അനാമികയ്ക്ക് കമ്മല്‍ പ്രിയപ്പെട്ടത് തന്നെ; പക്ഷെ, ഇനി അത് ദുരിതാശ്വാസ നിധിയിലേക്ക്
മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ വാര്‍ത്താ സമ്മേളനം മുടങ്ങാതെ കാണുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരില്‍ ഒരാള്‍ മാത്രമായിരിക്കും മലപ്പുറം മഞ്ചേരിയിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അനാമിക. പതിവ്‌പോലെ വാര്‍ത്താ സമ്മേളനം കേട്ടിരുന്ന അനാമിക അമ്മയോട് തന്റെ ആഗ്രഹം അറിയിച്ചു. രണ്ട് വര്‍ഷം മുമ്പ് പിറന്നാളിന് തന്റെ അച്ഛന്‍ സമ്മാനിച്ച തനിക്കേറ്റവും പ്രിയപ്പെട്ട സ്വര്‍ണ കമ്മല്‍ ഇനി അണിയുന്നില്ല. പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണം. കുഞ്ഞ് അനാമികയുടെ ആഗ്രഹം കേട്ട അധ്യാപിക കൂടിയായ അമ്മയ്ക്ക് അത് തങ്ങളുടെയും നാടിന്റെയും അത്യാവശ്യമാണെന്ന് മനസ്സിലാക്കാന്‍ അധിക സമയം വേണ്ടി വന്നില്ല.
സ്വര്‍ണ കമ്മലുമായി അനാമിക സഹോദരന്‍ അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥിയായ അഭിനവിനോടൊപ്പം നേരെ ജില്ലാ കലക്ടറുടെ അരികിലെത്തി. അനാമികയുടെ ആഗ്രഹം മനസ്സിലാക്കിയ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് സ്‌നേഹപൂര്‍വ്വം അനാമികയെ അരികിലേക്ക് വിളിച്ചു. തന്റെ പക്കലുള്ള കമ്മല്‍ സ്വീകരിക്കണമെന്നും അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്നെ നല്‍കണമെന്നും അനാമിക കലക്ടറോട് ആവശ്യപ്പെട്ടു. വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ജില്ലാ കലക്ടര്‍ സന്തോഷത്തോടെ അത് ഏറ്റുവാങ്ങി. നന്നായി പഠിക്കണമെന്ന ഉപദേശത്തിന് തലകുലുക്കി സമ്മതമറിയിച്ച് അനാമിക വീട്ടിലേക്ക് മടങ്ങി.
സൗദി അറേബ്യയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായ കെ.ജി സുരേഷ് കുമാറിന്റെയും മംഗലശ്ശേരി സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ അധ്യാപികയായ കെ. പ്രീതയുടെയും മകളാണ് 12 വയസുകാരി അനാമിക. നല്ല നര്‍ത്തകി കൂടിയായ അനാമിക നിരവധി ഹ്രസ്വ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വിരമിച്ച വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, സാധാരണക്കാര്‍ തുടങ്ങിയവരുള്‍പ്പടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് സംഭാവന നല്‍കിയിട്ടുണ്ട്.