കോവിഡ് പ്രതിരോധത്തിന് 2948 താത്ക്കാലിക തസ്തികകൾ കൂടി

post

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിൽ എൻ.എച്ച്.എം. മുഖാന്തിരം 2948 താത്ക്കാലിക തസ്തികകൾ കൂടി സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടുത്തിടെ സൃഷ്ടിച്ച 3770 തസ്തികകൾക്ക് പുറമേയാണിത്. ഇതോടെ 6700 ഓളം താത്ക്കാലിക തസ്തികകളാണ് ആരോഗ്യ വകുപ്പിൽ അടുത്തിടെ സൃഷ്ടിച്ചത്. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ധാരാളം മലയാളികൾ എത്തുന്ന സാഹചര്യത്തിലാണ് ഇത്രയേറെ തസ്തികകൾ അടിയന്തരമായി വീണ്ടും സൃഷ്ടിച്ചത്. ഈ വരുന്നവർക്ക് ഫസ്റ്റ് ലൈൻ കെയർ സെന്റർ, കോവിഡ് കെയർ സെന്ററുകൾ, കോവിഡ് ആശുപത്രികൾ എന്നിവിടങ്ങളിൽ മികച്ച പരിചരണം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇവരെ നിയമിക്കുന്നത്.

38 ഡോക്ടർമാർ, 15 സ്‌പെഷ്യലിസ്റ്റുകൾ, 20 ഡെന്റൽ സർജൻ, 72 സ്റ്റാഫ് നഴ്‌സുമാർ, 169 നഴ്‌സിംഗ് അസിസ്റ്റന്റുമാർ, 1259 ജെ.എച്ച്.ഐ.മാർ, 741 ജെ.പി.എച്ച്.എൻ.മാർ, 358 ക്ലീനിംഗ് സ്റ്റാഫുകൾ തുടങ്ങി 21 ഓളം വിവിധ തസ്തികളാണ് സൃഷ്ടിച്ചത്.

നേരത്തെ 276 ഡോക്ടർമാരെ പി.എസ്.സി. വഴി അടിയന്തരമായി നിയമിച്ചിരുന്നു. കാസർഗോഡ് മെഡിക്കൽ കോളേജ് ആശുപത്രിക്കായി 273 തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. 980 ഡോക്ടർമാരെ മൂന്ന് മാസക്കാലയളവിലും നിയമിച്ചു. അഡ്‌ഹോക്ക് നിയമനവും നടത്തി. ഇതുകൂടാതെയാണ് താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നത്. ഇതോടെ സ്ഥിരവും താത്ക്കാലികവുമായ 8229 ലധികം തസ്തികകളാണ് ഈ കാലയളവിൽ സൃഷ്ടിച്ചത്.