കേരള യൂത്ത് അസംബ്ലി 2020: കോവിഡ് 19 സ്‌പെഷ്യൽ സെഷൻ സ്പീക്കർ ഉദ്ഘാടനം ചെയ്തു

post

എറണാകുളം സെന്റ് ആൽബർട്ട്‌സ് കോളേജ് വിദ്യാർഥികൾക്കായി ഗൂഗിൾ മീറ്റ് ആപ്ലിക്കേഷന്റെ സഹായത്തോടെ രണ്ടു ദിവസമായി നടക്കുന്ന 'വെബിനാർ-കേരള യൂത്ത് അസംബ്ലി 2020-കോവിഡ് 19 സ്‌പെഷ്യൽ സെഷൻ' നിയമസഭാ സമുച്ചയത്തിൽ വീഡിയോ കോൺഫറൻസിലൂടെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ജനാധിപത്യ സംവിധാനത്തിലൂടെ യുവാക്കളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി വളർത്തിയെടുക്കുന്നതിന് ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലവിലുള്ള ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള സംരംഭത്തിന് മുൻകൈയെടുത്ത സെന്റ് ആൽബർട്ട്‌സ് കോളേജ് അധികൃതരെയും വിദ്യാർഥികളെയും സ്പീക്കർ അഭിനന്ദിച്ചു.

ജനാധിപത്യപ്രക്രിയയെ സംബന്ധിച്ച് യുവാക്കൾക്ക് അറിവു പകരുന്നതിനുള്ള  വേദിയായ പ്രത്യേക യൂത്ത് അസംബ്ലിയിൽ സംസ്ഥാന നിയമസഭയുടെ അംഗബലമായ 141 എം.എൽ.എമാരെ കോളേജ് വിദ്യാർഥികൾ അവതരിപ്പിക്കുന്നു. ഓൺലൈൻ സംവിധാനത്തിലൂടെ വിദ്യാർഥികൾക്ക് നിയമസഭാ നടപടികൾ സംബന്ധിച്ച രണ്ട് ദിവസത്തെ പരിശീലനം നിയമസഭയുടെ സി.പി.എസ്.ടി വിഭാഗം നൽകിയിരുന്നു.

വീഡിയോ കോൺഫറൻസിലൂടെ നിയമസഭാ സമുച്ചയത്തിലും സെന്റ് ആൽബർട്ട്‌സ് കോളേജിലുമായി സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ സെന്റ് ആൽബർട്ട്‌സ് കോളേജ് എച്ച്.ആർ.ഡി-ഡീൻ പ്രൊഫ. ഷൈൻ ആന്റണി വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ എന്നിവർ സംബന്ധിച്ചു.