കോവിഡ്: ഗൗരവം തിരിച്ചറിഞ്ഞ് മുന്നോട്ടുപോകണം, കണ്ടെയ്ൻമെൻറ് സോണിൽ ഇളവുകളില്ല

post

രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പുറത്തു നിന്ന് ആളുകൾ വരികയും ഇളവുകളോടെ നാട് ചലിക്കാൻ തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ എടുക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ജില്ലാ കലക്ടർമാർ, ജില്ലാപൊലീസ് മേധാവികൾ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറുമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ എന്നിവരുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

രോഗവ്യാപനം തടയുന്നതിൽ ജില്ലാ ഭരണ സംവിധാനം ഇതുവരെ ഏകോപനത്തോടെ സ്തുത്യർഹമായ സേവനമാണ് നടത്തിയത്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

കോവിഡ് 19ന് മരുന്നോ വാക്സിനോ കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ രോഗികളുടെ എണ്ണം വർധിക്കുകയാണെങ്കിൽ ഗുരുതരമായ സാഹചര്യമായിരിക്കും നമുക്ക് നേരിടേണ്ടിവരിക. ഇക്കാര്യം തിരിച്ചറിഞ്ഞ് മുന്നോട്ടുപോകണം. കണ്ടൈൻമെൻറ് സോണുകളിൽ ഒരു ഇളവും നൽകിയിട്ടില്ല. കൂടുതൽ കർക്കശമായ നടപടികളാണ് ഈ പ്രദേശങ്ങളിലുണ്ടാവുക.

ലോക്ക്ഡൗണിൽ ചില ഇളവുകൾ വരുത്തിയെങ്കിലും തുടർന്നുള്ള നാളുകളിൽ പ്രത്യേക മേഖലകളിൽ കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരും.

പുറത്തു നിന്നും വരുന്നവരുടെ സംരക്ഷണവും ഇവിടെയുള്ളവരുടെ സുരക്ഷയും ഒരുപോലെ ഉറപ്പാക്കണം. നിരീക്ഷണം ഫലപ്രദമായി കൊണ്ടുപോവുക എന്നത് ഇതിൽ പ്രധാനമാണ്. പുറത്തു നിന്നും വന്നവർ നിശ്ചിത ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടത് നാടിന്റെതന്നെ ചുമതലയായി കാണണം. നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങാതെ മുറിയിൽ തന്നെ കഴിയണം. മറ്റാരുമായും ബന്ധപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹോം ക്വാറൻറൈൻ ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാർഡ് തല സമിതികളുടെയും നല്ല ഇടപെടൽ ഇക്കാര്യത്തിലുണ്ടായി. വാർഡ് തല സമിതിക്കൊപ്പം ചുറ്റുപാടുള്ളവരും റസിഡൻസ് അസോസിയേഷനുകളും പ്രദേശവാസികളുടെ കൂട്ടായ്മകളും നിരീക്ഷണ സംവിധാനം വിജയിപ്പിക്കാൻ രംഗത്തുണ്ടാകണം. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളുമായി ബന്ധപ്പെടാൻ ആവശ്യമായ വളൻറിയർമാർ വാർഡ്തല സമിതിക്കുണ്ടാകണം. പൊലീസും ഇക്കാര്യത്തിൽ പങ്കുവഹിക്കണം. പൊലീസ് സേനാംഗങ്ങളും നിരീക്ഷണത്തിലുള്ളവരുടെ വീടുകൾ സന്ദർശിക്കണം. സമൂഹരക്ഷയ്ക്ക് അത്തരം ഇടപെടലുകൾ ആവശ്യമാണ്.

വാർഡ്തല സമിതികൾ സജീവമല്ലാത്ത ചുരുക്കം സ്ഥലങ്ങളിൽ പഞ്ചായത്തുതല സമിതികൾ ഫലപ്രദമായി ഇടപെടണം. പഞ്ചായത്ത് തല സമിതികളുടെ പ്രവർത്തനം ജില്ലാതല സമിതികൾ തുടർച്ചയായി പരിശോധിക്കണം.

പ്രശ്നങ്ങളോ പോരായ്മകളോ ഉള്ള സ്ഥലങ്ങളിൽ ജില്ലാതല സമിതികൾ ഇടപെടണം. ജില്ലയിലെ പഞ്ചായത്തുകൾ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ജില്ലാ പഞ്ചായത്തിനാണ്. ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളുമാണ് ഇപ്പോൾ മുഖ്യമായും രംഗത്തുള്ളത്. അതോടൊപ്പം ബ്ലോക്ക് പഞ്ചായത്തിനും നല്ല നിലയിൽ കാര്യങ്ങൾ നിർവ്വഹിക്കാൻ കഴിയും.

പുതിയ സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിന് സ്വകാര്യ ആശുപത്രികളുമായും സഹകരിച്ച് നീങ്ങും. അതിന് ഐഎംഎയുടെ പിന്തുണയുമുണ്ട്. മറ്റു രോഗങ്ങളുള്ളവരെയും പ്രായമായവരേയും പൂർണ്ണമായി സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രവർത്തന സന്നദ്ധതയുള്ള ഡോക്ടർമാരുടെ ലിസ്റ്റ് ഉണ്ടാവും. അത് ഡി.എം.ഒ തയ്യാറാക്കി തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകും. ചികിത്സ ആവശ്യമുള്ളവർക്ക് ഡോക്ടർമാരുടെ വിവരങ്ങൾ നൽകണം. രോഗിയെ ഡോക്ടർക്ക് കാണണമെന്നുണ്ടെങ്കിൽ യാത്രാസൗകര്യം ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വന്തം വീട്ടിൽ ക്വാറൻറൈൻ സൗകര്യം ഇല്ലാത്തവർക്കു മാത്രമാണ് സർക്കാർ ക്വാറൻറൈൻ ഉദ്ദേശിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദ്ദേശം എല്ലാവരും സ്വീകരിക്കണം.

ഇനിയും പ്രയാസം അനുഭവിക്കുന്നവർക്ക് ഭക്ഷണം എത്തിക്കുന്നതിന് വേണ്ടതോതിൽ സമൂഹ അടുക്കള നിലനിർത്താവുന്നതാണ്. ആവശ്യമുള്ളവരെ മാത്രം സഹായിക്കുക എന്നതായിരിക്കും ഇതിലെ സമീപനം. അതിഥി തൊഴിലാളികളോട് സഹാനുഭൂതിയുണ്ടാവണമെന്നും  മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മഴക്കാലത്തിനു മുൻപേ മഴ തുടങ്ങിയതിനാൽ പകർച്ചവ്യാധികൾ തടയാൻ പരിസരം ശുചിയായിരിക്കണം. കൊതുക് വളരാനുള്ള സാഹചര്യം അനുവദിക്കരുത്. മാലിന്യ നിർമാർജനം ഏറ്റവും പ്രധാനമാണ്. നദികളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കൽ നീക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. അതിനായി ഇതുവരെ 11.83 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലകളുടെ ആവശ്യത്തിനനുസരിച്ച് ബാക്കി തുക അനുവദിക്കും. കാലവർഷത്തിൻറെ മുന്നൊരുക്കങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സേനകളുടെ പൂർണ്ണ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മൺസൂൺ ദുരന്ത പ്രതിരോധ പ്രതികരണ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ മാർഗരേഖ തയ്യാറാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.