കോവിഡ് 19: മസ്‌ക്കറ്റില്‍ നിന്ന് 186 പ്രവാസികള്‍ കരിപ്പൂരില്‍ തിരിച്ചെത്തി

post

മസ്‌കറ്റില്‍ നിന്ന് 186 യാത്രക്കാരുമായി ഐ.എക്‌സ്- 350 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്നലെ (മെയ് 21) കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. വൈകുന്നേരം 4.27 നാണ് വിമാനം റണ്‍വേയില്‍ ഇറങ്ങിയത്. 13 ജില്ലകളില്‍ നിന്നായി 184 പേരും ഒരു തമിഴ്നാട് സ്വദേശിയും ഒരു മാഹി സ്വദേശിയുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള എട്ട് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 36 കുട്ടികള്‍, 31 ഗര്‍ഭിണികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോവിഡ് ജാഗ്രത ഉറപ്പുവരുത്തി ക്രൈം ബ്രാഞ്ച് എസ്.പി. കെ.വി. സന്തോഷ് കുമാര്‍,  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, കോവിഡ് ലെയ്സണ്‍ ഓഫീസര്‍ ഡോ. എം.പി. ഷാഹുല്‍ ഹമീദ്, വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു തുടങ്ങിയവര്‍ യാത്രക്കാരെ സ്വീകരിച്ചു.  

മസ്‌ക്കറ്റില്‍ നിന്ന് തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ

മലപ്പുറം - 64, ആലപ്പുഴ - ഒന്ന്, എറണാകുളം - മൂന്ന്, ഇടുക്കി - ഒന്ന്, കണ്ണൂര്‍ - 14, കാസര്‍കോട് - രണ്ട്, കൊല്ലം - മൂന്ന്, കോട്ടയം - രണ്ട്, കോഴിക്കോട് - 62, പാലക്കാട് - 24, തിരുവനന്തപുരം - രണ്ട്, തൃശൂര്‍ - മൂന്ന്, വയനാട് - മൂന്ന്. ഇവരെക്കൂടാതെ ഒരു തമിഴ്‌നാട് സ്വദേശിയും ഒരു മാഹി സ്വദേശിയും.  

ആരോഗ്യ പ്രശ്‌നങ്ങളുള്ളത് എട്ട് പേര്‍ക്ക്

മസ്‌ക്കറ്റില്‍ നിന്നെത്തിയ എട്ട് പേരെ വിവിധ ആരോഗ്യ പ്രശ്നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മലപ്പുറം സ്വദേശികളായ നാല് പേര്‍ക്കാണ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടത്. ഇവരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് ആരോഗ്യ പ്രശ്നങ്ങളുളള പാലക്കാട്, തൃശൂര്‍ സ്വദേശികളായ രണ്ട് പേരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും കാസര്‍കോട്, കോഴിക്കോട് സ്വദേശികളായ രണ്ട് പേരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

68 പേര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍

മലപ്പുറം - 18, എറണാകുളം - ഒന്ന്, കണ്ണൂര്‍ - ഏഴ്, കൊല്ലം - മൂന്ന്, കോട്ടയം - രണ്ട്, കോഴിക്കോട് - 25, പാലക്കാട് - ഏഴ്, തിരുവനന്തപുരം - രണ്ട്, വയനാട് - രണ്ട്. ഒരു മാഹി സ്വദേശിയേയും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.

110 പേര്‍ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തില്‍

പ്രകടമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 110 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കി. മലപ്പുറം ജില്ലയില്‍ നിന്ന് 42 പേര്‍, ആലപ്പുഴ - ഒന്ന്, എറണാകുളം - രണ്ട്, ഇടുക്കി - ഒന്ന്, കണ്ണൂര്‍ - ഏഴ്, കാസര്‍കോഡ് - ഒന്ന്, കോഴിക്കോട് - 36, പാലക്കാട് - 16, തൃശൂര്‍ - രണ്ട്, വയനാട് - ഒന്ന്. ഒരു തമിഴ്നാട് സ്വദേശി എന്നിവരാണ് ഇത്തരത്തില്‍ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയത്. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം.