കോവിഡ്-19 പരിശോധനകൾ ശക്തിപ്പെടുത്താൻ 150 താത്ക്കാലിക തസ്തികകൾ

post

സംസ്ഥാനത്ത് കോവിഡ്-19 പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കോവിഡ്-19 ലബോറട്ടറികളിൽ ആരോഗ്യ വകുപ്പ് എൻ.എച്ച്.എം. മുഖാന്തിരം 150 താത്ക്കാലിക തസ്തികകൾ സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 19 റിസർച്ച് ഓഫീസർ, 65 ലാബ് ടെക്‌നീഷ്യൻ, 29 ലാബ് അസിസ്റ്റന്റ്, 17 ഡാറ്റ എൻട്രി ഓപ്പറേറ്റർ, 20 ക്ലീനിംഗ് സ്റ്റാഫ് എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് 7, തൃശൂർ മെഡിക്കൽ കോളേജ് 14, കോഴിക്കോട് മെഡിക്കൽ കോളേജ് 16, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ് 11, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി 8, തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് 13, കോട്ടയം ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് 14, മലബാർ ക്യാൻസർ സെന്റർ 12, കാസർഗോഡ് സെന്റർ യൂണിവേഴ്‌സിറ്റി 12, എറണാകുളം മെഡിക്കൽ കോളേജ് 10, മഞ്ചേരി മെഡിക്കൽ കോളേജ് 15, കണ്ണൂർ മെഡിക്കൽ കോളേജ് 2, കോട്ടയം മെഡിക്കൽ കോളേജ് 16 എന്നിങ്ങനേയാണ് തസ്തികകൾ സൃഷ്ടിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തുന്നവരുടെ എണ്ണവും കോവിഡ് രോഗികളുടെ എണ്ണവും കൂടിയ സാഹചര്യത്തിലാണ് പരിശോധനകൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചത്.

14 സർക്കാർ ലാബുകളിലും ആറ് സ്വകാര്യ ലാബുകളിലുമുൾപ്പെടെ 20 സ്ഥലങ്ങളിലാണ് കോവിഡ്-19 പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്. മൂന്നു മാസത്തിനുള്ളിലാണ് ഈ 20 ലാബുകൾ പ്രവർത്തനസജ്ജമാക്കാൻ സാധിച്ചത്. 10 റിയൽ ടൈം പിസിആർ മെഷീനുകളും അധികമായി ലഭ്യമാക്കിയിരുന്നു. തുടക്കത്തിൽ 100 പരിശോധനകൾ മാത്രം നടത്താൻ കഴിഞ്ഞ ലാബുകളിൽ പരിശോധനകൾ ഇരട്ടിയിലധികമാക്കാൻ സാധിച്ചു. എല്ലാ സർക്കാർ ലാബുകളിലും കൂടി ദിനം പ്രതി 3000ത്തോളം പരിശോധനകൾ നടത്താൻ കഴിയുന്നതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ അത് 5,000 ത്തോളമായി ഉയർത്താനുമാകും.

കേരളത്തിൽ പരിശോധനകൾ വേഗത്തിലാക്കാനുള്ള വലിയ പ്രയത്‌നമാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. മൂന്ന് മാസത്തിനുള്ളിൽ 55,000ലധികം പരിശോധനകൾ നടത്താൻ കേരളത്തിനായി. സാമ്പിളുകൾ ശേഖരിക്കാനുപയോഗിക്കുന്ന വൈറൽ ട്രാൻസ്‌പോർട്ട് മീഡയത്തിന്(വി.ടി.എം) ഇന്ത്യയൊട്ടാകെ ക്ഷാമം നേരിടുന്നുവെങ്കിലും കേരളത്തിന്റെ സ്ഥിതി ഭദ്രമാണ്. സംസ്ഥാന പബ്ലിക് ലാബ് വി.ടി.എം സ്വന്തമായി നിർമ്മിച്ച് സംസ്ഥാനമൊട്ടാകെ വിതരണം ചെയ്തുവരുന്നുണ്ട്. എല്ലാ ജില്ലകളിലുമായി പരിശോധനകൾ നടത്താനുള്ള 81,000 പി.സി.ആർ. റീയേജന്റും ഒരു ലക്ഷം ആർ.എൻ.എ എക്ട്രാക്ഷൻ കിറ്റും സ്റ്റോക്കുണ്ട്. എങ്കിലും ഐ.സി.എം.ആർ വഴിയും കെ.എം.എസ്.സി.എൽ വഴിയും കൂടുതൽ കിറ്റുകൾ ശേഖരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടുത്തിടെ 6700 ഓളം താത്ക്കാലിക തസ്തികകളാണ് ആരോഗ്യ വകുപ്പിൽ അടുത്തിടെ സൃഷ്ടിച്ചത്. നേരത്തെ 276 ഡോക്ടർമാരെ പി.എസ്.സി. വഴി അടിയന്തരമായി നിയമിച്ചിരുന്നു. കാസർഗോഡ് മെഡിക്കൽ കോളേജ് ആശുപത്രിക്കായി 273 തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. 980 ഡോക്ടർമാരെ മൂന്ന് മാസക്കാലയളവിലും നിയമിച്ചു. അഡ്‌ഹോക്ക് നിയമനവും നടത്തി. ഇതുകൂടാതെയാണ് ലാബുകളിൽ താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നത്. ഇതോടെ സ്ഥിരവും താത്ക്കാലികവുമായ 8379 ലധികം തസ്തികകളാണ് ഈ കാലയളവിൽ സൃഷ്ടിച്ചത്.