പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കായുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങള്‍

post

കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് മാറ്റി വച്ച എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ സംസ്ഥാനത്ത് പുനരാരംഭിച്ചു.ഈ സാഹചര്യത്തില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് ചില മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

* പരീക്ഷ എഴുതുന്ന കുട്ടികളുടെ എല്ലാ സുരക്ഷിതത്വവും വിദ്യാഭ്യാസ വകുപ്പ്  ഉറപ്പാക്കിയിട്ടുണ്ട്.

*കുട്ടികളില്‍ അനാവശ്യമായ ആശങ്കയുണ്ടാക്കി അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

*പഠനത്തിലും പരീക്ഷയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍  ഈ ഘട്ടത്തില്‍ അവര്‍ക്ക് വേണ്ടത് ആത്മവിശ്വാസം ആണെന്ന കാര്യം ഓര്‍മിക്കണം.

*കുട്ടികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍  കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം  അവരെ ബോധ്യപ്പെടുത്തണം.

 *നീണ്ട ഇടവേളയ്ക്ക് ശേഷം കൂട്ടുകാരെ നേരില്‍ കാണുന്നതിന്റെ ആഹ്ലാദത്തില്‍ അവരുമായി അടുത്തിടപഴകുന്നത് തല്‍ക്കാലം ഒഴിവാക്കാന്‍  കുട്ടികളോട് പറയുക.

*മാസ്‌ക് ധരിക്കാന്‍ പരിശീലിപ്പിക്കുക. പരീക്ഷ കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തുന്നതുവരെ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം എന്ന് അവര്‍ക്ക് നിര്‍ദ്ദേശം നല്‍കുക.

*അധ്യാപകരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അവരോട് പറയുക.

* പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പ് കുട്ടികളെ സ്‌കൂളില്‍ എത്തിക്കാന്‍ ശ്രദ്ധിക്കണം. *പരീക്ഷ കഴിഞ്ഞാല്‍ ഒരിടത്തും ചുറ്റി തിരിയാതെ അവര്‍ വീട്ടിലെത്തുന്നു എന്ന് ഉറപ്പാക്കണം.

 *കുട്ടികളുടെ കൂടെ ചെല്ലുന്ന രക്ഷിതാക്കള്‍ മറ്റുള്ളവരില്‍ നിന്ന് ശാരീരിക അകലം പാലിക്കാന്‍ ശ്രദ്ധിക്കുക.

* സ്‌കൂളില്‍ കുടിവെള്ളം ലഭ്യമാണെങ്കിലും ഈ പ്രത്യേക സാഹചര്യത്തില്‍ അവര്‍ക്ക് കുടിവെള്ളം കൊടുത്തയക്കുന്നതാണ് ഉചിതം.

 *മറ്റ് കുട്ടികളില്‍ നിന്ന് താല്‍ക്കാലികമായി വാങ്ങി ഉപയോഗിക്കാനുള്ള സാഹചര്യം അല്ലാത്തതിനാല്‍ പരീക്ഷയെഴുതാന്‍ ആവശ്യമായ എല്ലാ സാമഗ്രികളും അവര്‍ കൊണ്ടുപോകുന്നുണ്ട് എന്ന് ഉറപ്പാക്കണം.

*പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടന്‍ സോപ്പ് ഉപയോഗിച്ച് കുളിക്കാന്‍ നിര്‍ദ്ദേശിക്കുക. അതിനു ശേഷം മാത്രം അവരുമായി അടുത്തിടപഴകുക.

*അടിച്ചേല്‍പ്പിക്കുന്ന നിര്‍ബന്ധങ്ങള്‍ ആയല്ല ,സ്വന്തം സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട കാര്യങ്ങളാണ് ഇവയെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം.

*കുട്ടികള്‍ എന്ന നിലയില്‍ സംഭവിച്ചു പോയേക്കാവുന്ന ചെറിയ ചില അശ്രദ്ധയുടെ പേരില്‍ അവരെ ഭയപ്പെടുത്തുകയോ, സ്വയം ഭയപ്പെടുകയോ ചെയ്യാതിരിക്കുക .അത്തരം സമീപനങ്ങള്‍ തുടര്‍ന്നുള്ള പരീക്ഷകളില്‍ കുട്ടികളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കുക.

*അശ്രദ്ധ സംഭവിച്ചിട്ടുണ്ടെങ്കില്‍ വരും ദിവസങ്ങളില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അവരെ പ്രാപ്തരാക്കുക