കനത്ത സുരക്ഷാ മുൻകരുതലിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കമായി

post

ലോക്ഡൗണിനെത്തുടർന്ന് മാറ്റിവെച്ച എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾ കനത്ത സുരക്ഷാ മുൻകരുതലുകളോടെ നടന്നു. വി.എച്ച.എസ്.ഇ. ഒന്നും രണ്ടും വർഷ പരീക്ഷകൾ രാവിലെ 9.45 നും എസ്.എസ്.എൽ.സി. പരീക്ഷ ഉച്ചയ്ക്ക് 1.45 നുമാണ് നടന്നത്. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചാണ് വിദ്യാർത്ഥികളെ സ്‌കൂളിനകത്തേക്ക് പ്രവേശിപ്പിച്ചത്. ഗേറ്റിനു പുറത്ത് വച്ച് തന്നെ സാനിറ്റൈസർ നൽകുകയും തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധന നടത്തുകയും ചെയ്തു. എല്ലാവർക്കും മാസ്‌ക്ക് വിതരണം ചെയ്തു. സ്‌കൂൾ കവാടത്തിനടുത്ത് പ്രത്യേക ഹെൽപ് ഡെസ്‌ക് സജ്ജീകരിച്ചിരുന്നു. നിർദ്ദേശങ്ങൾ മൈക്കിലൂടെ അനൗൺസ് ചെയ്തു. സുരക്ഷാ മാർഗ നിർദ്ദേശങ്ങളടങ്ങിയ ലഘുലേഖയും കുട്ടികൾക്ക് നൽകി. കുട്ടികൾ കൂട്ടം കൂടി നിൽക്കാനോ ചേർന്നിരിക്കാനോ അനുവദിക്കാതെ ക്ലാസ് റൂമുകളിലേക്ക് പോകാൻ പ്രത്യേകം ശ്രദ്ധിച്ചു. ഹയർസെക്കൻഡറി വിദ്യാർത്ഥികളെയും എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നവരെയും പ്രത്യേകം ഗേറ്റുകളിലൂടെയാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്.  പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളെ മാത്രം സ്‌കൂളിനകത്ത് പ്രവേശിക്കാൻ അനുവദിച്ചു. പരീക്ഷയ്ക്ക് മുൻപ് തന്നെ ക്ലാസ് റൂമും പരിസരവും അണു നശീകരണം നടത്തിയിരുന്നു.പോലീസ്, ആരോഗ്യപ്രവർത്തകർ എന്നിവരുടെ സേവനം മുഴുവൻ സമയവും ഉണ്ടായിരുന്നു. സ്റ്റുഡന്റ് പോലീസ്, എൻ.സി.സി., ജെ.ആർ.സി.എന്നീ വിഭാഗങ്ങളിലെ കുട്ടികളുടെ സേവനവും പരീക്ഷ സമയം മുഴുവൻ സ്‌കൂളിൽ ഉറപ്പു വരുത്തി.  സ്‌കൂൾ ബസിലും രക്ഷാകർത്താക്കൾ നേരിട്ടുമാണ് കുട്ടികളെ സ്‌കൂളിലെത്തിച്ചത്.  ആയിരത്തിലധികം വിദ്യാർത്ഥിനികൾ  പരീക്ഷ എഴുതുന്ന കോട്ടൺഹിൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നഗരസഭ മേയർ കെ.ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ എന്നിവർ സ്‌കൂളിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പു വരുത്തി.