പ്ലസ് വൺ പ്ലസ് ടു പരീക്ഷകൾ ബുധനാഴ്ച (മെയ് 27) മുതൽ
കോവിഡ് 19 പശ്ചാത്തലത്തിൽ നീട്ടിവെച്ച പ്ലസ് വൺ- പ്ലസ് ടു പരീക്ഷകൾ ബുധനാഴ്ച (മെയ് 27) പുനരാംഭിക്കും. പരീക്ഷകൾ രാവിലെ 10 മുതലാണ് പരീക്ഷകൾ ആരംഭിക്കുന്നത്. വിദ്യാർത്ഥികൾ 9.30ന് തന്നെ ക്ലാസ് മുറികളിൽ ഹാജരാകണം. ആദ്യ ദിനമായ ബുധനാഴ്ച പ്ലസ് വൺ വിഭാഗത്തിൽ മ്യൂസിക്, അക്കൗണ്ടൻസി, ജോഗ്രഫി, സോഷ്യൽ വർക്ക്, സംസ്‌കൃത സാഹിത്യം എന്നിങ്ങനെയും പ്ലസ്ടു വിഭാഗത്തിൽ ബയോളജി, ജിയോളജി, സംസ്‌കൃതസാഹിത്യം, ഇലക്ട്രോണിക്‌സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്‌സ്, പാർട്ട് മൂന്ന് ലാംഗ്വേജസ് എന്നീ വിഷയങ്ങളിലുമായാണ് നടക്കുക. 28ന് ബിസിനസ് സ്റ്റഡീസ് അടക്കം നാല് പരീക്ഷകളും, 29ന് ഹിസ്റ്ററി അടക്കം അഞ്ച് പരീക്ഷകളും, 30ന് കണക്ക് അടക്കം മൂന്ന് പരീക്ഷകളുമാണ് നടക്കുക.
വിദ്യാർത്ഥികളെ മാസ്‌ക് ധരിച്ചല്ലാതെ സ്‌കൂളിലേക്ക് പ്രവേശിപ്പിക്കില്ല. മാസ്‌ക് ഇല്ലാത്തവർക്ക് സ്‌കൂളിലേക്കുള്ള പ്രവേശന കവാടത്തിൽ വെച്ച് മാസ്‌ക് നൽകും. ആകെ ഒരു പ്രവേശന കവാടമായിരിക്കും ഉണ്ടാവുക. ശരീരോഷ്മാവ് പരിശോധിച്ചശേഷമാണ് കുട്ടികളെ ഹാളിലേക്ക് കയറ്റുക. ഇതിന് പരീക്ഷാച്ചുമതലയുള്ളവരെ കൂടാതെ അധികം അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്. സ്‌കാൻ ചെയ്ത് അകത്തുകയറിയ വിദ്യാർത്ഥികളെ നല്ലവണ്ണം സോപ്പുപയോഗിച്ച് കൈകൾ കഴുകിച്ചതിനു ശേഷമായിരിക്കും ക്ലാസ്സിലേക്ക് കയറ്റുക. ക്ലാസ്സ് റൂമിലേക്ക് പ്രവേശിക്കുന്ന ഇൻവിജിലേറ്ററിന്റെ കൈയിലും സാനിറ്റൈസർ ഉണ്ടാകും. അതുപയോഗിച്ച് ഒന്നുകൂടി അണുവിമുക്തമാക്കിയ ശേഷമായിരിക്കും പരീക്ഷ ആരംഭിക്കുക. ആരോഗ്യപ്രവർത്തകരുടെ കീഴിൽ പ്രത്യേകം പരിശീലനം സിദ്ധിച്ച രണ്ട് അദ്ധ്യാപകരെ വീതം ആരോഗ്യ ക്രമീകരണങ്ങൾക്കായി നിയമിച്ചിട്ടുണ്ട്. അധ്യാപകർക്കും ജീവനക്കാർക്കും കൈയുറയും മാസ്‌ക്കും ധരിക്കണം. കുട്ടികൾ ഹാജർ ഷീറ്റിൽ ഒപ്പിടേണ്ടതിന് പകരം അധ്യാപകർ കുട്ടികളുടെ ഹാജർ അവരുടെ ഷീറ്റിൽ രേഖപ്പെടുത്തും. വിദ്യാർഥികൾ തമ്മിൽ പഠനോപകരണ സാമഗ്രികൾ കൈമാറാൻ അനുവദിക്കില്ല. 20 പേർ ഒരു ബെഞ്ചിൽ എന്ന നിലയിലാണ് ക്രമീകരണം. പരീക്ഷാഹാളിൽ കുടിവെള്ളം സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷാമാനദണ്ഡങ്ങളുടെ ഭാഗമായി ഓരോ വിദ്യാലയങ്ങളിലും അതത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒരാൾ വീതവും പോലീസ് ക്യാമ്പിൽ നിന്ന് ഒരാൾ വീതവും കൂടാതെ രണ്ട് ആശാ വർക്കർമാരെയും നിയമിച്ചിട്ടുണ്ട്. പൊതുഗതാഗത്തിന് പരിമിതികളുള്ളതിനാൽ സ്‌കൂൾബസുകളും മറ്റു സംവിധാനങ്ങളും സ്‌കൂൾ അധികൃതരുടെ ആവശ്യപ്രകാരം അനുവദിച്ചിട്ടുണ്ട്. എസ്എസ്എൽസി പരീക്ഷ മെയ് 26ന് ആരംഭിച്ചതിനാൽ കെ എസ് ആർ ടി സി കളും ജില്ലകളിൽ കൂടുതലായി സർവീസ് നടത്തുന്നുണ്ട്.