ട്രെയിനുകൾ എത്തുന്നതിന് തടസമില്ല: മുഖ്യമന്ത്രി

post

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ട്രെയിനുകൾ വരുന്നതിന് തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ യാത്രക്കാരെല്ലാം കേരളത്തിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. എങ്കിൽ മാത്രമേ റെയിൽവേ സ്‌റ്റേഷനിലെ പരിശോധന മുതൽ ക്വാറന്റൈൻ സൗകര്യങ്ങൾ വീട്ടിലുണ്ടോയെന്ന് പരിശോധിക്കുന്നതുൾപ്പെടെ നടത്താനാവൂ. കഴിഞ്ഞ ദിവസം മുംബയിൽ നിന്ന് കേരളത്തിലേക്ക് റെയിൽവേ ട്രെയിൻ അയക്കാൻ തീരുമാനിച്ചത് സംസ്ഥാനത്തെ അറിയിച്ചില്ല. ട്രെയിൻ വരുന്നത് മുൻകൂട്ടി അറിയിക്കണമെന്നും യാത്രക്കാരുടെ വിവരം സംസ്ഥാനത്തിന് കൈമാറണമെന്നും റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ അതിനു ശേഷവും മറ്റൊരു ട്രെയിൻ ഇതേരീതിയിൽ കേരളത്തിലേക്ക് അയക്കാൻ ശ്രമമുണ്ടായി. ഇതേ തുടർന്ന് വിവരം പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.