കോവിഡ് ജാഗ്രത: കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം
കോവിഡ് 19 വൈറസ് ജാഗ്രതക്കാലത്ത് വളരെ പ്രധാനപ്പെട്ടതാണ് കുഞ്ഞുങ്ങളുടെ പരിചരണം. പ്രത്യേക കരുതലോടെയാവണം മുലയൂട്ടല്‍. കരുതല്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വീട്ടിലെ കുട്ടികളുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം. നിരീക്ഷണത്തില്‍ അല്ലാത്തവരും കുഞ്ഞുങ്ങളുടെ പരിചരണത്തില്‍ പ്രത്യേക നിഷ്‌കര്‍ഷ പുലര്‍ത്തണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. കുഞ്ഞുങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ തികഞ്ഞ വ്യക്തിശുചിത്വം പാലിക്കണം.മുലയൂട്ടുന്ന അമ്മയുടെ കൈകള്‍ ചുരുങ്ങിയത് ഇരുപത് സെക്കന്‍ഡെങ്കിലും സോപ്പുപയോഗിച്ച് കഴുകിയിരിക്കണം.
2. മുലയൂട്ടുന്ന അമ്മമാര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുത്.
3. കൊറോണ ജാഗ്രത തീരുംവരെ സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കണം.
4. അമ്മയ്ക്ക് ചുമയോ തുമ്മലോ ഉണ്ടെങ്കില്‍ മാസ്‌ക് ഉപയോഗിക്കണം.
5. ആശുപത്രി സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കണം. ആശുപത്രിയില്‍ പോകേണ്ടത് അനിവാര്യമാണെങ്കില്‍ മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം. കുഞ്ഞുങ്ങളെ മറ്റുള്ളവര്‍ക്ക് കൈമാറരുത്.
6.കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുക്കുന്നതിന് മുന്‍പായി അമ്മ കൈകളും സ്തനങ്ങളും കഴുകി വൃത്തിയാക്കണം.
7. കുഞ്ഞിനെ സുരക്ഷിതമായി മാറ്റി പാര്‍പ്പിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ അമ്മ സമയാസമയം ദേഹശുദ്ധി വരുത്തി മുലപ്പാല്‍ പിഴിഞ്ഞ് നല്‍കണം.
8. നിരീക്ഷണത്തിലായ അമ്മ കൈകളും സ്തനങ്ങളും നന്നായി സോപ്പുപയോഗിച്ച് കഴുകിയ ശേഷം മാസ്‌ക് ധരിച്ചുകൊണ്ട് കുഞ്ഞിന് മുലപ്പാല്‍ നല്‍കാം.
9. വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുള്ളവര്‍ കുട്ടികളുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം.
സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. അത്യാവശ്യഘട്ടങ്ങളില്‍ വൈദ്യസഹായത്തിന് 'ദിശ'യുടെ 1056 എന്ന സൗജന്യ നമ്പറില്‍ വിളിക്കണം.