണ് കേരളം കുറഞ്ഞ ആഘാതങ്ങള്‍ നേരിട്ടുകൊണ്ട് കോവിഡിനെ അമര്‍ച്ച ചെയ്തത് എങ്ങനെയെന്ന് ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ഏഷ്യന്‍ രാജ്യമായ വിയറ്റ്‌നാമുമായുള്ള സാദൃശ്യവും അവര്‍ എടുത്തുപറയുന്നു.

ജനുവരിയില്‍ രാജ്യത്തെ ആദ്യ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിൽ ആണ്‌. കോവിഡ് പ്രഭവപ്രദേശമായ ചൈനയിലെ വുഹാനില്‍ നിന്നും എത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളിലാണ് വൈറസ് കണ്ടെത്തിയത്‌. മാർച്ച് 24 ന് രാജ്യ വ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോള്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കേരളം അഞ്ചാം സ്ഥാനത്ത് ആയിരുന്നു. എന്നാൽ ആറ് ആഴ്ച്ചത്തെ പോരാട്ടത്തിന് ശേഷം കേരളത്തിന്‌ 16 ാം സ്ഥാനത്തേക്ക് മാറാൻ കഴിഞ്ഞു. രാജ്യത്ത് കോവിഡ് ബാധ 71 മടങ്ങ് ആയി വര്‍ദ്ധിച്ചപ്പോള്‍ കേരളത്തില്‍ അത് മൂന്നില്‍ രണ്ട് ആയി ചുരുങ്ങുകയാണുണ്ടായത്. ഇതുവരെ നാല് പേരുടെ ജീവന്‍ മാത്രം ആണ് രക്ഷിക്കാന്‍ കഴിയാതെ പോയത്. 35 ദശലക്ഷം മലയാളികള്‍ ആണ് വിദേശ രാജ്യങ്ങളില്‍ കഴിയുന്നത്. ജന്മനാട്ടിലെ മരണ നിരക്കുമായി താരതമ്യം ചെയ്താല്‍ 20 മടങ്ങിലധികം മലയാളികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വച്ച് ജീവൻ നഷ്ടപ്പെട്ടതായി കാണാം. 2018 ല്‍ 21 മരണങ്ങള്‍ കണ്ട നിപയെ, അടച്ചിടല്‍ നടപ്പാക്കിയും നിരന്തരമായി രോഗികളുമായി സമ്പര്‍ക്കമുള്ളവരെ പിന്തുടര്‍ന്നും രോഗവാഹക ശേഷിയുള്ളവരെ ക്വാറന്റൈനിലാക്കിയും, ഒരുമാസത്തിനുള്ളില്‍ പിടിച്ചുകെട്ടിയ കേരളം അതേ ലളിതമായ മാര്‍ഗങ്ങള്‍ അവലംബിച്ചാണ് കോവിഡിനെതിരെയുള്ള പോരാട്ടത്തിലും തിളക്കമാര്‍ന്ന ഫലം നേടിയതെന്ന് എക്കണോമിസ്റ്റ് പറയുന്നു.

വിയറ്റ്‌നാമിലെന്നപോലെ ജനങ്ങളെ ബോധവത്കരിക്കുന്നതില്‍ ഊര്‍ജസ്വലമായ പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാരും നടത്തിയത്. വൈകിട്ടുള്ള മുഖ്യമന്ത്രിയുടെ പ്രചോദനം പകരുന്ന വാക്കുകള്‍ മുതല്‍ ഗ്രാമതലത്തില്‍പോലുമുള്ള കൈകഴുകല്‍ സംവിധാനങ്ങളില്‍ വരെ ഇത് കാണാം. കേസുകള്‍ നിരീക്ഷിക്കുന്ന കാര്യത്തിലും ആരോഗ്യസംവിധാനത്തെ തയാറാക്കുന്നതിലും പ്രകടമാക്കിയ കാര്യക്ഷമതയ്ക്കുപുറമെ മഹാമാരിയാല്‍ ബാധിക്കപ്പെട്ടവരോടുള്ള സഹാനുഭുതിക്കും കാരുണ്യത്തിനും ഊന്നല്‍ നല്‍കി. ക്വാറന്റൈന്‍ ചെയ്യപ്പെട്ട ഒരുലക്ഷത്തിലധികം വരുന്നവര്‍ക്ക് ഭക്ഷണവും ചികിത്സയും മുടങ്ങുന്നില്ലെന്നു മാത്രമല്ല, അവര്‍ ഒറ്റപ്പെടുന്നില്ലെന്നും സര്‍ക്കാര്‍ ഉറപ്പുവരുത്തി. ആയിരക്കണക്കിന് വീടുകളില്‍ സൗജന്യഭക്ഷണം വിതരണം ചെയ്തു. ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍ക്കും പ്രത്യേക പരിഗണന നല്‍കി. സംസ്ഥാനം ഇപ്പൊൾ പ്രവാസികളുടെ വന്‍തോതിലുള്ള മടങ്ങിവരവിനായി തയാറെടുക്കുകയാണ്. വിയറ്റ്‌നാമിനെന്നപോലെ അപകടം ഒഴിഞ്ഞിട്ടില്ലെന്ന സൂക്ഷ്മബോധ്യം കേരളത്തിനുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.

ദ എക്കണോമിസ്റ്റ് വാർത്തയുടെ ലിങ്ക് : The Economist