കോവിഡ് ആശങ്കകള്‍ക്കിടെ ദുബായില്‍ നിന്ന് 182 പ്രവാസികള്‍ കൂടി തിരിച്ചെത്തി

post

ദുബായില്‍ നിന്ന് 182 യാത്രക്കാരുമായി ഐ.എക്‌സ് - 344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ന് (മെയ് 23) കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. രാത്രി 8.38 നാണ് വിമാനം റണ്‍വേയില്‍ ഇറങ്ങിയത്. എട്ട് ജില്ലകളില്‍ നിന്നായി 180 പേരും രണ്ട് മാഹി സ്വദേശികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള 13 പേര്‍, 10 വയസിനു താഴെ പ്രായമുള്ള 37 കുട്ടികള്‍, 58 ഗര്‍ഭിണികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോവിഡ് ജാഗ്രത ഉറപ്പുവരുത്തി ക്രൈം ബ്രാഞ്ച് എസ്.പി. കെ.വി. സന്തോഷ് കുമാര്‍,  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു തുടങ്ങിയവര്‍ യാത്രക്കാരെ സ്വീകരിച്ചു.  

തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ

മലപ്പുറം - 66, കണ്ണൂര്‍ - ഒമ്പത്, കാസര്‍കോട് - 16, കോഴിക്കോട് - 70, പാലക്കാട് - 13, പത്തനംതിട്ട - ഒന്ന്, വയനാട് - രണ്ട്, തൃശൂര്‍ - മൂന്ന്. ഇവരെക്കൂടാതെ രണ്ട് മാഹി സ്വദേശികളും.

ആരോഗ്യ പ്രശ്നങ്ങളുള്ളത് ഏഴ് പേര്‍ക്ക്

ദുബായില്‍ നിന്നെത്തിയ ഏഴ് പേരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കണ്ണൂര്‍, കോഴിക്കോട് സ്വദേശികളായ രണ്ട് പേര്‍ക്കാണ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുളള രണ്ട് കാസര്‍കോഡ് സ്വദേശികളേയും രണ്ട് കോഴിക്കോട് സ്വദേശികളേയും ഒരു കണ്ണൂര്‍ സ്വദേശിയേയും 108 ആംബുലന്‍സുകളില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

44 പേര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍

43 പേരെ വിവിധ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു. ഒരാളെ സ്വന്തം താത്പര്യപ്രകാരം സ്വകാര്യ കോവിഡ് കെയര്‍ സെന്ററിലും പ്രത്യേക നിരീക്ഷണത്തിലാക്കി.

മലപ്പുറം - 13, കണ്ണൂര്‍ - ഒന്ന്, കാസര്‍കോട് - ആറ്, കോഴിക്കോട് - 20, പാലക്കാട് - രണ്ട്, പത്തനംതിട്ട - ഒന്ന് എന്നിവരെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളിലാക്കി. വയനാട് ജില്ലയിലെ ഒരാളെ സ്വകാര്യ നിരീക്ഷണ കേന്ദ്രത്തിലുമാക്കി.

131 പേര്‍ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തില്‍

പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 131 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കി. മലപ്പുറം ജില്ലയില്‍ നിന്ന് 53 പേര്‍, കണ്ണൂര്‍ - ആറ്, കാസര്‍കോഡ് - എട്ട്, കോഴിക്കോട് - 47, പാലക്കാട് - 11, തൃശൂര്‍ - മൂന്ന്, വയനാട് - ഒന്ന്, രണ്ട് മാഹി സ്വദേശികള്‍ എന്നിവരാണ് ഇത്തരത്തില്‍ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയത്. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം.