മടങ്ങിയെത്തുമെന്ന ദൃഢനിശ്ചയത്തോടെ കാശ്മീരികള്‍ സ്വദേശത്തേക്ക് യാത്ര തിരിച്ചു

post

''കോവിഡ് പ്രതിസന്ധി അവസാനിച്ച്, എല്ലാം പൂര്‍വ്വസ്ഥിതിയിലാകുന്നതോടെ ഞങ്ങള്‍ മടങ്ങിയെത്തും, ഞങ്ങള്‍ക്ക് ഇവിടം പൂര്‍ണ്ണമായി ഉപേക്ഷിക്കാനാകില്ല" കുമളിയില്‍ നിന്ന് കാശ്മീരിലേയ്ക്ക് മടങ്ങുന്ന ശ്രീനഗര്‍ സ്വദേശി ഇംതിയാസ് അഹമ്മദ് ഷായുടെ വാക്കുകളാണിത്. തങ്ങള്‍ വര്‍ഷങ്ങളായി താമസിച്ച് ഉപജീവനം നടത്തിയ, തങ്ങളുടെ കുഞ്ഞുമക്കള്‍ ജനിച്ചു വളര്‍ന്ന കുമളിയെ മറക്കാനാകില്ലെന്നും കോവിഡ് മഹാമാരിക്ക് ശമനമായി ബിസിനസ് പുനരാരംഭിക്കാനായാല്‍ ഉടന്‍ മടങ്ങിയെത്തുമെന്നും കാശ്മീരിലേയ്ക്ക് മടങ്ങുന്ന ഓരോരുത്തരുടെയും കണ്ണുകള്‍ പറയാതെ പറഞ്ഞു.

തേക്കടി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കെത്തുന്നവര്‍ക്ക് കരകൗശല വസ്തുക്കളും ഹാന്‍ഡ് വര്‍ക്ക് ഡ്രസുകളുമായി കുമളിയില്‍ സ്ഥാപനങ്ങള്‍ നടത്തിയിരുന്ന കാശ്മീരികളാണ്   സ്വദേശത്തേയ്ക്ക് മടങ്ങിയത്. കോവിഡ് രോഗബാധ  ടൂറിസം മേഖലയെ സാരമായി ബാധിച്ചതോടെ ഇവരുടെ വ്യാപാരവും പൂര്‍ണ്ണമായും തകര്‍ന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ സ്വദേശത്തേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. കോവിഡ് നാലാം ഘട്ട ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്നാണ് ഇവര്‍ക്ക് മടക്കയാത്രയ്ക്ക് അവസരമൊരുങ്ങിയത്.  കുമളിയില്‍ നിന്നും 101 കാശ്മീരികളാണ് സ്വദേശമായ കാശ്മീര്‍ വാലിയിലേയ്ക്ക് ഇന്നലെ (20/5/20) വൈകിട്ട് അഞ്ചേമുക്കാലോടെ  യാത്ര തിരിച്ചത്.  ഇതില്‍ കൊച്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഇരുപതോളം കുടുംബങ്ങളുണ്ട്. പുരുഷന്‍മാര്‍ -56, സ്ത്രീകള്‍ -21, കുട്ടികള്‍ - 24 എന്നിങ്ങനെയാണ് മടങ്ങിയവരുടെ എണ്ണം.

കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ച് കുമളി ബസ് സ്റ്റേഷനില്‍ തയ്യാറാക്കിയ പ്രത്യേക കൗണ്ടറില്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചും പ്രാഥമിക പരിശോധന നടത്തിയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി, യാത്രാവേളയില്‍ കഴിക്കുവാന്‍ ഭക്ഷണ കിറ്റും കുടിവെള്ളവും നല്കിയാണ് ജില്ലാ ഭരണകൂടം ഇവരെ   കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്രയാക്കിയത്. ഇവര്‍ക്കായുള്ള ഭക്ഷണ കിറ്റും വെള്ളവും വിതരണ ഉദ്ഘാടനം ഇടുക്കി ആര്‍ ഡി ഒ അതുല്‍ .എസ്. സ്വാമിനാഥ് നിര്‍വഹിച്ചു. ബസ് ചാര്‍ജ് ഈടാക്കാതെ  മൂന്ന്  ബസുകളിലായിട്ടാണ് ഇവരെ  എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. തൊടുപുഴയില്‍ നിന്നും ആറ് ഹിമാചല്‍ പ്രദേശുകാരും നാല് പഞ്ചാബികളും ഇവരോടൊപ്പം മടങ്ങുന്നുണ്ട്. ഇടുക്കി ജില്ലാ സര്‍വേ സൂപ്രണ്ട് എസ്.അബ്ദുള്‍ കലാം ആസാദ് ഇവരെ ട്രെയിനില്‍ കയറ്റി യാത്രയാക്കുന്നതു വരെ ഒപ്പമുണ്ട്.

എറണാകുളത്തു നിന്നും രാത്രി 11.50 ന് തിരുവനന്തപുരം - ഉദംപൂര്‍ ടെയിനില്‍ യാത്ര തുടരുന്ന ഇവര്‍ 23 ന് ഉച്ചയ്ക്ക് 1.55 ന് കാശ്മീരിലെ  ഉദംപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. പഞ്ചാബിലെ സിര്‍ഹിന്ദ്, ഹിമാചല്‍ പ്രദേശിലെ കണ്ട്രോറി , കശ്മീരിലെ ഉദംപൂര്‍ എന്നീ മൂന്നു സ്റ്റോപ്പുകളാണ് ട്രെയിന് അനുവദിച്ചിട്ടുള്ളത്.

സംസ്ഥാനത്തു നിന്നും ആകെ 761 കാശ്മീരികളാണ് ഈ ട്രെയിനില്‍ സ്വദേശത്തേയ്ക്ക് മടങ്ങുന്നത്. കൊച്ചി-310, വര്‍ക്കല - 85, തിരുവനന്തപുരം - 230, ആലപ്പുഴ-30, കുമളി - 100, കോഴിക്കോട് - 6 എന്നിങ്ങനെയാണ് ഇവരുടെ എണ്ണം.

ഇരുപത് വര്‍ഷത്തോളമായി കുമളിയില്‍ സ്ഥിരതാമസക്കാരാണ് ഇന്നലെ മടങ്ങിയ കാശ്മീരികളില്‍ ഭൂരിഭാഗവും. ഇവരുടെ കുട്ടികളില്‍ പലരും ഇവിടെ ജനിച്ചവരാണ്. ഇവിടുത്തെ സ്‌കൂളുകളിലാണ് പഠിക്കുന്നത്. എല്ലാ വര്‍ഷവും സ്‌കൂള്‍ അവധിക്കാലത്താണ് ഇവര്‍ സ്വദേശത്ത് പോയി ബന്ധുക്കളെ സന്ദര്‍ശിച്ചിരുന്നത്. ഇത്തവണ ഇപ്പോള്‍ പോകുന്നുവെങ്കിലും സ്‌കൂളുകളില്‍ അധ്യയനം ആരംഭിക്കുന്നതോടെ മടങ്ങിയെത്താമെന്ന പ്രതീക്ഷയാണിവര്‍ക്കുള്ളത്. ലോക്ക് ഡൗണിലും  കേരളം നല്‍കിയ സുരക്ഷിതത്വം വലുതാണെന്നും ആരോഗ്യമേഖലയില്‍ കേരളം ഏറ്റവും മികച്ചതാണെന്നും തിരിച്ചു വരാനുള്ള മടക്കം മാത്രമാണിതെന്നും അവര്‍ ഏകസ്വരത്തില്‍ പറഞ്ഞു.

വീഡിയോ: https://youtu.be/GGP-HDUWq4o