തൊഴിലിനായി വിദേശത്ത് പോകേണ്ടവർക്ക് പ്രത്യേക പോർട്ടൽ ആരംഭിക്കും - മുഖ്യമന്ത്രി

post

തൊഴിലുമായി ബന്ധപ്പെട്ട് വിദേശത്ത് പോകേണ്ടവർക്കായി പ്രത്യേക പോർട്ടൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ പോകേണ്ടവർക്ക് ആരോഗ്യ പരിശോധനാ സർട്ടിഫിക്കറ്റുകൾ ഇതിലൂടെ ലഭ്യമാക്കും.

കോവിഡിന്റെ പശ്ചാത്തലത്തിൽ പൊലീസിന്റെ പ്രവർത്തനക്രമങ്ങളിൽ മാറ്റം വരുത്തിയിരുന്നു. അതിന്റെ ഭാഗമെന്ന നിലയിൽ ഭാരം കുറഞ്ഞതും പുതുമയാർന്നതുമായ 2000 ഫെയ്‌സ് ഷീൽഡുകൾ ലഭ്യമാക്കി. സാധാരണ മഴക്കോട്ട് പിപിഇ കിറ്റായി രൂപാന്തരപ്പെടുത്താനുള്ള പദ്ധതി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെ പൊലീസ് ആവിഷ്‌കരിച്ചിട്ടുണ്ട്.

ഗാർഹികപീഡനം തടയുന്നതിനായി എല്ലാ ജില്ലകളിലും പൊലീസിന്റെ നേതൃത്വത്തിൽ ഡൊമസ്റ്റിക് കോൺഫ്‌ളിക്ട് റസലൂഷ്യൻ സെന്ററുകൾ പ്രവർത്തനം തുടങ്ങി. ഇതുവരെ 340 പരാതികളാണ്  ലഭിച്ചത്. ഇതിൽ 254 എണ്ണം കൗൺസിലിങ്ങിലൂടെ പരിഹരിച്ചു.

ജനങ്ങൾ  റെയിൽപ്പാതകളിലൂടെ നടക്കുന്നതും ഇരിക്കുന്നതുമായ വാർത്തകൾ വരുന്നുണ്ട്. റെയിൽ പാളങ്ങളിലൂടെയുള്ള കാൽനട യാത്ര തടയാൻ പൊലീസ് ശ്രദ്ധിക്കും.

ആറ്റിങ്ങൽ ആലംകോട് പലഹാര നിർമാണയൂണിറ്റിൽ നിന്നും നഗരസഭ പിടിച്ചെടുത്ത 20 ചാക്ക് പലഹാരത്തിലും നിർമാണത്തീയതി ഒരാഴ്ചയ്ക്കു ശേഷമുള്ളത് എന്ന റിപ്പോർട്ട് കണ്ടു. ഭക്ഷണത്തിൽ ഇത്തരത്തിൽ കൃത്രിമം നടത്തുന്നത് അപകടകരമാണ്. ഇത് തടയാൻ നടപടി സ്വീകരിക്കും.

ബസുകളിലും ഓട്ടോകളിലും അനുവദിച്ചതിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നു. മാസ്‌ക് ധരിക്കാതെയും യാത്ര ചെയ്യുന്നുണ്ട്. ഇത്തരം സംഭവങ്ങളിൽ കേസ് എടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ലോക്ക്ഡൗൺ കാരണം അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളുടെ വൈദ്യുതി ഫിക്‌സഡ് ചാർജിൽ ഇളവു നൽകാനും പലിശ ഒഴിവാക്കാനും നടപടിയെടുക്കാൻ കെഎസ്ഇബിക്ക് നിർദേശം നൽകി.

എംഎസ്എംഇകൾക്ക് നിലവിലുള്ള വായ്പയുടെ 20 ശതമാനം പുതിയ ഈടില്ലാതെ നൽകുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആനുകൂല്യം കേരളത്തിലെ എംഎസ്എംഇകൾക്ക് പരമാവധി പ്രയോജനപ്പെടുത്താനുള്ള സഹായം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ഇതു സംബന്ധിച്ച വിവരങ്ങൾ കൃത്യമായി വ്യവസായികളെ അറിയിക്കുന്നതിനും പ്രത്യേക പോർട്ടൽ തുടങ്ങാനും ആലോചനയുണ്ട്.

പ്രവാസി ക്ഷേമനിധിയിൽ അംശാദായം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയവരുടെ അംഗത്വം പുതുക്കുന്നതിന് ചില ഇളവുകൾ വരുത്തി. ആറുമാസത്തേക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കി. കുടിശിക ഒറ്റത്തവണയായി അടച്ച് അംഗത്വം പുനഃസ്ഥാപിക്കാൻ അനുമതി നൽകിയിട്ടുണ്ട്.