പരീക്ഷകള്‍ക്ക് മുന്നോടിയായി സ്‌കൂളുകള്‍ അണുവിമുക്തമാക്കുന്നു
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളുടെ മുന്നോടിയായി സ്‌കൂളുകള്‍ ശുചീകരിച്ച് അണുവിമുക്തമാക്കുന്നു. മൂന്ന് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന സ്കൂളുകളാണ് ഇതുപോലെ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി അണുവിമുക്തമാക്കുന്നത്. പരീക്ഷാകേന്ദ്രങ്ങളായി മാറിയ ക്ലാസ് മുറികളിലെ ബഞ്ചും ഡെസ്ക്കുമെല്ലാം ആദ്യം തുടച്ച് വൃത്തിയാക്കിയതിനു ശേഷമാണ് അണുനാശിനി തളിക്കുന്നത്. ക്ലാസ് മുറികള്‍, സ്റ്റാഫ് റൂം, സ്‌കൂള്‍ വരാന്തകള്‍ ഉള്‍പ്പെടെ സ്‌കൂളും പരിസരവും പൂര്‍ണ്ണമായും അണുവിമുക്തമാക്കും.
മാസ്‌കുകള്‍, സാനിട്ടൈസര്‍, ഗ്ലൗസുകള്‍ എന്നിങ്ങനെ എല്ലാ ക്രമീകരണങ്ങളും സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തും. തെർമൽ സ്‌കാനറുകൾ സർക്കാർ ഇതിനോടകം തന്നെ വാങ്ങിയിട്ടുണ്ട്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ഇത് ലഭ്യമാക്കും.
കണ്ടെയ്മെന്റ് സോണുകളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരിക്കുകയില്ല. ഒരു ക്ലാസ് മുറിയില്‍ പരമാവധി 20 വിദ്യാര്‍ഥികളെ സാമൂഹിക അകലം പാലിച്ചാകും ഇരുത്തുക. പരീക്ഷാ ദിവസങ്ങളില്‍ രാവിലെയും ഉച്ചയ്ക്കും പരീക്ഷാ ഹാളിലെ ഫര്‍ണിച്ചറുകള്‍ അണുവിമുക്തമാക്കും. വിദ്യാലയത്തിലെ പ്രധാന പ്രവേശന കവാടത്തിലൂടെ മാത്രമെ വിദ്യാര്‍ഥികളെ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളു. എസ്എസ്എല്‍സിക്ക് നാലരലക്ഷം വിദ്യാര്‍ഥികളും, ഹയര്‍സെക്കന്‍ഡറിയില്‍ 9 ലക്ഷവും ഉള്‍പ്പെടെ പതിമൂന്നര ലക്ഷം വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് വരുന്ന ചൊവാഴ്ച മുതല്‍ പരീക്ഷയെഴുതുന്നത്.