ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ്

post

*തത്സമയ നിരീക്ഷണവും പരിചരണവും പിന്തുണയും ഉറപ്പാക്കുന്നു

കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം മലയാളികള്‍ എത്തുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആവിഷ്‌ക്കരിച്ച കോവിഡ് 19 ജാഗ്രത ആപ്പ് ഏറെ ഉപയോഗപ്രദമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ലക്ഷക്കണക്കിന് മലയാളികള്‍ എത്തുന്ന സാഹചര്യത്തില്‍ അവര്‍ക്ക് മികച്ച നിരീക്ഷണവും പരിചരണവും ഉറപ്പാക്കാനാണ് ജാഗ്രത ആപ്പ് വികസിപ്പിച്ചെടുത്തത്. ആരോഗ്യ വകുപ്പും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററും ഐടി മിഷനും സംയുക്തമായാണ് ജാഗ്രത ആപ്പ് തയ്യാറാക്കിയത്. പൊതുജനങ്ങള്‍ക്ക് അടിയന്തിര സേവനങ്ങളും കോവിഡ് 19നുമായി ബന്ധപ്പെട്ട വിവരങ്ങളും ലഭ്യമാക്കുന്നതിനുള്ള വണ്‍ സ്റ്റോപ്പ് പ്ലാറ്റ്‌ഫോം കൂടിയാണിത്. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും തദ്ദേശ സ്വയംഭരണ തലത്തിലും ഇതിനെ ഏകോപിപ്പിക്കാനാകും. പൊതുസേവനത്തിലും ക്ഷേമനടപടികളിലും സുതാര്യതയും ഗുണനിലവാരവും ഉറപ്പാക്കുന്നതായും മന്ത്രി വ്യക്തമാക്കി.

മൊബൈലിലും കമ്പ്യൂട്ടറിലും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് പ്രോഗ്രസീവ് ആപ്ലിക്കേഷനായ കോവിഡ് 19 ജാഗ്രത ആപ്പ്. ഓരോരുത്തര്‍ക്കും ചെയ്യാന്‍ നിശ്ചയിക്കപ്പെട്ടുള്ള സേവനങ്ങള്‍ മാത്രമേ ഈ ആപ്പ് അനുവദിക്കുകയുള്ളൂ. അതേസമയം നിരീക്ഷണത്തിലുള്ള പതിനായിരക്കണക്കിന് ആള്‍ക്കാര്‍ക്ക് കൃത്യമായ സേവനമെത്തിക്കാന്‍ അതത് ഉദ്യോഗസ്ഥരെ സജ്ജമാക്കുകയും ചെയ്യുന്നു. പൊതുജനങ്ങള്‍ക്കായി രജിസ്ട്രേഷന്‍ ഡൊമസ്റ്റിക് റിട്ടേണ്‍ പാസ്, എമര്‍ജന്‍സി/എക്സിറ്റ് ട്രാവല്‍ പാസ്, ട്രാക്ക് ആപ്ലിക്കേഷന്‍, കംപ്ലൈന്റ്, സെല്‍ഫ് ഡിക്ലറേഷന്‍, വോളന്ററി രജിസ്ട്രേഷന്‍ എന്നീ സൗകര്യങ്ങളുണ്ട്. അതത് ജില്ലയിലെ ആരോഗ്യ വിഭാഗത്തിനും ജില്ലാ ഭരണകൂടത്തിനുമാണ് ഇതിന്റെ ചുമതല.

കേരളത്തിന് പുറത്ത് നിന്നും വരുന്ന എല്ലാവരും ജാഗ്രത ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. അവരവരുടെ വ്യക്തി വിവരങ്ങളും ആരോഗ്യ വിവരങ്ങളും അടിയന്തര പ്രശനമുള്ള വിവരങ്ങളെല്ലാം ഇതില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നു. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരാണെങ്കില്‍ അവരുടെ വിവരങ്ങളും ഇതില്‍ ചേര്‍ക്കുന്നു. ചെക്ക്പോസ്റ്റ്, റയില്‍വേ, എയര്‍പോര്‍ട്ട്, സീ പോര്‍ട്ട് എന്നിവയില്‍ കൂടി വരുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ ഇതില്‍ ലഭിക്കുന്നു. ഇവരുടെ ആരോഗ്യ വിവരങ്ങളെല്ലാം തന്നെ ഇതിലൂടെയാണ് രേഖപ്പെടുത്തുന്നത്. ഈ ആപ്പ് വഴി അസുഖമുള്ളവര്‍, പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരെയെല്ലാം വേര്‍തിരിക്കാനുമാകുന്നു.

ജാഗ്രത ആപ്പ് വഴി കേരളത്തില്‍ വന്നിറങ്ങുന്ന ഒരാളിനെ ഹെല്‍ത്ത് ടീം പരിശോധിച്ച് വീട്ടിലേക്കാണോ ആശുപത്രിയിലേക്കാണോ അയക്കേണ്ടത് എന്ന് രേഖപ്പെടുത്തും. ഇതുപ്രകാരം ഇവരെ ആശുപത്രിയിലേക്കോ കോവിഡ് കെയര്‍ സെന്ററിലേക്കോ വീട്ടിലെ നിരീക്ഷണത്തിലേക്കോ അയയ്ക്കുന്നു. ഇവരുടെ അഡ്രസ് പ്രകാരം അതാത് പ്രദേശത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്കും മെഡിക്കല്‍ ഓഫീസര്‍ക്കും നോട്ടിഫിക്കേഷന്‍ എത്തുന്നു. ഈ നിരീക്ഷണത്തിലുള്ളയാളുടെ പരിചരണത്തിനും ചികിത്സയ്ക്കുമായി വാര്‍ഡ് മെമ്പറുടെ മേല്‍നോട്ടത്തില്‍ ജെ.എച്ച്.ഐ., ജെ.പി.എച്ച്.എന്‍., ആശവര്‍ക്കര്‍ എന്നിവരങ്ങടിയ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍.ആര്‍.ടി.) രൂപീകരിക്കുന്നു. ഈ ആര്‍.ആര്‍.ടി. ടീമായിരിക്കും ആ ആളിന്റെ 14 ദിവസത്തെ ക്വാറന്റൈന്‍ ഉറപ്പ് വരുത്തുന്നത്.

രോഗികളെ ആശുപത്രിയിലെത്തിക്കേണ്ട അവസ്ഥ വന്നാല്‍ ഈ ആപ്പ് വഴി മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശം തേടാന്‍ കഴിയുന്നു. ആപ്പിലെ നിര്‍ദേശങ്ങള്‍ പ്രകാരം ആംബുലന്‍സെത്തിച്ച് രോഗിയെ കോവിഡ് ആശുപത്രിയിലെത്തിക്കുന്നു. മാത്രമല്ല രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത് നിരീക്ഷണത്തില്‍ പോകുമ്പോഴും ആപ്പ് സഹായിക്കുന്നു. ലാബ് പരിശോധനകളും ഫലങ്ങളും ഇതില്‍ കാണിക്കും. ചികിത്സാ വിവരങ്ങള്‍ അതത് മെഡിക്കല്‍ ഓഫീസര്‍ക്കും ഡോക്ടര്‍മാര്‍ക്കും മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. ഒരു യാത്രക്കാരന്‍ കേരളത്തില്‍ വന്നിറങ്ങി നിരീക്ഷണം അവസാനിക്കുന്നതുവരെയുള്ള പൂര്‍ണ വിവരങ്ങള്‍ അറിയാനും അവരെ പരിചരിക്കാനും സാധിക്കുന്നതാണ് ജാഗ്രത ആപ്പിന്റെ വിജയം.