കോവിഡ്: ഗൗരവം തിരിച്ചറിഞ്ഞ് മുന്നോട്ടുപോകണം, കണ്ടെയ്ന്‍മെന്റ് സോണില്‍ ഇളവുകളില്ല
രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുറത്തു നിന്ന് ആളുകള്‍ വരികയും ഇളവുകളോടെ നാട് ചലിക്കാന്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍മാര്‍, ജില്ലാപൊലീസ് മേധാവികള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
രോഗവ്യാപനം തടയുന്നതില്‍ ജില്ലാ ഭരണ സംവിധാനം ഇതുവരെ ഏകോപനത്തോടെ സ്തുത്യര്‍ഹമായ സേവനമാണ് നടത്തിയത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. കോവിഡ് 19ന് മരുന്നോ വാക്‌സിനോ കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ ഗുരുതരമായ സാഹചര്യമായിരിക്കും നമുക്ക് നേരിടേണ്ടിവരിക. ഇക്കാര്യം തിരിച്ചറിഞ്ഞ് മുന്നോട്ടുപോകണം. കണ്ടൈന്‍മെന്റ് സോണുകളില്‍ ഒരു ഇളവും നല്‍കിയിട്ടില്ല. കൂടുതല്‍ കര്‍ക്കശമായ നടപടികളാണ് ഈ പ്രദേശങ്ങളിലുണ്ടാവുക.
ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ വരുത്തിയെങ്കിലും തുടര്‍ന്നുള്ള നാളുകളില്‍ പ്രത്യേക മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരും. പുറത്തു നിന്നും വരുന്നവരുടെ സംരക്ഷണവും ഇവിടെയുള്ളവരുടെ സുരക്ഷയും ഒരുപോലെ ഉറപ്പാക്കണം. നിരീക്ഷണം ഫലപ്രദമായി കൊണ്ടുപോവുക എന്നത് ഇതില്‍ പ്രധാനമാണ്. പുറത്തു നിന്നും വന്നവര്‍ നിശ്ചിത ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടത് നാടിന്റെതന്നെ ചുമതലയായി കാണണം. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങാതെ മുറിയില്‍ തന്നെ കഴിയണം. മറ്റാരുമായും ബന്ധപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹോം ക്വാറന്റൈന്‍ ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഡ് തല സമിതികളുടെയും നല്ല ഇടപെടല്‍ ഇക്കാര്യത്തിലുണ്ടായി. വാര്‍ഡ് തല സമിതിക്കൊപ്പം ചുറ്റുപാടുള്ളവരും റസിഡന്‍സ് അസോസിയേഷനുകളും പ്രദേശവാസികളുടെ കൂട്ടായ്മകളും നിരീക്ഷണ സംവിധാനം വിജയിപ്പിക്കാന്‍ രംഗത്തുണ്ടാകണം. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളുമായി ബന്ധപ്പെടാന്‍ ആവശ്യമായ വളന്റിയര്‍മാര്‍ വാര്‍ഡ്തല സമിതിക്കുണ്ടാകണം. പൊലീസും ഇക്കാര്യത്തില്‍ പങ്കുവഹിക്കണം. പൊലീസ് സേനാംഗങ്ങളും നിരീക്ഷണത്തിലുള്ളവരുടെ വീടുകള്‍ സന്ദര്‍ശിക്കണം. സമൂഹരക്ഷയ്ക്ക് അത്തരം ഇടപെടലുകള്‍ ആവശ്യമാണ്.
വാര്‍ഡ്തല സമിതികള്‍ സജീവമല്ലാത്ത ചുരുക്കം സ്ഥലങ്ങളില്‍ പഞ്ചായത്തുതല സമിതികള്‍ ഫലപ്രദമായി ഇടപെടണം. പഞ്ചായത്ത് തല സമിതികളുടെ പ്രവര്‍ത്തനം ജില്ലാതല സമിതികള്‍ തുടര്‍ച്ചയായി പരിശോധിക്കണം.
പ്രശ്‌നങ്ങളോ പോരായ്മകളോ ഉള്ള സ്ഥലങ്ങളില്‍ ജില്ലാതല സമിതികള്‍ ഇടപെടണം. ജില്ലയിലെ പഞ്ചായത്തുകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ജില്ലാ പഞ്ചായത്തിനാണ്. ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമാണ് ഇപ്പോള്‍ മുഖ്യമായും രംഗത്തുള്ളത്. അതോടൊപ്പം ബ്ലോക്ക് പഞ്ചായത്തിനും നല്ല നിലയില്‍ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയും.
പുതിയ സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിന് സ്വകാര്യ ആശുപത്രികളുമായും സഹകരിച്ച് നീങ്ങും. അതിന് ഐഎംഎയുടെ പിന്തുണയുമുണ്ട്. മറ്റു രോഗങ്ങളുള്ളവരെയും പ്രായമായവരേയും പൂര്‍ണ്ണമായി സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രവര്‍ത്തന സന്നദ്ധതയുള്ള ഡോക്ടര്‍മാരുടെ ലിസ്റ്റ് ഉണ്ടാവും. അത് ഡി.എം.ഒ തയ്യാറാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കും. ചികിത്സ ആവശ്യമുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ വിവരങ്ങള്‍ നല്‍കണം. രോഗിയെ ഡോക്ടര്‍ക്ക് കാണണമെന്നുണ്ടെങ്കില്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വന്തം വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യം ഇല്ലാത്തവര്‍ക്കു മാത്രമാണ് സര്‍ക്കാര്‍ ക്വാറന്റൈന്‍ ഉദ്ദേശിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം എല്ലാവരും സ്വീകരിക്കണം. ഇനിയും പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിന് വേണ്ടതോതില്‍ സമൂഹ അടുക്കള നിലനിര്‍ത്താവുന്നതാണ്. ആവശ്യമുള്ളവരെ മാത്രം സഹായിക്കുക എന്നതായിരിക്കും ഇതിലെ സമീപനം. അതിഥി തൊഴിലാളികളോട് സഹാനുഭൂതിയുണ്ടാവണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.