ഗര്‍ഭിണികളുടെ ക്ഷേമമന്വേഷിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
കോവിഡ് കാലത്ത് സാന്ത്വനമേകാന്‍ 'കൂടെയുണ്ട് അങ്കണവാടികള്‍'
തിരുവനന്തപുരം: കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് 'കൂടെയുണ്ട് അങ്കണവാടികള്‍' പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കുടുംബങ്ങളിലേക്ക് അങ്കണവാടിയുടെ രണ്ടാം ഘട്ടമായാണ് കൂടെയുണ്ട് അങ്കണവാടികള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. പരിപാടിയുടെ ഭാഗമായി ഗര്‍ഭിണികളുമായി മന്ത്രി സംവദിക്കുകയും ക്ഷേമമന്വേഷിക്കുകയും ചെയ്തു.
കോവിഡ് വ്യാപന സാധ്യതയുള്ളതിനാല്‍ സാമൂഹിക അകലം പാലിക്കാന്‍ മൊബൈല്‍ ഫോണുകള്‍ വഴിയായിരിക്കും സാമൂഹ്യാധിഷ്ഠിത ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഗുണഭോക്താക്കളുടെ സൗകര്യങ്ങള്‍ അനുസരിച്ച് രണ്ട് തരത്തിലാണ് ഈ പ്രവര്‍ത്തനം നടത്തുന്നത്. വാട്സാപ്പ് ഗ്രൂപ്പ് വീഡിയോ കോള്‍ വഴിയോ ഫോണിലെ കോണ്‍ഫറന്‍സ് കോള്‍ വഴിയോ ഇത് നടത്തും. അങ്കണവാടി വര്‍ക്കറും ഏഴ് ഗുണഭോക്താക്കളും അടങ്ങുന്നതായിരിക്കും ഈ ഗ്രൂപ്പ് വീഡിയോ കോള്‍. ഏഴില്‍ കൂടുതല്‍ ഗുണഭോക്താക്കള്‍ ഉണ്ടെങ്കില്‍ ആളുകളുടെ എണ്ണം അനുസരിച്ച് കൂടുതല്‍ ഗ്രൂപ്പ് വീഡിയോ കോളുകള്‍ നടത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ഓരോ മാസവും ഓരോ വിഷയത്തെ അടിസ്ഥാനമാക്കിയാണ് സാമൂഹ്യാധിഷ്ഠിത പരിപാടികള്‍ നടത്തുന്നത്. ഈ മാസത്തെ വിഷയം 'ഗര്‍ഭകാലവും കോറോണയും' ആണ്. ഈ പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയില്‍ ഗര്‍ഭിണികളുടെ ക്ഷേമം അന്വേഷിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തും. ഓരോ വിഷയത്തിലും നടത്തുന്ന ഗ്രൂപ്പ് വീഡിയോ കോളിന്റെ ക്രമവും അവതരണ ശൈലിയും പങ്കുവയ്ക്കേണ്ട സന്ദേശങ്ങളും അനുബന്ധമായി വനിതാ ശിശുവികസന വകുപ്പ് നല്‍കുന്നതായിരിക്കും.
ഗുണഭോക്താക്കള്‍ക്ക് ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ആവശ്യമായ പിന്തുണ നല്‍കുക, പരസ്പര ചര്‍ച്ചകളിലൂടെ ആകുലതകള്‍ പരിഹരിക്കുക, ഗുണഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ചുള്ള പരിജ്ഞാനം ലഭ്യമാക്കുക, പരാമര്‍ശ സേവനങ്ങളെക്കുറിച്ചുള്ള അറിവ് ലഭ്യമാക്കുക, ഗുണപരമായ മാതൃകകള്‍ പങ്കുവയ്ക്കുകയും ശേഖരിക്കുകയും ചെയ്യുക, സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ ഏത് പ്രതികൂല സാഹചര്യങ്ങളിലും അങ്കണവാടികള്‍ ഗുണഭോക്താക്കള്‍ക്കൊപ്പമുണ്ടാകുക, സാധ്യമായ ഇടപെടലുകളിലൂടെ ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്രദമായ സ്വഭാവ പരിവര്‍ത്തനം സൃഷ്ടിക്കുക, അങ്കണവാടി ഗുണഭോക്താക്കളുടെയും പ്രവര്‍ത്തകരുടെയും കൂട്ടായ്മ ശക്തിപ്പെടുത്തുക എന്നിവയാണ് കൂടെയുണ്ട് അങ്കണവാടികളിലൂടെ നടത്തുന്ന സാമൂഹ്യാധിഷ്ഠിത പ്രവര്‍ത്തനത്തിന്റെ പ്രധാനമായ ലക്ഷ്യങ്ങള്‍.
സംസ്ഥാനത്തെ കോവിഡിന്റെ ആരംഭ ഘട്ടത്തില്‍ തന്നെ അങ്കണവാടി ജീവനക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 'കുടുംബങ്ങളിലേക്ക് അങ്കണവാടി' എന്ന പേരില്‍ ഫോണിലൂടെ അറിയിപ്പുകള്, സംശയനിവാരണം, വിവരശേഖരണം, പരാമര്‍ശ സേവനങ്ങള്‍, വയോജനങ്ങളുടെ ക്ഷേമാന്വേഷണവും വിവരശേഖരണവും തുടങ്ങി സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. 44 ലക്ഷത്തോളം വയോജനങ്ങളുടെ വിവര ശേഖരമാണ് നടത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചത്.
സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, അസി. ഡയറക്ടര്‍മാരായ ബിന്ദു ഗോപിനാഥ്, എസ്.എന്‍. ശിവന്യ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.