പരീക്ഷകൾ കർശന സുരക്ഷാ മുൻകരുതലുകളോടെ: മുഖ്യമന്ത്രി
എസ്. എസ്. എൽ. സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ കർശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ പ്രധാനാധ്യാപകർക്കും വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും ക്വാറന്റീനിൽ കഴിയുന്നവരുള്ള വീടുകളിൽ നിന്നും എത്തുന്നവർക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേകം ഇരിപ്പിടം നൽകും. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾ 14 ദിവസത്തെ ക്വാറന്റിനിൽ കഴിയണം. ഇവർക്ക് പരീക്ഷയ്ക്ക് പ്രത്യേക സൗകര്യം ഒരുക്കും.
പരീക്ഷാകേന്ദ്രങ്ങളിൽ വിദ്യാർത്ഥികളെ തെർമൽ സ്‌ക്രീനിംഗിന് വിധേയമാക്കും. 5000 ഐ. ആർ. തെർമോമീറ്ററുകൾ വാങ്ങും. വൈദ്യപരിശോധന വേണ്ടവർക്ക് നൽകുന്നതിന് സ്‌കൂളുകളിൽ സൗകര്യം ഒരുക്കും. അധ്യാപകർ ഗ്‌ളൗസ് ധരിക്കും. ഉത്തരക്കടലാസുകൾ ഏഴു ദിവസം പരീക്ഷാകേന്ദ്രത്തിൽ തന്നെ സൂക്ഷിക്കും. വിദ്യാർത്ഥികൾ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയാൽ കുളിച്ച് ശുചിയായ ശേഷം മാത്രമേ മറ്റുള്ളവരുമായി ഇടപഴകാവൂ. ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ സ്‌കൂളുകൾ അണുവിമുക്തമാക്കും. സാനിറ്റൈസറുകളും സോപ്പും വിദ്യാലയങ്ങളിൽ ലഭ്യമാക്കും. കുട്ടികൾക്ക് മാസ്‌ക്കും ആരോഗ്യ ചിട്ടകൾ സംബന്ധിച്ച വിവരങ്ങളും വീട്ടിലെത്തിക്കുന്നതിന് സമഗ്രശിക്ഷാ കേരളയെ ചുമതലപ്പെടുത്തി. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് എൻ. എസ്. എസ് വഴി മാസ്‌ക്ക് വിതരണം ചെയ്യും.
പരീക്ഷാ കേന്ദ്ര മാറ്റത്തിനായി 10,920 കുട്ടികളാണ് അപേക്ഷ നൽകിയത്. 1866 എസ്. എസ്. എൽ. സി വിദ്യാർത്ഥികളും 8835 ഹയർ സെക്കൻഡറി വിദ്യാർത്ഥികളും 219 വി. എച്ച്. എസ്. സി വിദ്യാർത്ഥികളുമാണ് മാറ്റത്തിനായി അപേക്ഷിച്ചത്. ഗൾഫിലെയും ലക്ഷദ്വീപിലെയും കേന്ദ്രങ്ങളിലും ക്രമീകരണം നടത്തി. ഗൾഫിലെ സ്‌കൂളുകളിൽ പരീക്ഷ നടത്താൻ അനുമതി ലഭിച്ചു. ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള തീയതിയിൽ പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ഉപരിപഠനത്തിന് അവസരം നഷ്ടപ്പെടാത്ത വിധം സേ പരീക്ഷയ്‌ക്കൊപ്പം റെഗുലർ പരീക്ഷയും നടത്തും.
പരീക്ഷാ ഏകോപനത്തിനും സംശയദൂരീകരണത്തിനും പൊതുവിദ്യാഭ്യാസ ഡയറക്‌ട്രേറ്റിലും ഉപഡയറക്ടർ ഓഫീസുകളിലും 23 മുതൽ വാർ റൂം പ്രവർത്തിക്കും.
ജൂൺ ഒന്നു മുതൽ കോളേജുകൾ പ്രവർത്തിക്കാൻ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി. റെഗുലർ ക്‌ളാസുകൾ ആരംഭിക്കുന്നതു വരെ ഓൺലൈൻ ക്‌ളാസുകൾ സംഘടിപ്പിക്കും.