നഗരത്തിലെ ഓട്ടോറിക്ഷകളില്‍ ഫൈബര്‍ ഷീല്‍ഡുകള്‍ ഘടിപ്പിക്കല്‍ ആരംഭിച്ചു

post

പത്തനംതിട്ട: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓട്ടോറിക്ഷ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വീണാ ജോര്‍ജ് എം.എല്‍.എയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ പത്തനംതിട്ട നഗരത്തിലെ എല്ലാ ഓട്ടോറിക്ഷകള്‍ക്കുള്ളിലും ഫൈബര്‍ ഷീല്‍ഡുകള്‍ ഘടിപ്പിക്കും.  ഡ്രൈവറുടെ സീറ്റിനും യാത്രക്കാരുടെ സീറ്റിനും ഇടയിലാണു ഷീല്‍ഡ് പിടിപ്പിക്കുന്നത്. 

കോവിഡ്19 വ്യാപനം തടയുന്നതിനു വേണ്ടി ഓട്ടോ ടാക്‌സി വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും ഡ്രൈവര്‍മാരും അനുവര്‍ത്തിക്കേണ്ട നിര്‍ദേശങ്ങള്‍ അടങ്ങിയ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ പോസ്റ്റര്‍  കാണത്തക്ക വിധത്തില്‍ ഷീല്‍ഡില്‍ പതിക്കും. ഇതുവഴി ഡ്രൈവറും യാത്രക്കാരും തമ്മില്‍ ഉണ്ടായേക്കാവുന്ന സമ്പര്‍ക്കം ഒഴിവാക്കാന്‍ സാധിക്കും. കൊച്ചി എയര്‍പോര്‍ട്ട് ടാക്‌സികളില്‍ സമാനമായ രീതിയിലുള്ള ഷീല്‍ഡാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതുശ്രദ്ധയില്‍പ്പെട്ട വീണാ ജോര്‍ജ് എം.എല്‍.എ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കുവേണ്ടി സമാനമായ സുരക്ഷാ ഷീല്‍ഡ് ചിലവ് കുറഞ്ഞ രീതിയില്‍ തയ്യാറാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട്  ആവശ്യപ്പെടുകയായിരുന്നു. എം.എല്‍.എയുടെ ആവശ്യപ്രകാരം ആര്‍.ടി.ഒ യുടെയും മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടറുടെയും നേതൃത്വത്തില്‍ ഏറ്റവും ചിലവ് കുറഞ്ഞ രീതിയിലാണ് ഷീല്‍ഡ് നിര്‍മ്മിച്ചു നല്‍കുന്നത്.  500 രൂപയില്‍ താഴെ മാത്രമായിരിക്കും ഇതിന്റെ ചിലവ്.

പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ അജയകുമാറിന്റെ ഓട്ടോയിലാണ് ആദ്യത്തെ ഷീല്‍ഡും പോസ്റ്ററും മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ വീണാ ജോര്‍ജ് എം.എല്‍.എ ഘടിപ്പിച്ചത്.